ഭരണഘടനാദിനത്തില്‍ ഭരണഘടനയുടെ വിജയം
ന്യൂഡല്‍ഹി: ഭരണഘടനാദിനത്തില്‍ ഭരണഘടനയുടെ മഹത്വമുയര്‍ത്തിപ്പിടിച്ച വിധിപുറപ്പെടുവിച്ച് സുപ്രിംകോടതി. മഹാരാഷ്ട്രയില്‍ ഇന്നു തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള വിധിയാണ് ഇന്നലെ അര്‍ധരാത്രിയില്‍ അട്ടിമറി നടത്തി അധികാരത്തിലേറിയ ഫഡ്‌നാവിസിന്റെ രാജിക്കു കാരണമായത്.
അഞ്ചു മണിക്കുള്ളില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കുകയും തൊട്ടുപിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും ചെയ്യാനും ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. തുടര്‍കാര്യങ്ങളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കക്ഷികള്‍ക്ക് കോടതി എട്ടാഴ്ചത്തെ സമയം അനുവദിച്ചു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ അത് നാലാഴ്ചയ്ക്കുള്ളിലാവാം. കേസ് വീണ്ടും നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യമാണ് ശനിയാഴ്ച സുപ്രിംകോടതിയെ സമീപിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോടതി അവധി ദിവസമായ ഞായറാഴ്ച കോടതി തുറന്ന് വാദം കേട്ടു. ശിവസേന- കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യം സര്‍ക്കാര്‍ രൂപീകരണം വെള്ളിയാഴ്ച വൈകിട്ട് പ്രഖ്യാപിച്ചതിന് ശേഷം പൊടുന്നനെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഫഡ്‌നാവിസിനെ സ്പീക്കര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചത് തെറ്റായ നടപടിയാണെന്നും ബി.ജെ.പിക്ക് അവിടെ ഭൂരിപക്ഷ എം.എല്‍.എമാരുടെയും പിന്തുണയില്ലെന്നുമായിരുന്നു സഖ്യത്തിന്റെ വാദം.
എന്നാല്‍ പിന്തുണ വാഗ്ദാനം ചെയ്ത കത്തുണ്ടെന്ന് ബി.ജെ.പി അഭിഭാഷകന്‍ വാദിച്ചു. ഈ കത്തും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച കോടതി രണ്ടു ദിവസത്തെ വാദത്തിന് പിന്നാലെയാണ് ഇന്നലെ വിധി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."