പാതിരാനാടകത്തിന് നാണംകെട്ട അന്ത്യം
ഇന്ന് വൈകിട്ട് അഞ്ചിനുള്ളില്‍ വിശ്വാസവോട്ട് തേടണമെന്ന സുപ്രിംകോടതി വിധി നടപ്പാകുന്നത് കാത്തിരിക്കാതെ 80 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചൊഴിഞ്ഞിരിക്കുകയാണ്. ഭരണഘടനക്ക് എഴുപത് തികഞ്ഞ മുഹൂര്‍ത്ത ദിനത്തില്‍ ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ച വിധിന്യായമായിരുന്നു ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ഇന്നലെ പുറപ്പെടുവിച്ചത്. ഒരര്‍ഥത്തില്‍ ഭരണഘടനയാണ് ഫഡ്‌നാവിസില്‍നിന്ന് രാജിചോദിച്ച് വാങ്ങിയിരിക്കുന്നത്. ഭരണഘടനയാണ് നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധഗ്രന്ഥമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫിനെപ്പോലുള്ള പരിണിത പ്രജ്ഞരായ ന്യായാധിപന്മാര്‍ ആവര്‍ത്തിക്കുമ്പോള്‍ ഭരണഘടനയുടെ അന്തസ് ഒരിക്കല്‍കൂടി ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് സുപ്രിംകോടതി.
ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും വിവേചനാധികാരം പക്ഷപാതിത്വമാകുമ്പോള്‍ കോടതി അതില്‍ ഇടപെടുമെന്ന സന്ദേശംകൂടി ഇന്നലത്തെ വിധിയിലുണ്ട്. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടുന്നില്ലെന്ന് പരസ്യമായി പറഞ്ഞ കോടതി പരോക്ഷമായി ഗവര്‍ണറുടെ നടപടി റദ്ദാക്കുകയായിരുന്നു ഇന്ന് തന്നെ വിശ്വാസവോട്ട് തേടണമെന്ന വിധിയിലൂടെ. ഗവര്‍ണര്‍മാരും രാഷ്ട്രപതിമാരും വിവേചനാധികാരം ഉപയോഗിക്കേണ്ടത് അധികാരികളുടെ ഇംഗിതത്തിനനുസരിച്ചല്ല. ഭരണഘടനക്കുള്ളില്‍നിന്ന് കൊണ്ടായിരിക്കണം. അതാണ് കോടതിവിധി നല്‍കുന്ന സന്ദേശം.
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ പോലെയായിരുന്നു കഴിഞ്ഞ ശനിയാഴ്ചയിലെ പാതിരാനാടകം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും ആശീര്‍വാദത്തോടെ അരങ്ങേറിയത്. ഭരണഘടന വിശുദ്ധഗ്രന്ഥമാണെന്ന് പ്രധാനമന്ത്രി ഇടക്കിടെ പറയുന്നുണ്ടെങ്കിലും ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ഇല്ലാതാക്കാന്‍ ഗവര്‍ണറെയും രാഷ്ട്രപതിയെയും ഒരുപോലെ ഉപയോഗപ്പെടുത്തുകയാണ്. രാഷ്ട്രപതിയെയും ഗവര്‍ണറെയും ഒരുപോള കണ്ണടക്കാന്‍ അനുവദിക്കാതെ, നടപടിക്രമങ്ങള്‍ പാലിക്കാതെ, പിന്തുണക്കുന്ന എം.എല്‍.എമാരുടെ കത്ത് നല്‍കാതിരുന്നിട്ട്‌പോലും ഫഡ്‌നാവിസിന് മുഖ്യമന്ത്രിപദം ഒരുക്കിക്കൊടുത്തപ്പോള്‍ വിശുദ്ധഗ്രന്ഥം എന്നുപറയുന്ന ഭരണഘടനയാണ് പിച്ചിച്ചീന്തപ്പെട്ടത്. എന്നാല്‍ അതേഭരണഘടനയുടെ കാവലാളുകളാണ് തങ്ങളെന്ന് സുപ്രധാനമായ വിധിപ്രസ്താവത്തിലൂടെ ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തെളിയിക്കുകയും ചെയ്തു.
ജുഡീഷ്യറിയെക്കുറിച്ച് സമീപകാലത്ത് പൊതുസമൂഹത്തില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ ദൂരീകരിക്കാനുംകൂടി ഇന്നലത്തെ വിധി ഉപകരിക്കും. അജിത് പാവാറിന്റെ മേലുള്ള 70,000 കോടിയുടെ അഴിമതിക്കേസ് എഴുതിത്തള്ളിയും ഭീഷണിപ്പെടുത്തിയും മഹാരാഷ്ട്രയുടെ അധികാരംപിടിക്കാന്‍ ബി.ജെ.പി നടത്തിയ നെറികെട്ട നാടകം ജുഡീഷ്യറിയുടെ സുധീരമായ ഇടപെടല്‍മൂലം പൊളിയുമ്പോള്‍, സമൂഹത്തില്‍ അപകീര്‍ത്തിക്കിരയാകുമോ എന്ന ഭയത്താല്‍ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെട്ട് ഭരണകൂട അനുകൂല വിധിപ്രസ്താവങ്ങള്‍ നടത്തിയ ജഡ്ജിമാര്‍ സ്ഥാനമൊഴിഞ്ഞ ഒരുപശ്ചാത്തലത്തില്‍ ഇന്നലെവന്ന വിധി അധാര്‍മികതയിലൂടെ അധികാരത്തില്‍വന്ന ഫഡ്‌നാവിസിനെ തെറിപ്പിക്കുമ്പോള്‍ നമ്മുടെ മഹത്തായ ഭരണഘടനയുടെ ശക്തി തന്നെയാണ് അജയ്യമായി നില്‍ക്കുന്നത്. രാജ്യവും ജനങ്ങളും ഒന്നിച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ആനുകൂല്യവും ഭരണഘടനക്ക് അവകാശപ്പെട്ടതാണ്. ഭരണകര്‍ത്താക്കളെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ പൗരനെ അവന്റെ എല്ലാ മൗലികാവകാശത്തോടെയും പരിഗണിക്കുന്ന നമ്മുടെ ഭരണഘടനയുടെ മഹത്വം മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവില്ല. രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ ദലിതു വിഭാഗങ്ങള്‍ നന്ദിപറയേണ്ടത് ഭരണഘടനാ ശില്‍പികളോട് തന്നെയാണ്. ഭരണഘടന സുരക്ഷിതത്വ ബോധമാണ് നിര്‍ഭയമായി ഭരണകൂടങ്ങളെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം സമൂഹത്തിന് നല്‍കുന്നത്. അതാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കാര്യത്തിലും സംഭവിച്ചത്. കോടികള്‍ വാഗ്ദാനം ചെയ്തും അഴിമതിക്കേസുകളില്‍നിന്ന് വിടുതല്‍ നല്‍കിയും പ്രലോഭനങ്ങളും ഭീഷണികളും യഥേഷ്ടം ഉപയോഗിച്ചും ഗോവ മുതല്‍ കര്‍ണാടക വരെയുള്ള ഭരണം തട്ടിയെടുത്ത ബി.ജെ.പിക്ക് കിട്ടിയ കനത്ത പ്രഹരംതന്നെയാണ് മഹാരാഷ്ട്രയിലൂടെ സുപ്രിംകോടതി നല്‍കിയത്.
ഭരണഘടനയുടെ സംരക്ഷകരായ ജഡ്ജിമാരുടെ സ്വാതന്ത്ര്യത്തില്‍ ഭരണകൂടം ഇടപെട്ടുകൊണ്ടിരിക്കുന്ന അസുഖകരമായ ഒരുകാലത്തിലൂടെ ഇന്ത്യ പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ആര്‍ജവത്തോടെ വിധി പ്രസ്താവിക്കുന്ന ന്യായാധിപന്മാര്‍ തന്നെയാണ് നമ്മുടെ ഭരണഘടനയുടെ സുസ്ഥിരതക്ക് ഗ്യാരണ്ടി നല്‍കുന്നവര്‍. ഗോവയിലും ജാര്‍ഖണ്ഡിലും അരുണാചല്‍പ്രദേശിലും കര്‍ണാടകയിലും ബി.ജെ.പി നേതൃത്വം പയറ്റിയ കുതന്ത്രം മഹാരാഷ്ട്രയില്‍ പരാജയപ്പെടുമ്പോള്‍, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം അവര്‍ക്ക് കൈവിട്ട്‌പോകുമ്പോള്‍ അത് ജനാധിപത്യ വിശ്വാസികള്‍ക്ക് അഴിമതിക്കും രാഷ്ട്രീയ അധാര്‍മികതക്കും എതിരേ പൊരുതാനുള്ള ആത്മവിശ്വാസമാണ് നല്‍കുന്നത്.
യെദ്യൂരപ്പ വിശ്വാസവോട്ട് തേടാന്‍ നില്‍ക്കാതെ പ്രസംഗം നടത്തി രാജ്ഭവനില്‍ചെന്ന് രാജിവച്ചെങ്കില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് വിശ്വാസവോട്ടെടുപ്പിന് തന്നെ നില്‍ക്കാതെ രാജിവയ്ക്കുകയായിരുന്നു. ജനാധിപത്യത്തിന് തന്നെയായിരിക്കും അന്തിമവിജയമെന്ന വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു ഈ സംഭവങ്ങള്‍.
മന്‍കി ബാത്തിലായാലും അല്ലെങ്കിലും പ്രധാനമന്ത്രി സദാസമയവും പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇന്ത്യന്‍ ജനതയുടെ ഐക്യത്തെക്കുറിച്ചും സംയമനത്തെക്കുറിച്ചുമൊക്കെ. അതിന് കാരണമായിത്തീരുന്ന ഭരണഘടനയെക്കുറിച്ചും അദ്ദേഹം മതിപ്പോടെയാണ് സംസാരിക്കാറ്. ഇന്നലെ ഭരണഘടനയുടെ എഴുപതാം പിറന്നാള്‍ ആഘോഷിച്ച അവസ്ഥയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഏറെപ്രാധാന്യവുമുണ്ട്. ഭരണകൂടത്തില്‍നിന്ന് ഇനിയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ സാധൂകരിക്കുന്നതാകണം. ഭരണഘടനയെ അട്ടിമറിച്ച് ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ അട്ടിമറിച്ചുകൊണ്ടിരിക്കുന്ന പ്രവൃത്തി മഹാരാഷ്ട്ര പരാജയത്തോടുകൂടി അവസാനിപ്പിക്കണം. മഹാരാഷ്ട്രയിലെ പാതിരാനാടകം പൊളിഞ്ഞത് അതിന് നിമിത്തമാകട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."