ഇറാനില്‍ 146 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി
ലണ്ടന്‍: ഇന്ധന വിലവര്‍ധനവിനെ തുടര്‍ന്ന് ഇറാനിലുണ്ടായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 146 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍.
യു.എസ് ഉപരോധത്തെ തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഈമാസം 15ന് ഇറാനില്‍ ഇന്ധനവില ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്.
സുരക്ഷാ സൈനികരോട് പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നേതാക്കള്‍ ഉത്തരവിടുകയായിരുന്നുവെന്ന് ആംനസ്റ്റി പറയുന്നു. ഇറാനിലെ പരമോന്നത നേതാവായ അലി ഖാംനയിയും ഇന്ധന വിലവര്‍ധനവിനെ പിന്തുണച്ചിരുന്നു. പ്രക്ഷോഭകരെ നേരിടാന്‍ രാജ്യത്തെ പ്രധാന സൈനികവിഭാഗമായ വിപ്ലവഗാര്‍ഡിനെയും ഉപയോഗിച്ചിരുന്നു.
മരണനിരക്ക് കൂടാമെന്നും സംഘടന പറയുന്നു. ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയതിനെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് ആംനസ്റ്റിയുടെ പശ്ചിമേഷ്യയിലെ ഗവേഷണ- നിയമവിഭാഗം മേധാവി ഫിലിപ് ലൂഥര്‍ ആവശ്യപ്പെട്ടിരുന്നു.
വളരെ അടുത്തുനിന്നാണ് പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് വെടിയേറ്റത്. ചിലര്‍ക്ക് ഓടുമ്പോഴും. കെട്ടിടത്തിന്റെ മുകളില്‍ നിന്നുപോലും വെടിവച്ചിട്ടുണ്ടെന്നും അടിച്ചമര്‍ത്തലിന് പൊലിസിനുപുറമെ അര്‍ധസൈനിക വിഭാഗത്തെയും ഉപയോഗിച്ചതായും ആംനസ്റ്റി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."