അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം വലഞ്ഞു:പലര്‍ക്കും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനായില്ല, നഗരത്തില്‍ പ്രതിപക്ഷ നേതാവിന്റെ ഉപവാസം
കോഴിക്കോട്: ഒരു ഹര്‍ത്താല്‍ ദുരിതത്തിന് കൂടി ജനം സാക്ഷിയായി. അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച ബി.ജെ.പി ഹര്‍ത്താലില്‍ ജില്ലയിലെ ജനങ്ങള്‍ ശരിക്കും വലഞ്ഞു. അവധി ദിനമായിരുന്നതിനാല്‍ ഹര്‍ത്താല്‍ ആളുകളെ കാര്യമായി ബാധിച്ചില്ല. എന്നാല്‍ വിവാഹം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ജനത്തിന് വലിയ പ്രയാസം നേരിട്ടു. പലരും നേരം പുലര്‍ന്നതോടെയാണ് ഹര്‍ത്താല്‍ വിവരമറിഞ്ഞത്.
പെട്ടെന്നുള്ള ഹര്‍ത്താലിലും അക്രമ രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഉപവാസം നടത്തി.
റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും അതിരാവിലെ എത്തിയ യാത്രക്കാരും ഹര്‍ത്താല്‍ വിവരമറിഞ്ഞ് ആശങ്കയിലായി. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് യാത്രക്കാരെ സഹായിക്കാന്‍ പൊലിസ് കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ സര്‍വിസ് നടത്തി. മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് യാത്രക്കാര്‍ക്ക് സഹായകമായി പൊലിസ് വാനും ഓടിയിരുന്നു. ജില്ലയുടെ പലഭാഗങ്ങളിലും രാവിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വകാര്യവാഹനങ്ങള്‍ തടഞ്ഞു. പി.എസ്.സി പരീക്ഷ കഴിഞ്ഞും ഇതു സംബന്ധിച്ച ജോലി കഴിഞ്ഞും രാവിലെ റെയില്‍വേ സ്റ്റേഷനുകളിലും മറ്റുമെത്തിയവരും ഹര്‍ത്താലില്‍ കുടുങ്ങി.
കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. ഹര്‍ത്താല്‍ അനൂകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി. വയനാട്ടില്‍ നടക്കുന്ന കുടുംബ യോഗത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ടെത്തിയത്. തുടര്‍ന്ന് ഹര്‍ത്താലില്‍പ്പെട്ട അദ്ദേഹം പിറ്റേന്ന് രാവിലെ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ അക്രമ രാഷ്ട്രീയത്തിനെതിരേയുള്ള ഉപവാസത്തിന് നേതൃത്വം നല്‍കുകയായിരുന്നു.
മാനാഞ്ചിറക്കടുത്ത് കിഡ്‌സണ്‍ കോര്‍ണറില്‍ സെന്‍ട്രല്‍ ലൈബ്രറിക്കു മുന്നില്‍ നിലത്തിരുന്ന് അദ്ദേഹം ഉപവാസത്തിന് നേതൃത്വം നല്‍കി. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സി.പി.എമ്മും ബി.ജെ.പിയും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ത്തതായി അദ്ദേഹം ആരോപിച്ചു.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. എം.കെ രാഘവന്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു, മുന്‍ മന്ത്രി കെ. ശങ്കരന്‍, കെ.സി അബു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് പങ്കെടുത്തു.
കോഴിക്കോട് ഖാസി കെ.വി ഇമ്പിച്ചമ്മദ്, സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ തായാട്ട് ബാലന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. അച്യുതന്‍, സാഹിത്യകാരന്‍ യു.കെ കുമാരന്‍ ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥലത്തെത്തിയിരുന്നു. വൈകിട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ചെന്നിത്തലക്ക് നാരങ്ങാ നീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."