അങ്കണവാടി കെട്ടിടത്തിന് അനുവദിച്ച ഫണ്ട് വകമാറ്റിയെന്ന് ആക്ഷേപം
മേപ്പാടി: ജയ്ഹിന്ദ് അങ്കണവാടിയുടെ പുതിയ കെട്ടിട നിര്‍മാണത്തിനായി അനുവദിച്ച ഫണ്ട് പഞ്ചായത്ത് അധികൃതര്‍ ഏകപക്ഷീയമായി വകമാറ്റുകയും സംഖ്യയില്‍ കുറവ് വരുത്തുകയും ചെയ്തതായി ആക്ഷേപം.
ഇതുകാരണം പ്രവൃത്തി ഏറ്റെടുത്ത കമ്മിറ്റിക്ക് എസ്റ്റിമേറ്റില്‍ പറഞ്ഞിട്ടുള്ള വിധത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നിരിക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നത്.
2014ല്‍ അഞ്ചേമുക്കാല്‍ ലക്ഷം രൂപയുടെ ആദ്യ എസ്റ്റിമേറ്റുണ്ടാക്കിയിരുന്നു. എന്നാല്‍ തുക അപര്യാപ്തമാണെന്ന് കണ്ട് പിന്നീട് തുക വര്‍ധിപ്പിച്ച് ഏഴര ലക്ഷമാക്കി. ഗുണഭോക്തൃ കമ്മിറ്റിയുടെ പേരില്‍ എഗ്രിമെന്റ് വെയ്ക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. കെട്ടിടം, ടോയ്‌ലറ്റ്, മുറ്റം ഇന്റര്‍ലോക്ക് ടൈല്‍സ് പതിക്കല്‍ എല്ലാം അടങ്ങിയതാണ് പ്രവൃത്തി. പണി ഏതാണ്ട് മുക്കാല്‍ ഭാഗവും പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ ഫണ്ട് അഞ്ച് ലക്ഷമേയുള്ളു എന്നാണെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. അഞ്ച് ലക്ഷം രൂപയേ തരാന്‍ കഴിയൂ എന്ന് അധികൃതര്‍ പറയുമ്പോള്‍ അവശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാവില്ലെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. ഏഴര ലക്ഷത്തിന്റെ എസ്റ്റിമേറ്റില്‍ ആരംഭിച്ച പ്രവൃത്തിക്ക് ഫണ്ട് അഞ്ച് ലക്ഷമായി ചുരുങ്ങിയതെങ്ങിനെയാണെന്നാണ് കമ്മിറ്റിക്കാര്‍ ചോദിക്കുന്നത്. ഏഴര ലക്ഷത്തിനാണ് കമ്മിറ്റി എഗ്രിമെന്റ് ഒപ്പിട്ടിരിക്കുന്നതെങ്കിലും അഞ്ച് ലക്ഷം രൂപയേ ഈ വര്‍ഷം വകയിരുത്തിയിട്ടുള്ളുവെന്ന് പ്രസിഡന്റ് ഷഹര്‍ബാന്‍ സെയ്തലവിയും പറയുന്നു.
ബാക്കി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന് എന്‍ജിനിയറുടെ വാല്വേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ബാക്കി തുക നല്‍കാവുന്നതാണെന്നും അവര്‍ പറയുന്നു.
എന്നാല്‍ പണം ലഭിക്കാതെ തങ്ങള്‍ എങ്ങനെ പണി പൂര്‍ത്തീകരിക്കുമെന്നാണ് കമ്മിറ്റിക്കാര്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."