വ്യവസായ സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റം ഉടൻ അനുവദിക്കും
റിയാദ്: സഊദിയിൽ സ്‌പോൺസർഷിപ്പ് മാറ്റം നിർത്തിവെച്ച വ്യവസായ സ്ഥാപനങ്ങളിലേക്ക് വീണ്ടും സ്‌പോൺസർഷിപ്പ് മാറ്റം അനുവദിക്കുമെന്ന് സഊദി തൊഴിൽ സാമൂഹിക മന്ത്രാലയം. മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉടൻ തന്നെ നേരത്തെ നിർത്തിവെച്ച സ്‌പോൺസർഷിപ്പ് മാറ്റം അനുവദിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വ്യവസായ ശാലകളിലെ തൊഴിലാളികൾക്ക് ലെവിയിളവ് പ്രഖ്യാപിച്ചതോടെ ഈ മേഖലയിലേക്ക് ധാരാളമായി സ്‌പോൺസർഷിപ്പ് മാറ്റം നടക്കുന്നതിനിടെയാണ് ഇത് നിർത്തിവെച്ചിരുന്നത്. ലെവി ഇല്ലെന്നതിനാൽ ധാരാളം പേരാണ് ഈ മേഖലയിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റത്തിനായി ഒരുങ്ങിയിരുന്നത്. ഇതിനിടെയാണ് ഇത് നിർത്തിവെച്ചുള്ള മന്ത്രാലയ നീക്കമുണ്ടായത്.
വ്യവസായ മേഖലയിൽ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള അടിയന്തര പോംവഴികൾ ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നവംബർ ഒന്ന് മുതൽ അഞ്ചു വർഷത്തേക്ക് ലെവി ഇളവ് അനുവദിക്കാൻ ഉന്നതാധികൃതർ തീരുമാനിച്ചത്. ഇതോടെയാണ് വിദേശികൾ ഈ മേഖലയിലേക്ക് തൊഴിൽ മാറ്റം പ്രതീക്ഷിച്ചു കഴിഞിരുന്നത്.
അതേസമയം, കാർഷിക, മത്സ്യബന്ധന, കാലിവളർത്തൽ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കു കീഴിലെ സ്ഥാപനങ്ങൾക്ക് കൂടുതൽ വിസകൾ അനുവദിക്കാൻ തുടങ്ങിയതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇപ്പോൾ പരമാവധി ആറു തൊഴിലാളികളെ വരെ ജോലിക്കു വെക്കുന്നതിന് ആവശ്യമായ വിസകൾ അനുവദിക്കുന്നുണ്ട്. ഇതുവരെ പരമാവധി നാലു തൊഴിലാളികളെ ജോലിക്കു വെക്കുന്നതിന് ആവശ്യമായ വിസകളാണ് ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."