അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ പ്രകാരം കോഴിക്കോട്ട് അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം നിരസിച്ചു. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തിയ ഇരുവര്‍ക്കുമെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത്. അന്വേഷണം പുരോഗമിക്കുകയാണന്നും പ്രതികള്‍ക്ക് ഉന്നത മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടതെന്നുമുള്ള സര്‍ക്കാര്‍ വാദവും കോടതി കണക്കിലെടുത്തു. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
നവംബര്‍ ഒന്നിന് കോഴിക്കോട് പന്തീരാങ്കാവില്‍ വൈകിട്ട് ഏഴുമണിയോടെ പൊലിസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ ബാഗില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെടുത്തിരുന്നു. താഹയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവും ലാപ്‌ടോപ്പും സിം കാര്‍ഡും നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തിരുന്നു. കേസിലെ മൂന്നാം പ്രതി സി.പി ഉസ്മാനെ ഇനിയും പിടികിട്ടിയിട്ടില്ല . ഉസ്മാനെതിരേ 5 യു.എ.പി.എ കേസുകള്‍ ഉണ്ടന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."