ചാംപ്യന്‍സ് ലീഗ് തുടര്‍ പോരാട്ടം
ലണ്ടന്‍: ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ്ഘട്ട ആവേശം ഇന്നും തുടരും. ഇന്നലെ സിറ്റിയും പി.എസ്.ജിയും റയലുമൊക്കെയാണ് കൊമ്പുകോര്‍ത്തതെങ്കില്‍ ഇന്ന് ആവേശത്തിന്റെ തിരികൊളുത്താന്‍ ബാഴ്‌സയും ലിവര്‍പൂളും ഇറങ്ങുന്നു. നാപ്പോളിയേയാണ് ലിവര്‍പൂള്‍ നേരിടുന്നതെങ്കില്‍ ബുണ്ടസ്‌ലിഗ ക്ലബ് ഡോര്‍ട്ട്മുണ്ടാണ് ബാഴ്‌സയെ കാത്തിരിക്കുന്നത്.
മറ്റു മത്സരങ്ങളില്‍ ചെല്‍സി വലന്‍സിയയേയും സെനിത്ത് ലിയോണിനേയും ജെന്‍ക് സാല്‍സ്ബര്‍ഗിനേയും ലില്ലി അയാക്‌സിനേയും ആര്‍.ബി ലെയ്പ്‌സിഗ് ബെന്‍ഫിക്കയേയും സ്ലാവിയ പ്രാഹ ഇന്ററിനേയും നേരിടും.
എഫില്‍ ആദ്യം ആര്
ഡോര്‍ട്ട്മുണ്ടും ബാഴ്‌സലോണയും തമ്മില്‍ ഇന്ന് പോരിനിറങ്ങുമ്പോള്‍ ഇരുടീമിനും രണ്ടുണ്ട് ലക്ഷ്യം. പ്ലേ ഓഫുറപ്പിക്കുക, മറ്റൊന്ന് ഗ്രൂപ്പ് ചാംപ്യന്‍മാരായി അടുത്ത ഘട്ടത്തില്‍ ദുര്‍ബല ടീമുകളെ കണ്ടെത്തുക. ഇത് സാധ്യമാകണമെങ്കില്‍ ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകം. സീസണിലെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന ഗ്രൂപ്പായ എഫില്‍ ബാഴ്‌സയും ഡോര്‍ട്ട്മുണ്ടും ഇന്ററും ജയം മാത്രം ലക്ഷ്യം വച്ചിറങ്ങുമ്പോള്‍ ഇനിയുള്ള രണ്ട് മത്സരവും മൂവര്‍ക്കും ജയിക്കല്‍ അനിവാര്യമാണെന്നിരിക്കെ ഇവര്‍ തമ്മിലുള്ള മത്സരം മുറുകും. ഗ്രൂപ്പിലെ മറ്റൊരു ടീമായ സ്ലാവിയ പ്രാഹയുടെ പ്ലേ ഓഫ് മോഹം നേരത്തേ അസ്തമിച്ചിരുന്നു.
നിലവില്‍ നാല് കളികളില്‍നിന്ന് എട്ടു പോയിന്റുമായി ബാഴ്‌സയാണ് ഒന്നാം സ്ഥാനത്ത്. ഏഴ് പോയിന്റുമായി ഡോര്‍ട്ട്മുണ്ട് പിന്നാലെയുണ്ട്. ഇന്ന് ജയിക്കുന്ന ടീം പ്ലേ ഓഫിലെത്തുമെന്നതിനാല്‍ ബുണ്ടസ്‌ലിഗ ചാംപ്യന്‍മാരും ലാലിഗ ചാംപ്യന്‍മാരും തമ്മിലുള്ള മത്സരം കടുക്കും.
നേരത്തേ ലീഗില്‍ ബാഴ്‌സ ഡോര്‍ട്ട്മുണ്ടിന്റെ തട്ടകത്തില്‍ ചെന്ന് അവരെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. ഇന്ന് ഡോര്‍ട്ട്മുണ്ടിനെ സ്വന്തം മൈതാനമായ ക്യാംപ്നൗവില്‍ ബാഴ്‌സ വിരുന്നൂട്ടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ബാഴ്‌സ കളിമെനയും.
ലാലിഗയിലെ അവസാന മത്സരത്തില്‍ ലെഗാനസിനെ പരാജയപ്പെടുത്തിയാണ് വീണ്ടുമൊരു ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിനായുള്ള ബാഴ്‌സയുടെ വരവ്. ചാംപ്യന്‍സ് ലീഗിലാവട്ടെ, ഒടുവിലെ കളിയില്‍ ദുര്‍ബലരായ സ്ലാവിയ പ്രാഹയുമായി പ്രതീക്ഷയോടെ പോരടിച്ചെങ്കിലും ഗോളൊന്നുമടിക്കാതെയാണ് ടീം അവരുടെ നാട്ടില്‍നിന്ന് വണ്ടി കയറിയത്. എന്നാല്‍ ഇന്ന് ഒരുങ്ങിത്തന്നെയാണ് ബാഴ്‌സയുടെ പുറപ്പാട്. അതേസമയം, അവസാന മത്സരത്തില്‍ ഇന്ററിനെ 3-2ന് പരാജയപ്പെടുത്തിയ ഹുങ്കോടെയാണ് ഡോര്‍ഡ്മുണ്ടിന്റെ തയാറെടുപ്പ്.
ബാഴ്‌സയുടെ സ്‌ട്രൈക്കിങ് തുരുപ്പുചീട്ടുകളായ മെസ്സിയേയും സുവാരസിനേയും ഗ്രീസ്മാനെയും ഇറക്കാനാണ് വാല്‍വെര്‍ഡേയുടെ പ്ലാന്‍. കണക്ടിങ് പാസിനായി മിഡ്ഫീല്‍ഡില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്, അര്‍തുറോ വിദാല്‍, ഫ്രാങ്കി ഡി ജോങ് എന്നിവരും കോച്ചിന്റെ ലിസ്റ്റിലുണ്ട്. ഗോള്‍വലയ്ക്ക് കീഴില്‍ സൂപ്പര്‍ ഗോളി ടെര്‍സ്റ്റീഗനെ ഇറക്കാനാണ് സാധ്യത.
അതേസമയം, മാര്‍ക്കോ റിയൂസും മാറ്റ് ഹമ്മല്‍സും ഉള്‍പ്പെടുന്ന ബൊറൂസിയയുടെ പേരുകേട്ട ആക്രമണ നിരയെ ചെറുത്തു തോല്‍പ്പിക്കാന്‍ സെര്‍ജിയോ റോബര്‍ട്ടോയെയും സാമുവല്‍ ഉംറ്റിറ്റിയേയും ജീന്‍ ക്ലെയര്‍ ടോബിഡോയെയും കൊണ്ട് പ്രതിരോധം തീര്‍ക്കാനാകുമെന്നാണ് ബാഴ്‌സ കോച്ചിന്റെ വിലയിരുത്തല്‍.
ലിവര്‍പൂളും
ഒരുങ്ങിത്തന്നെ
ഇന്ന് നാപ്പോളിക്കെതിരേ പോരിനിറങ്ങുമ്പോള്‍ ആശങ്കയാണ് ലിവര്‍പൂള്‍ ആരാധകരുടെ മനസില്‍.
മത്സരം ലിവര്‍പൂളിന്റെ മടയായ ആന്‍ഫീല്‍ഡിലാണെങ്കിലും എതിരാളികള്‍ ഇറ്റാലിയന്‍ സീരി എയിലെ കൊലകൊമ്പന്‍മാരാണെന്നതിനാല്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക് ജയിക്കണമെങ്കില്‍ നന്നായി വിയര്‍ക്കേണ്ടി വരും.
ഗ്രൂപ്പ് ഇയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണിവര്‍. ഇരു ടീമും നാലു കളികളിലിറങ്ങിയപ്പോള്‍ ലിവര്‍പുളിന് ഒന്‍പത് പോയിന്റും നാപ്പോളിക്ക് എട്ട് പോയിന്റുമാണുള്ളത്.
ജയിച്ചാല്‍ ലിവര്‍പൂളിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാം. മറിച്ച് നാപ്പോളിയാണ് ജയിക്കുന്നതെങ്കില്‍ നാപ്പോളിക്ക് അടുത്തഘട്ടം ഏറെക്കുറേ ഉറപ്പിക്കാം. ഇരുവര്‍ക്കും ഇനിയും ഒരു മത്സരം അവശേഷിക്കുന്നുണ്ട്.
ലീഗില്‍ അവസാന മത്സരത്തില്‍ ഇറങ്ങിയ മൂന്ന് കളികളില്‍ മൂന്നും ജയിച്ചാണ് ലിവര്‍പൂളിന്റെ രംഗപ്രവേശമെങ്കില്‍ അവസാന മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സാല്‍സ്ബര്‍ഗിനോടേറ്റ 1-1ന്റെ സമനിലയോടെയാണ് നാപ്പോളി ബൂട്ട് കെട്ടുന്നത്.
ലിവര്‍പൂളിന്റെ മധുരപ്രതികാരത്തിനുള്ള മത്സരമായാണ് ഇതിനെ ആരാധകര്‍ ഉറ്റുനോക്കുന്നത്.
നേരത്തേ ലീഗിലെ തുടക്കമത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരാണെന്ന വീമ്പുമായി നാപ്പോളിയോട് കൊമ്പുകോര്‍ത്ത ലിവര്‍പൂളിന് പക്ഷേ 2-0ന്റെ പരാജയത്തോടെ മടങ്ങേണ്ടി വന്നു.
എന്നാല്‍ അതേ ടീം തന്നെ ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ പോരിനായെത്തുമ്പോള്‍ ലിവര്‍പൂള്‍ രണ്ടും കല്‍പ്പിച്ചുതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."