'കേരളം ഭരിക്കുന്നത് സി.പി.എമ്മിന്റെ മാത്രം സര്‍ക്കാരല്ലെന്ന് പൊലിസ് ഓര്‍ക്കുന്നത് നന്ന്'
അന്തിക്കാട്: കേരളം ഭരിക്കുന്നത് സി.പി.എമ്മിന്റെ മാത്രം സര്‍ക്കാരല്ലെന്നു പൊലിസ് ഓര്‍ക്കുന്നതു നന്നെന്നു സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പറഞ്ഞു. സി.പി.ഐ താന്ന്യം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആക്രമിച്ച പ്രതികളെ 12 ദിവസം കഴിഞ്ഞിട്ടും അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ചു നടത്തിയ പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
അന്തിക്കാടിന്റെ സമര ചരിത്രം അറിയാത്ത പൊലിസുകാര്‍ അത് അറിഞ്ഞു കൊണ്ടു പ്രവര്‍ത്തിക്കുന്നതായിരിക്കും നല്ലത്. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ യുടെയും യൂനിറ്റ് പ്രവര്‍ത്തകരെപോലെ സി.ഐ മനോജ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതി അംഗീകരിക്കാനാവില്ല. ഇടതു സര്‍ക്കാരിന്റെ പൊലിസ് നയം നടപ്പിലാക്കാന്‍ തയ്യാറാകാത്തതാണ് സ്റ്റേഷന് മാര്‍ച്ച് നടത്തി റോഡ് ഉപരോധിക്കേണ്ടി വന്നതെന്നും വത്സരാജ് വ്യക്തമാക്കി.
സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആര് മുരളീധരന് അധ്യക്ഷനായി. ജില്ലാ അസി.സെക്രട്ടറി ടി.ആര് രമേഷ് കുമാര്‍, ജില്ലാ കൗണ്‍സില്‍ അംഗം സി.സി മുകുന്ദന്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് കെ.പി സന്ദീപ്, കെ.എം കിഷോര്‍ കുമാര്‍ സംസാരിച്ചു. പുത്തന്‍പീടിക സെന്ററില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് അന്തിക്കാട് പൊലിസ് സ്റ്റേഷനു നൂറുവാര അകലെ പൊലിസ് തടഞ്ഞു.
സി.പി.ഐ പ്രവര്‍ത്തകരുമായി പൊലിസ് ഉന്തും തള്ളുമാവുകയും സംഘര്‍ഷത്തിലേക്കു നീങ്ങുകയും ചെയ്തു. ഇതിനിടെ 20 ഓളം മഹിളാ സംഘം പ്രവര്‍ത്തകര്‍ പൊലിസ് വലയം ഭേദിച്ച് സ്റ്റേഷനു മുന്നിലേക്ക് മുദ്രാവാക്യം വിളിച്ച് മാര്‍ച്ച് നടത്തി. പൊലിസ് വാന്‍ കുറുകെ ഇട്ടാണ് മുദ്രാവാക്യം വിളിച്ചെത്തിയ വനിതാ പ്രവര്‍ത്തകരെ തടഞ്ഞത്. അതിനിടെ പൊലിസ് തടഞ്ഞ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ധര്‍ണ നടത്തി മുദ്രാവാക്യം വിളിച്ചു. വലപ്പാട് സി.ഐ ടി.കെ ഷൈജു, അന്തിക്കാട് എസ്.ഐ കെ.എസ് സൂരജ്, ചേര്‍പ്പ് എസ്.ഐ എസ്.ആര് സനീഷ്, വാടാനപ്പള്ളി എസ്.ഐ രമേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് മാര്‍ച്ച് തടഞ്ഞത്.സി.കെ കൃഷ്ണകുമാര്‍, ഷിബു കൊല്ലാറ, ഷൈജു, ഷീന പറയങ്ങാട്ടില്‍, സജനപര്വിന്, ഗില്‍ഡ പ്രേമന്, സീന അനില്‍കുമാര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."