വട്ടപ്പാറയില്‍ ഭൂമി ഇടിഞ്ഞു താഴ്ന്ന സ്ഥലത്ത് ഭൗമശാസ്ത്രവിഭാഗം പരിശോധന നടത്തി
പോത്തന്‍കോട്: വട്ടപ്പാറയില്‍ ഭൂമി ഇടിഞ്ഞു താഴ്ന്ന സ്ഥലത്ത് ഭൗമശാസ്ത്ര വിഭാഗവും ഭൂഗര്‍ഭ ജലവിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഇന്നലെ രാവിലെയാണ് വട്ടപ്പാറ ശീമവിള കിഴക്കേക്കര രാജീവ് വിലാസത്തില്‍ രാജീവിന്റെ വീടിനോട് ചേര്‍ന്ന പുരയിടത്തിലാണ് സംഭവം അതിരാവിലെ ഉഗ്രസ്‌ഫോടന ശബ്ദത്തോടെയാണ് പുരയിടത്തിലെ മരങ്ങള്‍ ഉള്‍പ്പെടെ ഭൂമിക്കടിയിലേക്ക് ആണ്ടുപോയത്. 48 സെന്റ് സ്ഥലത്തിന്റെ ഒരുവശത്താണ് അപകടം. ശബ്ദം കേട്ടെത്തിയ വീട്ടുകാരും സമീപവാസികളും 40 അടിയോളം വരുന്ന റബര്‍ മരങ്ങള്‍ ഒന്നോടെ ഭൂമിക്കടിയിലേക്ക് വലിച്ചെടുക്കുന്ന രീതിയില്‍ ആണ്ടുപോകുന്നതാണ് കണ്ടത്.
അരമണിക്കൂറിനുള്ളില്‍ കുഴിയില്‍ അകപ്പെട്ട മരങ്ങള്‍ ഒരടയാളവും അവശേഷിക്കാതെ ഭൂമിക്കടിയിലേക്ക് മറയുന്നത് കണ്ട നാട്ടുകാര്‍ പരിഭ്രാന്തരായി ഓടിമാറി. തുടര്‍ന്ന് വട്ടപ്പാറ പൊലിസ് സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. വിവിധ വകുപ്പുകളെ വിവരം അറിയിച്ചെങ്കിലും വൈകിട്ട് അഞ്ചിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. ഭൂമിക്കടിയിലെ ചില മേഖലകളില്‍ വെള്ളം ശേഖരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഈ പ്രതിഭാസമെന്നും ഇനിയും ഇടിഞ്ഞുതാഴാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥലവാസികള്‍ ജാഗ്രത പാലിക്കണമെന്നും കൂടുതല്‍ പരിശോധനകള്‍ പ്രദേശത്ത് നടത്തുമെന്നും ഹൈഡ്രോ ജിയോളജിസ്റ്റ് അന്‍സീന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."