നോര്‍ക്ക റൂട്‌സ് സഊദിയില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു
റിയാദ്: മലയാളി പ്രവാസികളുടെ നിയമപ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാനായി നോര്‍ക്ക റൂട്‌സ് സഊദിയില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. ദമാമില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ മടമ്പം സ്വദേശി അഡ്വ. വിന്‍സണ്‍ തോമസ്, ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അഡ്വ. നജ്മുദീന്‍ എന്നിവരെയാണ് കണ്‍സള്‍ട്ടന്റുമാരായി നിയമിച്ചത്.
നിലവില്‍ സാമൂഹികപ്രവര്‍ത്തകരും മറ്റുമാണ് സഊദിയില്‍ മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്. കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നേരത്തെതന്നെ നിയമനം നടന്നിരുന്നു.
പ്രവാസികള്‍ക്ക് കേസുകള്‍ ഫയല്‍ ചെയ്യുന്നതിന് നിയമസഹായം നല്‍കുക, നഷ്ടപരിഹാര, ദയാ ഹരജികള്‍ ഫയല്‍ ചെയ്യുന്നതിന് സഹായിക്കുക, മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച് നിയമ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് കണ്‍സള്‍ട്ടന്റുമാരുടെ ചുമതല.
അഡ്വ. വിന്‍സണ്‍ തോമസ് നിലവില്‍ അല്‍ സഹ്‌റ ഗ്രൂപ്പില്‍ നിയമകാര്യ സെക്രട്ടറിയാണ്. 2009ല്‍ സഊദിയിലെത്തിയ അഡ്വ. നജ്മുദീന്‍ തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്ന് 2000ത്തില്‍ നിയമബിരുദം നേടി. മാവേലിക്കര, ഹരിപ്പാട് ബാറുകളില്‍ ഏഴുവര്‍ഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."