ലാബ് ടെക്‌നീഷ്യന്‍ തസ്തിക; യോഗ്യതയില്ലാത്തവരെ നിയമിക്കാനുള്ള ഉത്തരവ് വിവാദത്തില്‍
തൊടുപുഴ: ആരോഗ്യവകുപ്പില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ലഭിക്കുന്നതിന് പി.എസ്.സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയായ പ്ലസ്ടു സയന്‍സും അംഗീകൃത ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.ടി ഡിഗ്രിയും വേണമെന്നിരിക്കെ പി.എസ്.സി അംഗീകരിച്ചിട്ടില്ലാത്ത ഹ്രസ്വകാല കോഴ്‌സ് പാസായവരെയും ജില്ലയില്‍ തൊടുപുഴ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിയമിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രതിഷേധമുയരുന്നു.
സര്‍ക്കാര്‍ ഉദ്യോഗത്തിന് സ്ഥിരനിയമനത്തിനുവേണ്ട അതേ യോഗ്യത താല്‍ക്കാലിക നിയമനത്തിനും വേണമെന്നിരിക്കേ ഇത്തരത്തിലൊരു ഉത്തരവുണ്ടായത് സംസ്ഥാനത്തെ ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രോഗികള്‍ക്ക് ഗുണനിലവാരമുള്ള സേവനം നല്‍കണമെന്ന ലക്ഷ്യത്തോടെ, നിശ്ചയിച്ചിരിക്കുന്ന യോഗ്യതയില്‍ ഇളവുവരുത്തുന്നത് നാഷണല്‍ പ്രോഗ്രാമുകളും മറ്റു പരിശോധനകളുമുള്‍പ്പടെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ലാബുകളുടെ ഗുണനിലവാരം തകര്‍ക്കുമെന്ന് കേരള ഹെല്‍ത്ത് സര്‍വിസസ് ലാബ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ആരോപിച്ചു. കേരളാ സര്‍വിസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായുള്ള ഒരു ഉത്തരവാണ് ഉണ്ടായിരിക്കുന്നത്.
നിലവില്‍ യോഗ്യതയുള്ള ലാബ് ടെക്‌നീഷ്യന്മാരുടെ അഭാവംമൂലം പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ ലാബും ഇടുക്കി ജില്ലയില്‍ ഇല്ല. കൂടാതെ യോഗ്യതയുള്ള 35ലധികം ലാബ് ടെക്‌നീഷ്യന്മാര്‍ താല്‍ക്കാലികമായി ജില്ലയില്‍ ജോലി നോക്കുന്നുണ്ട്. ജില്ലാ ആശുപത്രിയിലേയ്ക്ക് ഇന്റര്‍വ്യൂ നടത്തി ലിസ്റ്റില്‍ വന്ന യോഗ്യരായ ലാബ് ടെക്‌നീഷ്യന്മാര്‍ക്ക് ഒരു മാസം കഴിഞ്ഞിട്ടും നിയമന ഉത്തരവ് നല്‍കാതെ കൃത്രിമ ഒഴിവ് ഉണ്ടെന്ന് വരുത്തുകയാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് യോഗ്യരായ തൊഴില്‍രഹിതരായ ലാബ് ടെക്‌നീഷ്യന്മാരുണ്ടായിരിക്കെ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനമെങ്കിലും നല്‍കാന്‍ തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി..
യഥാര്‍ഥയോഗ്യതയുള്ള നിലവിലുള്ള ലബോറട്ടറി ടെക്‌നീഷ്യന്മാര്‍ക്ക് പകരം വയ്ക്കുവാന്‍ യാതൊരു യോഗ്യതാ മാനദണ്ഡവുമില്ലാത്ത, പി.എസ്.സി. അംഗീകരിച്ചിട്ടില്ലാത്ത, ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് നിലവില്‍ സംവിധാനങ്ങളൊന്നുമില്ലാത്ത, ഹ്രസ്വകാല കോഴ്‌സ് പാസ്സായവരെ നിയമിക്കുന്നത് രോഗികളുടെ ജീവനുതന്നെ ഭീഷണിയാകും. അതിനാല്‍ ലബോറട്ടറി ടെക്‌നീഷ്യന്മാര്‍ ഈ ഉത്തരവിനെ ശക്തമായി എതിര്‍ക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."