വിലക്ക് നീക്കി; അഗസ്ത്യാര്‍കൂടത്തില്‍ ഇനി സ്ത്രീകള്‍ക്കും കയറാം
ബോബന്‍സുനില്‍
കാട്ടാക്കട: യുനെസ്‌കോയുടെ സംരക്ഷിത ജൈവമണ്ഡലപദവി ലഭിച്ച ജൈവ മഴക്കാടുകളായ അഗസ്ത്യാര്‍കൂടത്തില്‍ ഇനി സ്ത്രീകള്‍ക്കും കയറാം. വനം വകുപ്പിന്റെ നിയന്ത്രണത്തിന് ഹൈക്കോടതി താഴിട്ട് പൂട്ടി. ശബരിമല കയറുന്നത് പോലെ അഗസ്ത്യാര്‍കൂടത്തില്‍ കയറുന്നതിനും ലിംഗവിവേചനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടതേടെ വരുന്ന സീസണില്‍ ഇവര്‍ക്ക് മല കയറാം. അഗസ്ത്യകൂടത്തില്‍ സ്ത്രീകള്‍ക്കും സഞ്ചാരത്തിന് അനുമതി നല്‍കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. സഞ്ചാരത്തിന് സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗനിര്‍ദേശം അതേപടി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യത്യസ്തമായ രണ്ടു ഹരജികള്‍ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. സ്ത്രീകളെ അനുവദിക്കരുതെന്നായിരുന്നു ആദിവാസികളായ കാണിക്കാരുടെ ആവശ്യം. സഞ്ചാരം അനുവദിക്കണമെന്നായിരുന്നു വിവിധ വനിതാ സംഘടനകളുടെ ഹരജി. അഗസ്ത്യമുനി തപസ് ചെയ്ത ഇടമായി കരുതുന്ന സ്ഥലമാണ് ഇത്. ജനുവരി 14 മുതല്‍ മാര്‍ച്ച് വരെയാണ് അഗസ്ത്യമല സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. സ്ത്രീകള്‍ക്കും 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പോകാനാവില്ലെന്നായിരുന്നു വനംവകുപ്പ് ഉത്തരവ് . സഞ്ചാരം അനുവദിച്ചിരിക്കുന്ന അഗസ്ത്യകൂടത്തില്‍ ലിംഗ വിവേചനം പാടില്ലെന്ന നിരീക്ഷണത്തോടെ ജസ്റ്റിസ് അനു ശിവരാമനാണ് വിലക്ക് നീക്കിയത്. കാണിക്കാരുടെ ആചാരമനുസരിച്ച് ബോണക്കാട്ട് നിന്നും 18 കിലോ മീറ്റര്‍ അകലെ അതിരുമല മാത്രമേ സ്ത്രീകളെ കടത്തി വിട്ടിരുന്നുള്ളൂ. അതിരുമലയില്‍ നിന്നും 6 കിലോമീറ്റര്‍ കയറിയാലാണ് അഗസ്ത്യമുടിയില്‍ എത്തുക. നേരത്തെ വനംവകുപ്പായിരുന്നു അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയിരുന്നത്. അപകടസാധ്യത മുന്നില്‍ കണ്ടാണ് സ്ത്രീകളെ ഒഴിവാക്കുന്നതെന്നായിരുന്നു ഉയര്‍ന്നിരുന്ന വാദങ്ങള്‍. കേരളത്തിലെ ഇടുക്കി ജില്ലയിലെ ആനമുടി കഴിഞ്ഞാല്‍ ഏറ്റവും ഉയരമുള്ള മലയാണ് അഗസ്ത്യമല. സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു ഈ മലനിരകള്‍. കടുവ സങ്കേതമായ കളക്കാട് വന്യജീവി സങ്കേതവും ഇവിടെയാണ്. ലോക പൈതൃക പട്ടികയിലേക്കും അഗസ്ത്യാര്‍കൂടത്തെ പരിഗണിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനജില്ലയിലെ കരമനയാറും നെയ്യാറും ഉള്‍പ്പടെ വന്‍ നദികളുടേയും അസംഖ്യം ചെറു നദികളുടേയും ജന്മയിടമാണ് അഗസ്ത്യമല. നിരവധി ഔഷധസസ്യങ്ങളും അപൂര്‍വ സസ്യയിനങ്ങളും ഉള്‍പ്പടെ ജന്തു- സസ്യജാലങ്ങളുടെ കേന്ദ്രമാണ് ഇവിടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."