മാലിയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; 13 ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
ബമാകോ: മാലിയില്‍ ഭീകരവാദ വിരുദ്ധ നീക്കത്തിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 13 ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം.
മരിച്ചവരില്‍ ആറ് സൈനിക ഓഫിസര്‍മാരും ഉള്‍പ്പെടുന്നു. രാജ്യത്ത് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്ന ഭീകരരെ അമര്‍ച്ച ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു സൈനികര്‍. ടൈഗര്‍ ഹെലികോപ്റ്റര്‍ സൈനികരെ കൊണ്ടുപോകുകയായിരുന്ന വലിയ കോഗര്‍ ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു.
പറക്കുന്നതിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കാനിടയായ സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലെ പറഞ്ഞു. സായുധ സംഘങ്ങളുടെ ഭീഷണി ഇല്ലാതാക്കുന്നതിനായി ആറുവര്‍ഷം മുന്‍പാണ് 4,500 ഫ്രഞ്ച് സൈനികര്‍ മാലിയിലെത്തിയത്. ഇതില്‍ 38 പേരെ ഇതിനകം ഭീകരര്‍ കൊലപ്പെടുത്തി. മാലി, നൈജര്‍, ബുര്‍കിന ഫാസോ, ഛാഡ്, മൗറിത്താനിയ എന്നീ രാജ്യങ്ങളില്‍ ഭീകരവിരുദ്ധവേട്ടയ്ക്ക് പ്രാദേശിക സൈന്യത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക സഹായം നല്‍കാറുണ്ട്.
എന്നാല്‍, ശക്തമായ തിരിച്ചടി നല്കി കരുത്തുകാട്ടുകയാണ് ഭീകരര്‍. മാലിയില്‍ സൈനിക ഔട്ട് പോസ്റ്റിനുനേരെയും മറ്റുമായി നടന്ന ആക്രമണങ്ങളില്‍ ഈയിടെ കൊല്ലപ്പെട്ടത് 50 പേരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."