10 ഇന വികസന പദ്ധതി: ആദ്യവീട് കൈമാറി
പാണാവള്ളി : പാണാവള്ളി പഞ്ചായത്തില്‍ 10 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പഞ്ചായത്തില്‍ വികസനോത്സവം സംഘടിപ്പിച്ചു.
പ്രളയത്തില്‍ കൈത്താങ്ങായവരെ ആദരിക്കല്‍,ബഡ്‌സ് സ്‌കൂളിന് അധിക സൗകര്യം,ലൈഫ് പദ്ധതി രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ നല്‍കല്‍, പഞ്ചായത്ത് സമ്പൂര്‍ണ തെരുവ് വിളക്ക് പ്രഖ്യാപനം, പി.എച്.സി വികലാംഗ സൗഹൃദ ശൗചാലയം, മൃഗസംരക്ഷണ വകുപ്പിന്റെ ആട് വിതരണം, അങ്കണവാടിക്ക് വിട്ടുതന്ന ഭൂമി ഏറ്റുവാങ്ങല്‍, സ്‌കൂള്‍ ലൈബ്രറി ഉദ്ഘാടനം, 20 ലക്ഷം രൂപയുടെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്.) നിര്‍മാണോദ്ഘാടനം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് വികസനോത്സവത്തില്‍ നടന്നത്.
കഴിഞ്ഞ പ്രളയകാലത്ത് കൈത്താങ്ങായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരോടൊപ്പം പൊലിസ്, വില്ലേജ് ഉദ്യോഗസ്ഥര്‍, പ്രസ് ക്ലബ് ഭാരവാഹികള്‍ , ഡോക്ടര്‍മാര്‍, പാണാവള്ളിയില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ രക്ഷ പ്രവര്‍ത്തനം നടത്തിയവര്‍, ക്യാംപ് കണ്‍വീനര്‍മാര്‍, അധ്യാപകര്‍, പ്രസ് ക്ലബ് ഭാരവാഹികള്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ലൈഫ് ഭവന പദ്ധതിയില്‍ ആദ്യം പൂര്‍ത്തിയായ വീടിന്റെ ഉടമ പ്രദീപിന് വീടിന്റെ താക്കോല്‍ നല്‍കി. അര്‍ഹതയുള്ള 340 പേര്‍ക്കാണ് പാണാവള്ളി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി വഴി വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്. ലൈഫ് പദ്ധതിവഴി ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മിക്കുന്ന പഞ്ചായത്താണ് പാണാവള്ളി. വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ പറഞ്ഞു.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം പി.എം പ്രമോദ്, ക്ഷേമകാര്യ സ്ഥിരം സമതി അധ്യക്ഷ ഷീല കാര്‍ത്തികേയന്‍,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷ പി.കെ.സുശീലന്‍,വികസന സ്ഥിരം സമതി അധ്യക്ഷന്‍ പ്രേംലാല്‍ ഇടവഴിക്കല്‍ ,പഞ്ചായത്ത് സെക്രട്ടറി ശിവദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."