പ്രളയ ദുരിതാശ്വാസം: വികസന സമിതിയില്‍ രൂക്ഷ വിമര്‍ശനം
വടകര: കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന് ദുരിതം നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നകാര്യത്തില്‍ റവന്യൂ വകുപ്പ് അലംഭാവം കാണിക്കുന്നതായി താലൂക്ക് വികസന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. നാശം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതില്‍ സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് ധനസഹായം നല്‍കാന്‍ വൈകിപ്പിക്കുന്നതായാണ് ആരോപണം.
റവന്യൂ വകുപ്പ് കയ്യാളുന്ന സി.പി.ഐ നേതാവും താലൂക്ക് വികസന സമിതി അംഗവുമായ പി. സുരേഷ് ബാബുവാണ് ഇക്കാര്യം ഉന്നയിച്ചത്. പേമാരി കഴിഞ്ഞതിന് ശേഷം നഷ്ടപരിഹാരം വിതരണം മറ്റു താലൂക്കുകളില്‍ നടന്നെങ്കിലും വടകരയില്‍ ഇത് ഇഴഞ്ഞുനീങ്ങുകയാണ് എന്നാണ് പരാതി ഉയര്‍ന്നത്.
ദുരിതം നേരിട്ടവര്‍ വില്ലേജിലും താലൂക്കിലും കയറിയിറങ്ങിയിട്ടും ഫലം നിരാശ മാത്രമാണെന്ന് ജനപ്രതിനിധികളും വികസന സമിതിയംഗങ്ങളും കുറ്റപ്പെടുത്തി. ഈ മാസം അവസാനത്തിനുള്ളില്‍ നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു.
കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പാലം ഗതാഗത യോഗ്യമാക്കാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതായി വികസന സമിതിയംഗം പ്രദീപ് ചോമ്പാല പറഞ്ഞു. മേല്‍പാലത്തിന്റെ നിര്‍മാണ പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അന്തിമ ഘട്ടത്തിലുള്ള പ്രവൃത്തി വിലയിരുത്താന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം.ഡിയും, ലാന്‍ഡ് റവന്യൂ കമ്മിഷനറായ എ.ടി ജെയിംസ് സ്ഥലത്തെത്തിയിരുന്നു.മേല്‍പാലം അവസാനിക്കുന്ന ദേശീയപാത റോഡിന്റെ ഭാഗത്ത് ജങ്ഷന്‍ സംവിധാനം അടക്കമുള്ള പ്രവൃത്തി നടത്തേണ്ടത് എന്‍.എച്ച് പൊതുമരാമത്ത് വകുപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മേല്‍പാലം പ്രവൃത്തിയുടെ ഭാഗമായി നടക്കേണ്ട എന്‍.എച്ച് ഭാഗത്തെ പ്രവൃത്തിയെക്കുറിച്ച് വകുപ്പ് മന്ത്രിയുടെയും ചീഫ് എന്‍ജിനീയറുടെയും ശ്രദ്ധയില്‍പെടുത്തുമെന്ന് സി.കെ നാണു എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.
നഗരത്തിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റുകളില്ലാതെ മരുന്നുകള്‍ നല്‍കുന്നതായി വികസന സമിതിയംഗം കളത്തില്‍ ബാബു യോഗത്തില്‍ പരാതിപ്പെട്ടു. പലപ്പോഴും വൈകുന്നേരങ്ങളില്‍ മരുന്നു നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ ഇല്ലാത്തത് മൂലം പ്രയാസം നേരിടുന്നതായി ആക്ഷേപമുയര്‍ന്നു. ഇക്കാര്യം ഡ്രഗ് വിഭാഗം അധികൃതരുടെ ശ്രദ്ധയില്‍പെടുത്താനും തീരുമാനിച്ചു.
വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ രൂപീകരിച്ച ജനകീയ കമ്മിറ്റി കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭൂരിഭാഗം വില്ലേജുകളിലും കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ചതായി സമിതിയംഗങ്ങള്‍ പറഞ്ഞു. കല്ലാച്ചി കേന്ദ്രീകരിച്ച് ആര്‍.ടി.ഒ സബ് ഓഫിസ് സ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. സി.കെ നാണു എം.എല്‍.എ, കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, സമിതിയംഗങ്ങളായ പി. സുരേഷ് ബാബു, പ്രദീപ് ചോമ്പാല, ടി.വി ബാലകൃഷ്ണന്‍, ടി.വി ഗംഗാധരന്‍, പി.കെ ഹബീബ്, സി.കെ കരീം, കളത്തില്‍ ബാബു തഹസില്‍ദാര്‍ കെ. രവീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."