13 വര്‍ഷം: ലോകത്തിലെ ആദ്യ എച്ച്.ഐ.വി ദമ്പതികള്‍ക്ക് ഇപ്പോഴും കൂട്ട് ദുരിതം മാത്രം
വി.എം ഷണ്‍മുഖദാസ്
പാലക്കാട്: ലോകത്തെ ആദ്യ എച്ച്.ഐ.വി ദമ്പതികളുടെ വിവാഹം പതിമൂന്നു വര്‍ഷം മുന്‍പാണ് ലോകം കൗതുകത്തോടെ നോക്കിക്കണ്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷവും അശോകനും അജിതയും അനുഭവിക്കുന്ന ദുരിതത്തിലേക്ക് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. പുതുശ്ശേരി കഞ്ചിക്കോട് ഓട്ടോ ഡ്രൈവറായ അശോകനും (44) പല്ലശ്ശേന സ്വദേശിയായ ഭാര്യ അജിതയും(34) 2005 ഡിസംബര്‍ ഒന്നിനായിരുന്നു വിവാഹിതരായത്. അന്ന് വിവാഹത്തിന് നേതൃത്വം നല്‍കിയത് മുതലമട സ്‌നേഹം ട്രസ്റ്റാണ്. ബി.ബി.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുതലമടയിലെത്തി സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഇവരുടെ വിവാഹം ലോകശ്രദ്ധ നേടുകയും ചെയ്തു. വിവാഹ ശേഷം ഇവര്‍ക്ക് ജീവിക്കാന്‍ വീടുള്‍പ്പെടെയുള്ള സഹായങ്ങള്‍ പലരും വാഗ്ദാനം ചെയ്‌തെങ്കിലും ഇതുവരെ ഇവര്‍ക്ക് ഒന്നുംലഭിച്ചിട്ടില്ല. ഇപ്പോള്‍ അശോകന്‍ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനംകൊണ്ട് മാത്രമാണ് ഇവര്‍ ജീവിക്കുന്നത്. അതും പല ദിവസങ്ങളില്‍ മാത്രം. നേരത്തെ ട്രസ്റ്റ് മാസംതോറും ഒരു തുക സഹായമായി നല്‍കിയിരുന്നതും നിര്‍ത്തി. 17 വര്‍ഷം മുന്‍പാണ് അശോകന് എയ്ഡ്‌സ് പിടിപെട്ടത്. ഇത് അശോകന്‍ അറിഞ്ഞിരുന്നില്ല. അശോകന്‍ ചെറുപ്പത്തില്‍ ഗോവയിലേക്ക് പോയിരുന്നു. 10 വര്‍ഷത്തോളം ഗോവയില്‍ ബേക്കറികളിലും സിമെന്റ് കമ്പനികളിലും ജോലി ചെയ്തു. ഒരു വര്‍ഷത്തോളം മുംബൈയിലും. തിരിച്ചെത്തിയ ശേഷം കഞ്ചിക്കോട് ജോലിക്കിടയില്‍ അശോകന്‍ ക്രെയിന്‍ നന്നാക്കുമ്പോള്‍ ഇടതു കൈയില്‍ നിന്ന് മൂന്നു വിരലുകള്‍ അറ്റുപോയിരുന്നു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കാണ് ചികിത്സക്കായി പോയത്. അവിടെനിന്ന് രക്തം പരിശോധിച്ചപ്പോഴാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. അന്ന് ആശുപത്രി അധികൃതര്‍ ഇയാളെ ചികിത്സിക്കാന്‍ തയാറായിരുന്നില്ല.പിന്നീട് മറ്റു സ്ഥലങ്ങളില്‍നിന്ന് ചെറിയ ചികിത്സകള്‍ ലഭിച്ചു. പിന്നീട് തൃശൂര്‍ മുളങ്കുന്നത്ത്കാവ് മാര്‍ കുണ്ടുകുളത്തിന്റെ ക്യാംപില്‍ ആറുമാസത്തോളം താമസിച്ചിരുന്നു. ഇവിടത്തെ ഡയരക്ടര്‍ വര്‍ഗീസിന്റെ ഉപദേശങ്ങളാണ് ഒരു പുതിയ ജീവിതത്തിലേക്ക് അശോകനെ നയിച്ചത്. തുടര്‍ന്ന് എച്ച്.ഐ.വി ബാധിതരുടെ കൂട്ടായ്മ രൂപീകരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എച്ച്.ഐ.വിക്ക് മരുന്നു വാങ്ങാന്‍ വന്നിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഈ കൂട്ടായ്മ ഉണ്ടാക്കിയത്. നാലുമാസം കൊണ്ടുതന്നെ അന്‍പതിലധികം പേരായി. ഈ ക്യാംപില്‍ വച്ചാണ് എച്ച്.ഐ.വി ബാധിതയായ അജിതയെകുറിച്ചറിഞ്ഞത്. അന്ന് 21 കാരിയായ അജിത ഭര്‍ത്താവിന്റെ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കകമാണ് ലോറി ഡ്രൈവറായ ഭര്‍ത്താവിന് എയ്ഡ്‌സ് ആണെന്ന് അജിത തിരിച്ചറിഞ്ഞത്. അപ്പോഴേക്കും അജിതയും രോഗത്തിനടിമപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷമാണ് ഇവര്‍ പരിചിതരായി വിവാഹം കഴിക്കുന്നത്. വിവാഹ സമയത്ത് വീടും ജോലിയും മറ്റു വാഗ്ദാനങ്ങളൊക്കെ സ്വാമിയുടെ ആശ്രമത്തില്‍ നിന്നുണ്ടായെങ്കിലും ഒന്നും ചെയ്തില്ല. പിന്നീട് ആശ്രമം തങ്ങളെ വച്ച് മുതലെടുപ്പ് നടത്തുന്നു എന്ന് തോന്നിയപ്പോള്‍ അവരുമായുള്ള ബന്ധം ഒഴിവാക്കുകയായിരുന്നു. ജനിക്കുന്ന കുഞ്ഞിനും എച്ച്.ഐ.വി ഉണ്ടാകുമോ എന്ന പേടിയുള്ളതിനാല്‍ കുഞ്ഞ് വേണ്ടെന്നുവയ്ക്കുകയായിരുന്നു. മാസത്തിന്റെ പാതി ദിനങ്ങള്‍ ഹോസ്പിറ്റലില്‍ ചെലവഴിക്കുമ്പോഴും ജീവിതത്തിന്റെ ഒരുപാട് ഇല്ലായ്മകളിലും രോഗത്തെ തോല്‍പ്പിക്കുന്ന വിധത്തില്‍ ആരോഗ്യത്തോടെ എച്ച്.ഐ.വി ബാധിതര്‍ക്ക് അതിജീവനത്തിന്റെ സന്ദേശം നല്‍കുകയാണ് ഈ ദമ്പതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."