കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ പിടിയില്‍
ചാലക്കുടി: കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ പിടിയില്‍. എറണാകുളം കാലടി ഈസ്റ്റ് ഒക്കല്‍ ചേലാമറ്റം ബദരിയ മസ്ജിദിനു സമീപം പാറാട്ട് വീട്ടില്‍ സലിക്കാക്ക എന്നറിയപ്പെടുന്ന ജാഫറിനെ (38)യാണ് ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നിര്‍ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ ക്രൈം സ്‌ക്വാഡ് എസ്.ഐ വി.എസ് വത്സകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ സജീവമായിരുന്ന ക്വട്ടേഷന്‍ സംഘമായ കാലടി സ്വദേശി പോട്ടിമാര്‍ട്ടിന്‍ എന്നറിയപ്പെട്ടിരുന്ന മാര്‍ട്ടിന്റെ സംഘത്തിലെ പ്രധാനിയായിരുന്നു ക്വട്ടേഷന്‍കാരുടെ ഇടയില്‍ 'സലിക്കാക്ക' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ജാഫര്‍. ബോംബേറിലെ വൈദഗ്ധ്യമാണ് ജാഫറിനെ ക്വട്ടേഷന്‍ മേഖലയില്‍ കുപ്രസിദ്ധനാക്കിയത്. ലഹരി ഉപയോഗിച്ചു കഴിഞ്ഞാണ് ഇവര്‍ ആളുകളെ ആക്രമിക്കാന്‍ പുറപ്പെടുന്നത് എന്നതിനാല്‍ അതിക്രൂരമായിട്ടായിരുന്നു ക്വട്ടേഷന്‍ പൂര്‍ത്തിയാക്കിയിരുന്നത്. 2003 നവംബറില്‍ ചാലക്കുടി പേരാമ്പ്ര വില്ലേജ് വി.ആര്‍ പുരം അസീസി നഗര്‍ സ്വദേശിയെ ഇയാളുടെ വ്യാപാര എതിരാളികളുടെ ക്വട്ടേഷന്‍ പ്രകാരം ജാഫറിന്റെ നേതൃത്വത്തിലെത്തിയ ഇരുപതംഗ സംഘം വടിവാളുകളും ഇടിക്കട്ടകളും മറ്റുമായി ആക്രമിച്ച് മൃതപ്രായനാക്കി ഏഴരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയും 15000 രൂപയോളം വിലവരുന്ന വിദേശ നിര്‍മിത റിസ്റ്റ് വാച്ചും കവര്‍ച്ച ചെയ്ത കേസിലാണ് ജാഫറിനെ അറസ്റ്റ് ചെയ്തത്. 2004ല്‍ ജനുവരി ആദ്യവാരം ആലുവക്കടുത്ത് കീഴ്മാട് സ്വദേശി സജീറിനെ റബര്‍ തോട്ടത്തില്‍ പതിയിരുന്ന് ബോംബെറിഞ്ഞു വീഴ്ത്തി വടി വാളുകൊണ്ട് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും കാലടിയിലെ പ്രമുഖ വ്യവസായിയെ ക്വട്ടേഷനേറ്റെടുത്ത് സമാനരീതിയില്‍ കാറില്‍ സഞ്ചരിക്കവേ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും നേതൃത്വം നവല്‍കിയത് ജാഫര്‍ ആയിരുന്നു. കൂടാതെ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ബോംബെറിഞ്ഞും വടിവാള്‍, ഇടിക്കട്ട, ജാക്കി ലിവര്‍, സൈക്കിള്‍ ചെയിന്‍ മുതലായവ ഉപയോഗിച്ചും ആളുകളെ ആക്രമിച്ചതും കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള അഞ്ചോളം കേസുകളില്‍ പ്രതിയാണ്.
കാലടി, അങ്കമാലി, കൊടകര തുടങ്ങിയ സ്റ്റേഷനുകളില്‍ ഹൈവേ കേന്ദ്രീകരിച്ച് മാരകായുധങ്ങളുപയോഗിച്ച് പണവും മറ്റും തട്ടിയെടുത്ത കേസുകളിലും പ്രതിയാണ് ജാഫര്‍. ചാലക്കുടിയിലെ കേസില്‍ ജാമ്യമെടുത്ത ശേഷം അയല്‍ സംസ്ഥാനത്തേക്ക് മുങ്ങിയ ഇവരുടെ സംഘത്തിലെ ജാഫറൊഴികെയുള്ള സംഘാഗങ്ങളെയെല്ലാം പലപ്പോഴായി പിടികൂടിയിരുന്നെങ്കിലും ജാഫര്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജാഫറിനെപ്പറ്റി അന്വേഷിക്കുന്നതിനും പിടികൂടുന്നതിനും എ.എസ്.ഐ ജിനുമോന്‍ തച്ചേത്ത്, സീനിയര്‍ സി.പി.ഒ മാരായ സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, മനോജ് ടി.ജി., സിവില്‍ പോലിസ് ഓഫിസര്‍മാരായ വി.യു സില്‍ജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരുമുണ്ടായിരുന്നു. ഇരിങ്ങാലക്കുട സെഷന്‍സ് കോടതി മുന്‍പാകെ ഹാജരാക്കിയ ജാഫറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."