ക്യു.ആര്‍.കോഡുകള്‍ കുട്ടികള്‍ക്ക് വീട്ടിലും ഉപയോഗിക്കാം: ഹൈടെക് പരിശീലനത്തില്‍ വിജയം വരിച്ചത് 1.57 ലക്ഷം അമ്മമാര്‍
തിരുവനന്തപുരം: പഠന പ്രവര്‍ത്തനങ്ങളില്‍ ഇനി സ്മാര്‍ട്ട് ഫോണുകള്‍ മര്‍മ പ്രധാനമാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ 'ലിറ്റില്‍ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകള്‍ വഴി നടപ്പാക്കിയ അമ്മമാര്‍ക്കുള്ള ഹൈടെക് പരിശീലനത്തില്‍ ആദ്യ ഘട്ടത്തില്‍ 1.57 ലക്ഷം പേര്‍ പരിശീലനം നേടി.
കേരളത്തിലെ സ്‌കൂളുകളില്‍ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടാനും, 'സമഗ്ര' പോര്‍ട്ടല്‍, പാഠപുസ്തകത്തിലെ ക്യു.ആര്‍. കോഡുകള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് വീട്ടിലും ഉപയോഗിക്കാന്‍ സാഹചര്യം ഒരുക്കുകയായിരുന്നു ഹൈടെക് പരിശീലന പദ്ധതിയുടെ ലക്ഷ്യം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് ഉപയോഗം രക്ഷിതാക്കളില്‍ വ്യാപകമായ സന്ദര്‍ഭത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്. വീടുകളിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങളില്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
ഒമ്പത്, പത്ത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് റിസോഴ്‌സുകള്‍ ഉപയോഗിക്കുന്ന വിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്‌റൂം പഠന രീതി പരിചയപ്പെടല്‍, സമഗ്ര പോര്‍ട്ടലിലെ പഠന വിഭവങ്ങള്‍ ഉപയോഗിക്കുന്നവിധം, വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികള്‍, സമേതം പോര്‍ട്ടലിലെ സൗകര്യങ്ങള്‍, സൈബര്‍ സുരക്ഷ എന്നിവയാണ് വിവിധ സെഷനുകളിലായി പരിചയപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പേര്‍ പരിശീലനം നേടിയത് മലപ്പുറം ജില്ലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."