എടച്ചേരിയിലും പുറമേരിയിലും തെരുവുനായശല്യം രൂക്ഷം
എടച്ചേരി: ഒരിടവേളയ്ക്കു ശേഷം എടച്ചേരിയിലും പുറമേരിയിലും വീണ്ടും തെരുവുനായ്ക്കളുടെ ശല്യം. കഴിഞ്ഞദിവസം എടച്ചേരിയിലെ പുതിയങ്ങാടിയില്‍ കെട്ടിയിട്ട പോത്തിനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു.
ടൗണിനോട് ചേര്‍ന്ന കൊടുങ്ങാമ്പുറത്ത്താഴ പറമ്പില്‍ കെട്ടിയിട്ട പോത്തിനെയാണ് നായ്ക്കള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. പുതിയങ്ങാടി ടൗണിലെ ഇറച്ചിക്കച്ചവടക്കാരുടേതാണ് പോത്ത്. പിറ്റേ ദിവസം രാവിലെയാണ് ചോരവാര്‍ന്ന നിലയില്‍ പോത്തിനെ കണ്ടത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറമേരി ടൗണിലും നായ്ക്കളുടെ ശല്യം രൂക്ഷമായിരുന്നു. മത്സ്യമാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് ഇവിടെ തെരുവുനായ്ക്കള്‍ വിഹരിക്കുന്നത്. ഇതില്‍ ഒരു നായയ്ക്ക് ഭ്രാന്തിളകിയതായി സംശയിച്ച് നാട്ടുകാര്‍ ഓടിച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. അതേസമയം ടൗണില്‍ മത്സ്യമാര്‍ക്കറ്റ് പരിസരത്തു സ്ഥിരമായി തമ്പടിക്കുന്ന നായ്ക്കളെ ഇതു കടിച്ചതായും നാട്ടുകാര്‍ പറഞ്ഞു. പേയിളകിയ നായയുടെ കടിയേറ്റതിനാല്‍ മറ്റു നായ്ക്കള്‍ക്കും പേ ഇളകാനുളള സാധ്യതയുള്ളതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് പുറമേരിയിലെ വിലാതപുരം, മുതുവടത്തൂര്‍ പ്രദേശങ്ങളില്‍ നിരവധി പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."