പരിശോധനകളില്ല; കെ.എസ്.ആര്.ടി.സി ബസുകള്‍ തുപ്പുന്നത് വിഷപ്പുക
കുന്നുംകൈ: ജില്ലയില്‍ വിഷപ്പുക തുപ്പുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകുന്നതായി ആക്ഷേപം. ജില്ലയിലെ പല കെ.എസ്.ആര്.ടി.സി ബസുകളിലെയും പുക പരിശോധന നടത്താതെയാണ് നിരത്തിലിറക്കുന്നതെന്നാണ് ആരോപണം.
സര്‍ക്കാര്‍ വാഹനങ്ങള്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ പരിശോധിക്കാത്തതിനാല്‍ അവക്കൊന്നും പേരിനു പോലും സര്‍ട്ടിഫിക്കറ്റില്ല. അന്തരീക്ഷ മലിനീകരണത്തെ നിസ്സാരമായി തള്ളിക്കളയുകയാണ് കെ.എസ്.ആര്.ടി.സി ബസുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ചെയ്യുന്നത്.
സ്വകാര്യ പുക പരിശോധന നടത്തിപ്പുകാര്‍ ആറു മാസം കൂടുമ്പോള്‍ ഡിപ്പോയിലെത്തി പുക പരിശോധിക്കാറാണ് പതിവ്. പക്ഷെ ഇത് എത്രത്തോളം ഫലപ്രദമായി നടപ്പിലാകുമെന്നതില്‍ അധികൃതര്‍ക്ക് തന്നെ നിശ്ചയമില്ല.
ഇത്തരം പരിശോധനകള്‍ പലപ്പോഴും പ്രഹസനമാകുകയാണ പരാതി നേരെത്തെ തന്നെ ഉണ്ട്. കെ.എസ്.ആര്.ടി.സിയുടെ പഴയ വാഹനങ്ങള്‍ മാത്രമല്ല കോര്പറേഷന് നിരത്തിലിറക്കിയ പുതിയ ബസുകളായ ലോ ഫ്ലോര്‍, വോള്‍വോ ബസുകളും വന്‍ അന്തരീക്ഷ മലിനീകരണമാണ് സൃഷ്ട്ടിക്കുന്നത്.
വര്‍ഷത്തില്‍ ഒരിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കുമ്പോള്‍ പരിശോധിക്കുമെങ്കിലും ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ വീണ്ടും പഴയ സ്ഥിതിയിലാവും.
വര്‍ക്ക് ഷോപ്പുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്തതും ഉപകരണമില്ലാത്തതും കെ.എസ്.ആര്.ടി.സി മെക്കാനിക്കുകള്‍ക്ക് പുതിയ ബസുകളെ കുറിച്ചുള്ള പരിശീലനം ലഭിക്കാത്തതും മുഖ്യകാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
ഇത്തരത്തില്‍ തുപ്പുന്ന വിഷപ്പുകകള്‍ വന്‍ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ട്ടിക്കുന്നതെന്നു പഠനം വ്യക്തമാക്കുന്നു. പുകയുടെ തോത് അധികമുള്ള സ്വകാര്യ വാഹനങ്ങളും പേരിനു പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."