ജില്ലാ പഞ്ചായത്ത് 69.71 കോടിയുടെ കരടു പദ്ധതിരേഖ അവതരിപ്പിച്ചു
കോട്ടയം: പതമൂന്നാം പഞ്ചവത്സരപദ്ധതിയിലെ മൂന്നാം വര്‍ഷത്തിലേക്ക് ജില്ലാ പഞ്ചായത്ത് തയാറാക്കിയത് 69.71 കോടി രൂപയുടെ പദ്ധതികള്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാറില്‍ പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി പദ്ധതി രേഖയുടെ കരട് അവതരിപ്പിച്ചു. ജില്ല നേരിട്ട രൂക്ഷമായ പ്രളയക്കെടുതികളുടെ പശ്ചാത്തലം കണക്കിലെടുത്താണ് പദ്ധതികള്‍ തയാറാക്കിയിട്ടുളളത്.
ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി, ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ ഷിപ്പ്, അങ്കണവാടികള്‍ വഴി പോഷകാഹാര വിതരണം, അഗതിരഹിത കോട്ടയം എന്നിവയ്ക്കാണ് കരട് രേഖയില്‍ ഊന്നല്‍ കൊടുത്തിരിക്കുന്നത്.
ക്ഷീരകര്‍ഷര്‍ക്ക് പാലിന് സബ്‌സിഡി നല്‍കുന്നതിന് ഒരു കോടിയും മൂല്യവര്‍ധിത പാല്‍ ഉത്പന്ന യൂനിറ്റിന് പതിനഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയില്‍ ജില്ലാ വെറ്റിനറി കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, പൗള്‍ട്രി ഫാമിന്റെ അടിസ്ഥാന സൗകര്യ വികസനം എന്നീ പദ്ധതികള്‍ക്കും തുകവച്ചിട്ടുണ്ട്. കോഴി ഫാമില്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും ജീവനോപാധി നഷ്ടപ്പെട്ട മത്സ്യക്കര്‍ഷകര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യരംഗത്ത് നൂതനമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ജനറല്‍ ആശുപത്രിയില്‍ വനിതാ പേ വാര്‍ഡ് നിര്‍മാണത്തിന് ഒരു കോടി, വയോജനങ്ങള്‍ക്ക് പേവാര്‍ഡ് നിര്‍മിക്കുന്നതിന് 1.50 കോടി രൂപ, എസ്.സി പേ വാര്‍ഡ് നിര്‍മാണത്തിന് ഒരു കോടി രൂപ വീതവും വകയിരുത്തിയിട്ടുണ്ട്.
സ്ത്രീ സൗഹൃദ പ്രോജക്ടുകളില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് സംവിധാനം, ജെന്‍ഡര്‍ പാര്‍ക്ക് തുടങ്ങിയ പ്രോജക്ടുകളും നടപ്പിലാക്കും. ജന്‍ഡര്‍ പാര്‍ക്കിനായി പത്തുലക്ഷം രൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള ഏബിള്‍ കോട്ടയം പദ്ധതി തുടരും. 70 ലക്ഷം രൂപയാണ് ഇതിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി മീനച്ചിലാര്‍, മീനന്തലയാര്‍, കൊടൂരാര്‍ തുടങ്ങിയ നദികളുടെയും -തോടുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ പദ്ധതിയില്‍ ഉണ്ട്. സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ പദ്ധതിക്കായി 25 ലക്ഷം രൂപയും മിഷന്‍ 20-20 പദ്ധതിക്ക് 20 ലക്ഷം രൂപ എന്നിവയും വകയിരുത്തിയിട്ടുണ്ട്.
അഗതി സംരക്ഷണത്തിനായുള്ള ആശ്രയ പദ്ധതി, മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതി തുടങ്ങിയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വര്‍ക്കിങ്ഗ്രൂപ്പുകളുടെയും ആസൂത്രണ സമിതിയുടെയും നിര്‍ദേശ പ്രകാരമുളള നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ കരട് രേഖ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി 15 ഓടെ അംഗീകാരം നേടും.
വൈസ് പ്രസിഡന്റ് ജെസിമോള്‍ മനോജ് അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എന്‍. അജിത് മുതിരമല, ലിസമ്മ ബേബി, സഖറിയാസ് കുതിരവേലി, അനിത രാജു, അംഗങ്ങള്‍, സെക്രട്ടറി ടി.ജെ വര്‍ക്കി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."