അധികൃതരെ കാത്തുനിന്നില്ല; നാട്ടുകാര്‍ റോഡിലെ കുഴിയടച്ചു
ചെറുപുഴ: പെരിങ്ങോം ചിലക് റോഡില്‍ പൂര്‍ണമായി തകര്‍ന്ന ഭാഗം നാട്ടുകാരുടെ ശ്രമഫലമായി ഗതാഗതയോഗ്യമാക്കി. ഇന്നലെ രാവിലെയാണു കുഴികള്‍ നികത്തിയും ഓട വൃത്തിയാക്കിയും റോഡ് നന്നാക്കിയത്. പെരിങ്ങോം താലൂക്കാശുപത്രി പരിസരത്തുനിന്നു ചിലക് വഴി കുപ്പോളിലെത്തിച്ചേരുന്ന റോഡിലെ ഏതാനും മീറ്റര്‍ ഭാഗത്ത് വലിയ കുഴികള്‍ രൂപപ്പെട്ട് ഗതാഗതം ദുഷ്‌കരമായിരുന്നു. നിലവില്‍ ടാര്‍ ചെയ്ത ഭാഗം കഴിഞ്ഞാല്‍ 200 മീറ്ററോളം ദൂരത്താണ് വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നത്.ഈ ഭാഗത്താണ് ഇന്നലെ രാവിലെ നാട്ടുകാര്‍ ശ്രമദാനം നടത്തിയത്.
ഗ്രാമപഞ്ചായത്തംഗം എം ജനാര്‍ദ്ദനന്‍ മുന്‍കൈയെടുത്ത് നാട്ടുകാരുടെ യോഗം വിളിച്ചു ചേര്‍ത്തു കൂടിയാലോചന നടത്തിയിരുന്നു. ഈ യോഗത്തിലെ തീരുമാനപ്രകാരമാണ് മുപ്പതിലധികം പേര്‍ ചേര്‍ന്നാണു റോഡ് ഗതാഗതയോഗ്യമാക്കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ശ്രമദാനത്തില്‍ പങ്കെടുത്തു. പഞ്ചായത്തംഗത്തെ കൂടാതെ കെ.പി രാഗേഷ്, കെ.പി അജയന്‍, രമ, സിന്ധു,താര, ഷൈലജ, തുടങ്ങിയവര്‍ ശ്രമദാനത്തിനു നേതൃത്വം നല്‍കി. 2.5 കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നു 25ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."