ഹര്‍ത്താലിനിടെ നീലേശ്വരത്ത് സംഘര്‍ഷം; പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു:നാലുപേര്‍ക്ക് പരുക്ക്
നീലേശ്വരം: ഹര്‍ത്താലിനിടെ നീലേശ്വരത്തു ബി.ജെ.പി-സി.പി.എം സംഘര്‍ഷം. ഇതേ തുടര്‍ന്നു പൊലിസ് ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിലുംപെട്ട നാലു പേര്‍ക്കു പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായി. കൊടിയും കൊടിമരങ്ങളും നശിപ്പിച്ചതായും പരാതിയുണ്ട്. ഹര്‍ത്താല്‍ അനുകൂലികള്‍ ഇന്നലെ രാവിലെ നീലേശ്വരത്തു നടത്തിയ പ്രകടനവും പ്രതിഷേധ യോഗവും പിരിഞ്ഞതിനു ശേഷമാണു പ്രശ്‌നങ്ങളുടെ തുടക്കം.
യോഗം പിരിഞ്ഞ ശേഷം ഇവരില്‍ ഒരു വിഭാഗം സംഘടിച്ചു വാഹനങ്ങള്‍ തടയാന്‍ തുടങ്ങി. ഇതിനിടെ ഇതുവഴി ബൈക്കില്‍ സഞ്ചരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും ബീഡി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്റെ ഡ്രൈവറുമായ ആനച്ചാലിലെ ടി.വി ശ്യാംകുമാറിനെ (28)യും ആനച്ചാല്‍ യൂനിറ്റംഗം കെ. സാജനെയും (23) ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു നിര്‍ത്തി താക്കീതു ചെയ്തു. ഇതു വാക്കേറ്റത്തിലെത്തുകയും ഇരുവര്‍ക്കും മര്‍ദനമേല്‍ക്കുകയും ചെയ്തു.
വിവരമറിഞ്ഞതോടെ ആനച്ചാല്‍, ഉച്ചൂളിക്കുതിര്, കോട്ടപ്പുറം ഭാഗങ്ങളില്‍ നിന്നു സംഘടിച്ചെത്തിയ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകരും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. എന്നാല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത തിരക്കഥയനുസരിച്ചാണു സി.പി.എം അക്രമം അഴിച്ചുവിട്ടതെന്നും പലതവണ ഇതുവഴി ബൈക്കോടിച്ചതിനാലാണു ശ്യാമിനെ തടഞ്ഞതെന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തി. വിവിധ ഭാഗങ്ങളിലെ സി.പി.എം പ്രവര്‍ത്തകര്‍ നിമിഷനേരം കൊണ്ടു സ്ഥലത്തെത്തിയതും സംശയം ഉയര്‍ത്തുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. സി.പി.എം ഇക്കാര്യങ്ങള്‍ നിഷേധിച്ചു. അസുഖബാധിതനായ ശ്യാംകുമാറിനേയും കയറ്റി വണ്ടിയോടിച്ചു വരുകയായിരുന്നു സാജനെന്നും മാര്‍ക്കറ്റില്‍ വച്ച് ഇരുവരെയും ബി.ജെ.പി പ്രവര്‍ത്തകരായ ചാത്തമത്തെ ടി.ടി സാഗര്‍, കരുവാച്ചേരിയിലെ രാജേഷ്, മന്ദംപുറത്തെ സന്തോഷ്, പാലക്കാട്ടെ ടി. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നുമാണ് അവര്‍ ആരോപിക്കുന്നത്. ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം ടി. രാധാകൃഷ്ണന്‍, മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സന്തോഷ് മന്ദംപുറം എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ശ്യാമും സാജനും നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും ബി.ജെ.പി പ്രവര്‍ത്തകര്‍ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും ചികിത്സയിലാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് ലാത്തി വീശി. എന്നിട്ടും സംഘര്‍ഷത്തിന് അയവില്ലെന്നു കണ്ടപ്പോഴാണു ടിയര്‍ ഗ്യാസും തുടര്‍ന്നു ഗ്രനേഡും പ്രയോഗിച്ചത്.
രണ്ടു ഭാഗങ്ങളിലായി സംഘടിച്ചു നിന്ന പ്രവര്‍ത്തകര്‍ വീണ്ടും പ്രകോപനം ഉയര്‍ത്തിയതോടെ സായുധ പൊലിസ് ഉള്‍പ്പെടെ കൂടുതല്‍ സേന സ്ഥലത്തെത്തി. പൊലിസ് നിലപാടു കടുപ്പിച്ചതോടെ ഇരുവിഭാഗവും പിരിഞ്ഞു പോയി. പ്രകടനമായി തെരു റോഡിലേക്കു കയറിയ ഒരു സംഘം ഈ ഭാഗങ്ങളിലെ ബി.ജെ.പി കൊടിമരങ്ങള്‍ പിഴുതു കൊണ്ടുപോകുകയും പതാകകള്‍ നശിപ്പിക്കുകയും ചെയ്തു. മേല്‍പാലത്തില്‍ കയറി സമീപത്തെ മാട്ടുമ്മല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെയും കല്ലേറുണ്ടായി.
ഇതിനിടെ തൊട്ടടുത്തു പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ ആര്‍ടിസ്റ്റ് മോഹനചന്ദ്രന്‍ നമ്പ്യാരുടെ ആര്‍ട് സ്റ്റുഡിയോയുടെ ജനല്‍ച്ചില്ലുകളും കല്ലേറില്‍ തകര്‍ന്നു.
അക്രമം വ്യാപിക്കുമെന്നു കണ്ടതോടെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സ്ഥലത്തെത്തി. പൊലിസ് നടപടി കര്‍ശനമാക്കിയതോടെയാണു മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം അയഞ്ഞത്. ഇതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തിനൊരുങ്ങുന്നുവെന്ന ആഭ്യൂഹം പരന്നതും ആശങ്കയുയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."