പ്രതിപക്ഷ ഐക്യത്തിന് മുതല്‍കൂട്ടാവും
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഓഫിസ് മുതല്‍ ഗവര്‍ണറുടെ ഓഫിസ് വരെ പക്ഷപാതപരമായി പ്രവര്ത്തിച്ചെന്നാരോപണം ഉയര്‍ന്ന മഹാരാഷ്ട്രയിലെ അട്ടിമറിയില്‍ ഒടുവില്‍ ബി.ജെ.പി കീഴടങ്ങിയപ്പോള്‍ സാധ്യമായത് പ്രതിപക്ഷ ഐക്യം.
കഴിഞ്ഞ മെയില്‍ ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതോടെ നിഷ്പ്രഭമായിപ്പോയ പ്രതിപക്ഷം ആദ്യമായി സന്തോഷിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കക്ഷികള്‍ യോജിച്ച് തെരഞ്ഞെടുപ്പ് നേരിടുകയോ സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നില്ല.
എന്നാല്‍, മഹാരാഷ്ട്രയില്‍ എന്‍.സി.പിക്കും ശിവസേനക്കും വേണ്ടി സുപ്രിംകോടതിയില്‍ പോയി അനുകൂല വിധി സമ്പാധിക്കുന്നതിന് കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിച്ച് ദൗത്യം വിജയിച്ചത് ദേശീയതലത്തില്‍ പ്രതിപക്ഷത്തിന് ഉണര്‍വ് പകര്‍ന്നു.
ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും അധികാരം പിടിക്കാന്‍ ബി.ജെ.പി സ്വീകരിച്ച വഴികള്‍ ഉപയോഗിച്ച് അതേനാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു മഹാരാഷ്ട്രില്‍ പ്രതിപക്ഷം.
ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ വലിയ ഒറ്റക്കക്ഷിയായിരുന്നിട്ട് പോലും കപ്പിനും ചുണ്ടിനുമിടയിലാണ് അധികാരക്കസേര കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി തട്ടിയെടുത്തത്. ഒരേസമയം തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ആള്‍രൂപമായ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്ക് സമീപകാലത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയുമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."