പുനരധിവാസം ഫയലില്‍; കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കി
വടകര: നാളിതുവരെ കച്ചവടം ചെയ്ത വ്യാപാരികളെ പെരുവഴിയിലാക്കി സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കി തുടങ്ങി. തലശ്ശേരി-അഴിയൂര്‍ ബൈപ്പാസിന്റെ ഭാഗമായി അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപമാണ് ജെ.സി.ബി ഉപയോഗിച്ച് കടകള്‍ പൊളിച്ചുമാറ്റിയത്.
വടകരയില്‍നിന്ന് എത്തിയ ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാരടക്കമുള്ള സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്. വ്യാപാരികള്‍ക്കും കടയില്‍ ജോലി ചെയ്യുന്നവര്‍ക്കും നഷ്ടപരിഹാരമോ പുനരധിവാസമോ നല്‍കാതെ കെട്ടിടം പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പുനരധിവാസ പാക്കേജ് നല്‍കണമെന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നിരാശമാത്രമായിരുന്നു ഫലം. ഇതു സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് എല്‍.എ തഹസില്‍ദാര്‍ വ്യാപാരി സംഘടനാ പ്രതിനിധികളെ അറിയിച്ചത്.
നിയമാനുസൃതം ലഭിക്കേണ്ട നഷ്ടപരിഹാരം കൊടുക്കാതെ കച്ചവടക്കാരെ പെരുവഴിയിലാക്കിയ നടപടിയില്‍ ദേശീയ പാത കര്‍മ്മസമിതി അഴിയൂര്‍ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ പ്രദീപ് ചോമ്പാല അധ്യക്ഷനായി. എ.ടി മഹേഷ്, പി.കെ നാണു, മൊയ്തു അഴിയൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."