വാറ്റുചാരായ വില്പനയ്ക്കിടെ യുവമോര്‍ച്ചാ നേതാവും ബന്ധുവും എക്സൈസ് പിടിയില്‍
കഴക്കൂട്ടം: വ്യാജവാറ്റുചാരായം വില്പന നടത്തിയ രണ്ട് പേര് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായി . യുവമോര്‍ച്ച ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി അഴൂര്‍ ഉദിയറ ബംഗ്ലാവ് വീട്ടില്‍ സന്തോഷ് (35), സന്തോഷിനൊപ്പം ഉണ്ടായിരുന്ന ബന്ധുവായ പെരുങ്കുഴി വയല്‍ തിട്ട വീട്ടില്‍ വിഘ്നേശ്വരന് (51) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. അവധി ദിവസങ്ങള്‍ കേന്ദ്രീകരിച്ച് ചിറയിന്‍കീഴ് മുരുക്കുംപുഴ പ്രദേശങ്ങളില്‍ വ്യാജമദ്യവും വാറ്റുചാരായവും വ്യാപകമായി വില്പന നടക്കുന്നതായി വിവരം ലഭിച്ച എക്സൈസ് സംഘം ഇത്തരം വില്പനക്കാരെ നിരീക്ഷിച്ചു വരികയായിരുന്നു.
ഇന്ന് രാവിലെ പെരുങ്ങുഴിയില്‍ വാഹന പരിശോധനക്കിടെയാണ് സ്കൂട്ടറിലെത്തിയ ഇവര്‍ എക്സൈസ് സംഘത്തെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ഇവരുടെ വാഹനത്തില്‍ നിന്ന് അഞ്ചു ലിറ്റര്‍ വാറ്റുചാരായവും വില്പന നടത്തി കിട്ടിയ 8000 രൂപയും കണ്ടെടുത്തു. ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. സന്തോഷിന്റെ അമ്മാവനായ വിഘ്നേശ്വരന് നിരവധി അബ്കാരി കേസുകളിലും എക്സൈസ് സംഘത്തെ വെട്ടി പരുക്കേല്‍പ്പിച്ച കേസിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ഗള്‍ഫിലായിരുന്ന സന്തോഷ് നാട്ടിലെത്തി രാഷ്ട്രീയ പ്രവര്‍ത്തനം മറയാക്കി വ്യാജചാരായം വില്പന നടത്തി വരുന്നതായി എക്സൈസ് പറഞ്ഞു. കഴക്കൂട്ടം എക്സൈസ് ഇന്‍സ്പെക്ടര്‍ എ. പ്രതീപ് റാവുവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി ആര് മുകേഷ് കുമാര്‍ , പ്രിവന്റീവ് ഓഫിസര്‍മാരായ ഹരികുമാര്‍ , തോമസ് സേവ്യര്‍ ഗോമസ് , സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷംനാദ്, രാജേഷ് , സുബിന്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ റജീന എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."