ബിഷപ്പിനെതിരായി സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് നീതികിട്ടുമെന്ന് കരുതുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍
'ജോര്‍ജിനെതിരേയും ശശിക്കെതിരേയും നടപടിയുമായി മുന്നോട്ടുപോകും'
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സഭ ഇപ്പോഴും ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കുകയാണ്. സഭകളില്‍ കന്യാസ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാരസമിതികള്‍ രൂപീകരിക്കണം.
എല്ലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും ആഭ്യന്തരപരാതി പരിഹാരസമിതികള്‍ രൂപീകരിക്കണം. പരാതിക്കാരിയായ കന്യാസ്ത്രീയെ അവഹേളിച്ച പി.സി ജോര്‍ജ് എം.എല്‍.എ ഇതുവരെ കമ്മീഷനു മുന്നില്‍ ഹാജരായില്ല. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാകമ്മീഷന്‍ കേരള നിയമസഭാ സ്പീക്കര്‍ക്ക് കത്തയച്ചിട്ടുണ്ട്. എം.എല്‍.എ, എം.പി പദവികളേക്കാള്‍ മുകളിലാണ് കമ്മീഷന്‍. അറസ്റ്റിന് ഉത്തരവിടാനും കമ്മീഷന് അധികാരമുണ്ട്. ജോര്‍ജ് ഇനിയും കമ്മീഷന്‍ മുമ്പാകെ ഹാജരായില്ലെങ്കില്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ പറഞ്ഞു. പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെയും നടപടിയുമായി മുന്നോട്ട് പോകും. പരാതിക്കാരി പൊലിസിന് പരാതി നല്‍കുകയാണ് വേണ്ടത്. പാര്‍ട്ടി നടപടിയില്‍ കാര്യമില്ല. കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ഡി.ജി.പിയില്‍ നിന്നും വിശദീകരണം തേടുകയും ചെയ്‌തെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും രേഖ ശര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."