ബി.ജെ.പി ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം; ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍
തൃശൂര്‍: ആര്‍.എസ്.എസ് കാര്യവാഹക് വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. ഞായറാഴ്ചയായതുകൊണ്ട് തന്നെ ഹര്‍ത്താല്‍ കാര്യമായി ഏശിയില്ല. ഞായറാഴ്ചയായതിനാല്‍ കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞുകിടന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ ഏറേയും പതിവുപോലെ നിരത്തിലിറങ്ങി. സ്വകാര്യബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തിയില്ല. ഹര്‍ത്താലില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലുടനീളം പൊലിസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ജില്ലയിലെ പ്രധാന കവലകളിലെല്ലാം പൊലിസുകാരെ രാവിലെ മുതല്‍ തന്നെ വിന്യസിച്ചിരുന്നു. കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഓരോ കവലകളും സദാ സമയം നിരീക്ഷിച്ചിരുന്നു. പലയിടത്തും ഹര്‍ത്താലനുകൂലികള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി.
അതേസമയം ജില്ലയില്‍ പലയിടത്തും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടനെല്ലൂരില്‍ ഹര്‍ത്താലനുകൂലികള്‍ മരണവീട്ടിലേക്ക് പോവുകയായിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. പാവറട്ടി മരുതയൂര്‍ കവലയില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ വിവാഹ വാഹനം തടഞ്ഞു ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും സി.പി.എമ്മിന്റെ കൊടിയും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിക്കുകയും ചെയ്തു.
മരുതയൂര്‍ ഡിസ്‌പെന്‍സറിക്കു പുറകുവശം താമസിക്കുന്ന ബധിരനും മൂകനുമായ അബ്ദുള്‍ കാദറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നവരായിരുന്നു വാഹനത്തിലുണ്ടായിരുന്നവര്‍. സംഭവസസ്ഥലത്ത് രണ്ട് പൊലിസുകാര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ കാഴ്ചക്കാരായി നിന്നു.
രാത്രി ഏറെ വൈകി പ്രഖ്യാപിച്ച ഹര്‍ത്താലായതിനാല്‍ ഇതറിയാതെ നിരവധി പേരാണ് ബുദ്ധിമുട്ടിയത്. പ്രത്യേകിച്ചും വിവാഹ പാര്‍ട്ടികള്‍ക്കാണ് ഹര്‍ത്താല്‍ വിനയായത്. ഞായറാഴ്ചയായതിനാല്‍ നിരവധി വിവാഹങ്ങളാണ് ഇന്നലെ ഉണ്ടായിരുന്നത്. പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കാരണം പലര്‍ക്കും വിവാഹങ്ങള്‍ മാറ്റിവെക്കാനായില്ല.
വിവാഹത്തിന് ആളുകളെത്താനും നന്നേ പ്രയാസപ്പെട്ടു. പല വിവാഹങ്ങളും ചടങ്ങ് മാത്രമായും മാറി. വിവാഹ സംഘങ്ങള്‍ സഞ്ചരിച്ച വാഹനങ്ങളില്‍ വിവാഹം എന്ന് ബോര്‍ഡ് എഴുതിവെച്ചാണ് പലരും യാത്ര പുറപ്പെട്ടതെങ്കിലും പലയിടത്തും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു.
എരുമപ്പെട്ടി: ആര്‍.എസ്.എസ് സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി, സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എരുമപ്പെട്ടിയില്‍ പൂര്‍ണം. മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സ്വാകാര്യ വാഹനങ്ങളും ടാക്‌സികളും തടഞ്ഞു.
എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററില്‍ വാഹനങ്ങള്‍ തടയുന്നതിനെ ചൊല്ലി പൊലിസും പ്രവര്‍ത്തകരും തമ്മില്‍ നടന്ന രൂക്ഷമായ വാക്കേറ്റം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് എസ്.ഐ രാജേഷ്.കെ.ഗോപിയുടെ നേതൃത്വലുള്ള പൊലിസ് സംഘം നോക്കി നില്‍ക്കേതന്നെ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ ബലമായി തടഞ്ഞിട്ടു.
ബി.ജെ.പി പ്രവര്‍ത്തകര്‍ എരുമപ്പെട്ടിയില്‍ പ്രകടനം നടത്തി. നെല്ലുവായിയില്‍ നിന്നാരംഭിച്ച പ്രകടനം എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററില്‍ സമാപിച്ചു. സമാപന യോഗം ബി.ജെ.പി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. രാജേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് മണ്ഡലം കാര്യവാഹക് സി.എന്‍. സതീഷ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് ബി.ജെ.പി അംഗം സുരേഷ് നാലുപുരയ്ക്കല്‍, അനൂപ് എരുമപ്പെട്ടി, സുന്ദരന്‍ ചിറ്റണ്ട സംസാരിച്ചു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞ് കിടന്നു. റോഡില്‍ ചുരുക്കം ചില സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഓടുയത്. നാലമ്പല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ കൂടല്‍മാണിക്യം, പായമ്മല്‍ ക്ഷേത്രപരിസരത്ത് തിരക്ക് അനുഭവപെട്ടു. കെ.എസ്.ആര്‍.ടി.സിയുടെ ജില്ലാ ആസ്ഥാനത്ത് നിന്നുള്ള നിര്‍ദേശപ്രകാരം നാലമ്പല സര്‍വീസ് നിര്‍ത്തിയത് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ളവാക്കി.
ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ് സുനില്‍കുമാര്‍, ജന.സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍, ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് വി.വി ബാബുരാജ്, വി.എച്ച്.പി ജില്ലാപ്രസിഡന്റ് കെ.പി ഗംഗാധരന്‍, ബി.ജെ.പി സംസ്ഥാനസമിതിയംഗം സന്തോഷ് ചെറാക്കുളം, തപസ്യ സംഘടന സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍, യുവമോര്‍ച്ച പ്രസിഡന്റ് അഖിലേഷ് വിശ്വനാഥന്‍, കൃപേഷ് ചെമ്മണ്ട പ്രകടനത്തിന് നേതൃത്വം നല്‍കി.
ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ആല്‍ത്തറ പരിസരത്ത് സമാപിച്ചു. സംഭവത്തില്‍ അക്രമികള്‍ മുഴുവന്‍ പൊലിസ് പിടിയിലായതായണ് സൂചന.
എരുമപ്പെട്ടി: ഹര്‍ത്താലിനോടനുബന്ധിച്ചു ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ പന്നിത്തടം സെന്ററില്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും കൊടി തോരണങ്ങളും വ്യാപകമായി നശിപ്പിച്ചു. ഓഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധം ക്യാംപയ്‌നിന്റെ പ്രചാരണത്തിനായി വച്ച ബോര്‍ഡുകളാണ് നശിപ്പിച്ചത്. അക്രമത്തില്‍ ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല കമ്മിറ്റി പ്രതിഷേധിച്ചു. മേഖല സെക്രട്ടറി അനുഷ് സി മോഹന്‍, പ്രസിഡന്റ് എ.എസ് സുബിന്‍ സംസാരിച്ചു.
സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയെ തുടര്‍ന്ന് എരുമപ്പെട്ടി പൊലിസ് കേസെടുത്തിട്ടുണ്ട്. വേലൂരില്‍ ബി.ജെപി നടത്തിയ പ്രകടനത്തിനിടയില്‍ പരക്കെ അക്രമം.
പഞ്ചായത്തിലെ വിവിധ സെന്ററുകളില്‍ സ്ഥാപിച്ചിരുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ സഘടനകളുടെ കൊടിക്കാലുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിച്ചു. വേലൂര്‍ ചുങ്കം, പള്ളി പരിസരം, മണിമലര്‍ക്കാവ്, തയ്യൂര്‍ എന്നിവടങ്ങിലെ കൊടികളും ഫ്‌ളക്‌സ്‌കളുമാണ് നശിപ്പിച്ചത്. സംഭവത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ കമ്മിറ്റികള്‍ പ്രതിഷേധിച്ചു.
ചെറുതുരുത്ത : തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആ ഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ ചെറുതുരുത്തി മേഖലയില്‍ വ്യാപക അക്രമം. കൊച്ചിന്‍ പാലത്തിന് മുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ചൂണ്ടി കാട്ടി 75 കാലുകളിലായി സ്ഥാപിച്ചിരുന്ന ലൈറ്റോടു കൂടിയ ബോര്‍ഡുകള്‍ മുഴുവന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിതകര്‍ത്തു.
വിവാഹ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവകാര്‍ തടഞ്ഞ് നിര്‍ത്തി പുറക് വശത്തെ ചില്ല് തല്ലി പൊളിച്ചു. ചെറുതുരുത്തി സ്വദേശി ഹക്കീമിന്റെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ക്കപ്പെട്ട കാര്‍. ചുങ്കത്ത് തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ബ്ലാക്ക് പെപ്പര്‍ ഹോട്ടലിന് നേരേയും ആക്രമണമുണ്ടായി. കല്ലേറില്‍ ഹോട്ടലിന്റെ ചില്ല് പൊട്ടി. ചെറുതുരുത്തി എല്‍.പി. സ്‌കൂളില്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടന്ന 14, 15 വാര്‍ഡ് ഗ്രാമസഭാ യോഗങ്ങള്‍ തടസപ്പെടുത്തി.
നഗരത്തില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. അഡ്വ. പി.പി. സജിത്ത് ഉദ്ഘാടനം ചെയ്തു. ടി.ആര്‍. അനീഷ് അധ്യക്ഷനായി.
പി. പ്രശാന്ത്, എം.എ. രാജു, സി.ആര്‍. രാജുണ്ണി, യു.പി പ്രകാശ്, വി.സി. ഷാജി, കെ.കെ. മുരളി, ആര്‍.ജി മണികണ്ഠന്‍, ചന്ദ്ര ബോസ്, ടി.എം. ദിലീപ്, വി. നാരായണന്‍ പ്രസംഗിച്ചു.
വടക്കാഞ്ചേരിയില്‍ ഹര്‍ത്താല്‍ സമ്പൂര്‍ണവും, സമാധാനപരവുമായിരുന്നു. ഇരുചക്ര വാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി, ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.
സുമേഷ്, എം.കെ. അശോകന്‍, ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, പ്രദീപ്, സുരേഷ്, രാജീവന്‍ തടത്തില്‍, സെബാസ്റ്റ്യന്‍ കുറ്റിക്കാടന്‍, വി.എം.ഗോപീ ദാസന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."