ആദ്യം ശങ്കിച്ചു, പിന്നെ ബി.ജെ.പിക്കെതിരേ തന്ത്രങ്ങളുടെ കെട്ടഴിച്ചു; പവര്‍ ഹൗസായി പവാര്‍
മുംബൈ: പെട്ടെന്ന് ആര്‍ക്കും മനസ് വായിക്കാന്‍ കഴിയാത്ത വ്യക്തിത്വത്തിന് ഉടമയാണ് ശരത് പവാര്‍ എന്ന മഹാരാഷ്ട്രയിലെ പവര്‍ ഹൗസ്. ഒരുകാലത്ത് നരസിംഹറാവുവിനൊപ്പം പ്രധാനമന്ത്രിപദത്തിലേക്ക് വരെ സാധ്യതകല്‍പ്പിക്കപ്പെട്ട വ്യക്തി. പവാറിന്റെ വിരലനക്കം അദ്ദേഹത്തിന്റെ നിഴല്‍പോലും അറിയില്ലെന്നാണു രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം. ഓരോ നീക്കത്തിലും പവാര്‍ പുലര്‍ത്തുന്ന നിഗൂഢതയാണ് ശരദ്ചന്ദ്ര ഗോവിന്ദ്‌റാവു പവാര്‍ എന്ന ശരത് പവാറിനെ വ്യത്യസ്തനാക്കുന്നത്. സോണിയാഗാന്ധിയുടെ വിദേശപൗരത്വം വിഷയമാക്കി കോണ്‍ഗ്രസുമായി പിരിഞ്ഞു. വൈകാതെ അതേ സോണിയ കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കെ അവരുമായി സഖ്യത്തിലേര്‍പ്പെട്ട് കേന്ദ്രത്തില്‍ മന്ത്രിയായി. സ്വന്തം തട്ടകമായ മഹാരാഷ്ട്രയിലും കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ചപോലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. രാഹുല്‍ഗാന്ധി നടത്തിയ നാലഞ്ചുറാലികള്‍ മാറ്റിനിര്‍ത്തിയാല്‍ ജനക്കൂട്ടത്തെ കൈയിലെടുക്കുന്ന ഒരു പരിപാടി പോലും കോണ്‍ഗ്രസ് നടത്തിയിരുന്നില്ല. എന്നിട്ടും കോണ്‍ഗ്രസിന് 44 സീറ്റുകള്‍ ലഭിച്ചു. എന്നാല്‍ മറുവശത്ത് നരേന്ദ്രമോദി, അമിത്ഷാ കൂട്ടുകെട്ടിനെതിരെ പവാര്‍ ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു. അറുപതിലധികം പ്രചാരണ യോഗങ്ങളില്‍ വാര്‍ധക്യകാലത്ത് അദ്ദേഹം ഓടിനടന്ന് പ്രസംഗിച്ചു. സത്താറയില്‍ എന്‍.സി.പിയെ വഞ്ചിച്ചു ബി.ജെ.പിയിലെത്തിയ ഉദയന്‍ രാജെക്കെതിരെ നടത്തിയ പ്രചാരണത്തിനിടെ മഴപെയ്തപ്പോള്‍ അതത്രയും നിന്ന് കൊണ്ട് പവാര്‍ നടത്തിയ പ്രസംഗം ചരിത്രമാവുകയുംചെയ്തു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പിയും ശിവസേനയും ഉള്‍പ്പെടുന്ന എന്‍.ഡി.എ അധികാരത്തിലേറുമ്പോള്‍ അവരെ ആശിര്‍വദിക്കാന്‍ പവാര്‍ മുന്‍പിലുണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയെ ചൊല്ലി ശിവസേനയും ബി.ജെ.പിയും അടിതുടങ്ങിയപ്പോള്‍ കോണ്‍ഗ്രിനെ പോലെ പവാറിന്റെ എന്‍.സി.പിയും അതുകണ്ടുനിന്നു. അളിയന്‍മാര്‍ തമ്മിലുള്ള സൗന്ദര്യപ്പിണക്കമായി മാത്രമെ അത് അവരെപോലെ മറ്റു രാഷ്ട്രീയ നിരീക്ഷകരും ഇതിനെ പരിഗണിച്ചുള്ളൂ. തീരുമാനത്തില്‍ ശിവസേന ഉറച്ചുനില്‍ക്കുകയും എന്‍.ഡി.എ വിടുകയും ചെയ്തതോടെയാണ് കളി കാര്യത്തിലാണെന്ന് ബാക്കിയുള്ളവരും അറിഞ്ഞത്. ഇതോടെയാണ് ഇറങ്ങിക്കളിച്ചാലോയെന്ന് പവാറും കോണ്‍ഗ്രസും ആലോചിച്ചത് തന്നെ.
പിന്നെ ചര്‍ച്ചകള്‍ മുംബൈ കടന്ന് ഡല്‍ഹിയിലുമെത്തി. പവാറിനെ കാണാനായി മാത്രം കോണ്‍ഗ്രസിന്റെ തന്ത്രജ്ഞരായ ഗുലാംനബി ആസാദും കെ.സി വേണുഗോപാലും അഹമ്മദ് പട്ടേലും മുംബൈയിലെത്തി. ഡല്‍ഹിയിലെത്തി പവാര്‍ സോണിയയെയും കണ്ടു. ചര്‍ച്ചകള്‍ക്കൊടുവില്‍ എന്‍.സി.പിയും കോണ്‍ഗ്രസും ശിവസേനക്ക് പിന്തുണകൊടുത്ത് ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണം ഉറപ്പിച്ചു. ഇക്കാര്യം തീരുമാനിച്ച് സമാധാനമായി കിടന്നുറങ്ങി എണീറ്റപ്പോഴേക്കും എന്‍.സി.പിയിലെ അജിത് പവാറിനെ കൂട്ടുപിടിച്ച് രാവിലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി കഴിഞ്ഞിരുന്നു. മരുമകന്‍ അജിത് പവാര്‍ വലിയ പവാര്‍ അറിയാതെ മറുകണ്ടം ചാടില്ലെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നു. അതിന് തലേദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പവാര്‍ കൂടിക്കാഴ്ച നടത്തിയതുള്‍പ്പെടെ ചര്‍ച്ചയായതോടെ പവാറിന്റെ അറിവോടെയാണ് അജിത് പവാര്‍ ബി.ജെ.പിയുടെ പിന്തുണയോടെ ഉപമുഖ്യമന്ത്രിയായതെന്ന വിലയിരുത്തലുകളുണ്ടായി. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ പരസ്യമായി പവാറിനെ സംശയിക്കുകയും ചെയ്തു. പവാര്‍ അറിയാതെ എന്‍.സി.പിയില്‍ ഒന്നും നടക്കില്ലെന്നും നേതാക്കള്‍ അടക്കം പറഞ്ഞു.
എന്‍.സി.പി പിളര്‍പ്പിലേക്കെന്നും സഖ്യത്തെ വഞ്ചിച്ചെന്നുമുള്ള പ്രചാരണങ്ങളില്‍ ഉയര്‍ന്നപ്പോഴും പവാര്‍ കുലുങ്ങിയില്ല. ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ശനിയാഴ്ച വൈകീട്ട് തന്നെ പവാര്‍ ബി.ജെ.പിക്കെതിരെ മറുതന്ത്രവുമായി മുന്നില്‍ നിന്ന് നയിച്ചു. തന്റെ പതിറ്റാണ്ടുനീണ്ട രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ പയറ്റിയ മുഴുവന്‍ അടവുകളുമായി പവാര്‍ കളിച്ചതോടെ ബി.ജെ.പിയുടെ നിലയും പരുങ്ങലിലായി. തങ്ങള്‍ക്ക് കീഴിലുള്ള അഭിഭാഷകരെ ഇറക്കി അപ്പോഴേക്കും ത്രികക്ഷികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ നിയമയുദ്ധവും തുടര്‍ന്നു. അപ്പോഴും ബി.ജെ.പിയോടൊപ്പം പോയ എന്‍.സി.പി എംഗങ്ങളെ തിരിച്ചുപിടിക്കുന്നതിലായി പവാറിന്റെ ശ്രദ്ധ. ഓരോരുത്തരായി എന്‍.സി.പിയില്‍ തിരിച്ചെത്തികൊണ്ടിരുന്നു. തിങ്കളാഴ്ച രാത്രിയോടെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ 162 എം.എല്‍.എമാരെ അണിനിരത്താനും പവാറിന് കഴിഞ്ഞതോടെയാണ് ബി.ജെ.പി ക്യാംപ് ആദ്യമായി അമ്പരന്നത്.
ഇന്നലെ കോടതി ബി.ജെ.പിയുടെ ആവശ്യങ്ങള്‍ തള്ളുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ ഫഡ്‌നാവിസിനും അജിത് പവാറിനും രാജിവയ്‌ക്കേണ്ടിയും വന്നു. ഇതോടെ തന്റെ ഉദ്യമം പവാര്‍ പൂര്‍ത്തിയാക്കുകയും ദേശീയരാഷ്ട്രീയത്തിലെ പവര്‍ ഹൗസായി പവാര്‍ മാറുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."