മാനന്തവാടിയിലെ മത്സ്യ മാര്‍ക്കറ്റ്; അടച്ചു പൂട്ടിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
മാനന്തവാടി: മത്സ്യം, മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടി കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. മാലിന്യ സംസ്‌കരണത്തിന് അവശ്യമായ സംവിധാനങ്ങള്‍ നഗരസഭ ഒരുക്കിയില്ലെന്ന പരാതിയെ തുടര്‍ന്നാണ് സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് മാനന്തവാടി നഗരസഭയുടെ കീഴിലുള്ള മത്സ്യമാംസ മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയത്.
ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ നഗരസഭ ജീവനക്കാര്‍ എത്തി മാര്‍ക്കറ്റ് പൂട്ടി സീല്‍ ചെയ്തിരുന്നു. മാര്‍ക്കറ്റ് സീല്‍ ചെയ്ത നടപടി ചോദ്യം ചെയ്ത് കൊണ്ട് എരുമത്തെരുവിലെ ചോലയില്‍ ഉസ്മാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് നഗരസഭയുടെ ഉത്തരവ് ഈ മാസം 13 വരെ സ്റ്റേ ചെയ്ത് ഉത്തരവായത്. ഹൈക്കോടതി ഉത്തരവിന്റെ കോപ്പി സബ് കലക്ടര്‍ക്കും നഗരസഭാ സെക്രട്ടറിക്കും നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മതിയായ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാത്തതിനാല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്നും പറഞ്ഞാണ് മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍സബ്ബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് കൂടിയായ സബ്ബ് കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
ഇതോടെ മാനന്തവാടി നഗരത്തിലെ മത്സ്യ മാംസ വില്‍പ്പന പൂര്‍ണമായും നിലച്ചിരുന്നു. അതിനിടെ മാര്‍ക്കറ്റ് പൂട്ടിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സബ് കലക്ടറോടും നഗരസഭ അധികൃതരോടും ചര്‍ച്ച നടത്തിയെങ്കിലും മാലിന്യ സംസ്‌കരണത്തിന് താല്‍കാലിക സംവിധാനം ഒരുക്കിയാല്‍ മാത്രമെ മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കാന്‍ പറ്റൂ എന്ന നിലപാടിലായിരുന്നു നഗരസഭയും ബന്ധപ്പെട്ട അധികൃതരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."