ഫാര്‍മസി അധ്യാപകര്‍ക്ക് പിടിവീഴും; വിവരശേഖരണത്തിന് പ്രത്യേക സോഫ്റ്റ്‌വെയര്‍
തിരുവനന്തപുരം: ഫാര്‍മസി കൗണ്‍സിലിന്റെ പരിശോധനാസമയത്ത് മാത്രം അധ്യാപക വിദ്യാര്‍ഥി അനുപാതം കൃത്യമാക്കുന്ന ഫാര്‍മസി കോളജുകളുടെ കള്ളക്കളിക്ക് പി.സി.ഐയുടെ മൂക്കുകയര്‍. ഫാര്‍മസി കോളജുകളിലെ അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പി.സി.ഐ പ്രത്യേക സോഫ്റ്റ്‌വെയര്‍ തയാറാക്കിക്കൊണ്ടാണ് ഇതിനു തടയിടുന്നത്.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് ഇത് തയാറാക്കുന്നത്. ഇതോടെ എല്ലാ ഫാര്‍മസി കോളജ് അധ്യാപകരുടെയും വിവരങ്ങള്‍ പി.സി.ഐയുടെ വിരല്‍ തുമ്പിലെത്തും. നിലവില്‍ ഒരാള്‍തന്നെ വിവിധ കോളജുകളില്‍ അധ്യാപനം നടത്തുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ഒത്തുകളി കണ്ടെത്തിയതോടെയാണ് അധ്യാപക വിവരശേഖരത്തിനായി സോഫ്റ്റ്‌വെയര്‍ തയാറാക്കാന്‍ തീരുമാനിച്ചത്.
സോഫ്റ്റ്‌വെയര്‍ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയതായും അടുത്ത അധ്യയന വര്‍ഷത്തോടെ പ്രാവര്‍ത്തികമാകുമെന്നുമാണ് ലഭിക്കുന്ന വിവരം. ഇതോടെ രാജ്യത്തെ ഏതെങ്കിലും ഒരു ഫാര്‍മസി കോളജില്‍ ഒരാള്‍ അധ്യാപകനായി ജോലിക്ക് കയറിയാല്‍ ആ വ്യക്തിയുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടും.
പിന്നീട് ഈ അധ്യാപകന്‍ മറ്റേതെങ്കിലും കോളജില്‍ ജോലിക്ക് ശ്രമിച്ചാല്‍ കൈയോടെ പിടിയിലാകുമെന്നതാണ് ഇതിന്റെ ഗുണം. ഇത് പി.സി.ഐയുടെ പരിശോധനയും എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍.
ഓരോ അധ്യയന വര്‍ഷവും നടത്തുന്ന പരിശോധനാ സമയങ്ങളില്‍ പി.സി.ഐ പ്രാധാന്യം നല്‍കുന്നത് അധ്യാപകരുടെ എണ്ണത്തിലും യോഗ്യതയിലുമാണ്. അധ്യാപകന്റെ പേര് സോഫ്റ്റ്‌വെയറിന് നല്‍കുമ്പോള്‍ രജിസ്‌റ്റേര്‍ഡ് ഫാര്‍മസിസ്റ്റ് ആണോ കൃത്യമായ യോഗ്യതയുണ്ടോ തുടങ്ങി എല്ലാ വിവരങ്ങളും കംപ്യൂട്ടറില്‍ അറിയാന്‍ സാധിക്കും. നിലവില്‍ രാജ്യത്ത് പല അധ്യാപകരും ജോലിയില്‍ നിന്ന് അവധിയെടുത്ത് മറ്റു സംസ്ഥാനങ്ങളില്‍ ഉയര്‍ന്നവരുമാനത്തിന് അധ്യാപനം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ കള്ളക്കളിയും ഇനി നടക്കില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വ്യക്തിക്ക് സംസ്ഥാനം വിട്ട് ജോലിക്ക് പോകണമെങ്കില്‍ ഇനി രാജിവയ്‌ക്കേണ്ടി വരും. രാജിവച്ചാല്‍ അക്കാര്യവും കൃത്യമായി പി.സി.ഐക്ക് റിപ്പോര്‍ട്ട് ചെയ്യണം. അല്ലെങ്കില്‍ അത് അധ്യാപകര്‍ക്ക് പിന്നീട് കെണിയാകും. ഇത്തരത്തിലുള്ള നിരവധി പരാധികള്‍ മുന്‍പും പി.സി.ഐക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി തയാറാക്കുന്നത്. സോഫ്റ്റ്‌വെയര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഫാര്‍മസി കോളജുകളുടെ പ്രവര്‍ത്തനം സുതാര്യമാകുമെന്നാണ് പി.സി.ഐയുടെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."