കാടുകയറി പാറമ്മല്‍-തുടിക്കല്‍ റോഡ്; ദുരിതയാത്ര
കൊപ്പം: ഇരുവശവും കാട് കെട്ടിയ പാറമ്മല്‍ - തുടിക്കല്‍ റോഡിലൂടെ യാത്രക്കാര്‍ക്കും പരിസര വാസികള്‍ക്കും ദുരിതയാത്ര.
വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പാറമ്മല്‍ - തുടിക്കല്‍ കനാല്‍ റോഡരുകില്‍ കുറ്റിക്കാടുകള്‍ നിറഞ്ഞതാണ് യാത്രക്കാര്‍ക്കും പരിസര വാസികള്‍ക്കും പ്രയാസമാകുന്നത്. പാറമ്മല്‍ സെന്ററില്‍ നിന്ന് തുടിക്കല്‍ പ്രദശത്തേക്ക് പോകുന്ന കനാല്‍ റോഡിനിരുവശവും കുറ്റിക്കാടുകള്‍ വെട്ടിമാറ്റാന്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല.
പൊന്തക്കാടുകള്‍ കേന്ദ്രീകരിച്ചു മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യവും തള്ളുന്നത് മൂലം തെരുവ് നായകളുടെ ശല്യമുണ്ട്. തെരുവ് വിളക്കുകള്‍ കത്താത്ത റോഡിലൂടെ രാവും പകലും യാത്ര ദുസഹമായി. എടപ്പലം യത്തീംഖാന ഹൈസ്‌കൂള്‍ ഉള്‍പ്പെടെ വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ സഞ്ചരിക്കുന്ന പഞ്ചായത്ത് റോഡാണിത്. പാറമ്മല്‍ സെന്ററില്‍ നിന്നും തുടിക്കല്‍ വരെയും റോഡരുകില്‍ കുറ്റിക്കാടുകള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്നതാണ് ഭീതിജനകം. തുടിക്കല്‍ കനാലിനോട് ചേര്‍ന്നു പോകുന്ന റോഡോരത്തും കനാലിലും മാലിന്യം തള്ളുന്നതായും പരാതിയുണ്ട്.
കനാലിലും പരിസരത്തും കോഴിമാലിന്യം ഉള്‍പ്പെടെ നിക്ഷേപിക്കുന്നതിനാല്‍ തെരുവ് നായകളുടെ താവളമാണിവിടെ. കനാലില്‍ മാലിന്യം തള്ളുന്നത് കുടിവെള്ള സംഭരണികളെയും ബാധിക്കുന്നു. കനാലില്‍ കുളിക്കാനെത്തുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് തെരുവ് നായകളുടെ ശല്യം കാരണം പുറത്തിറങ്ങാനും നിവൃത്തിയില്ല. തുടിക്കല്‍ കനാല്‍ ഇത്തവണ ശുചീകരിച്ചിട്ടില്ലെന്നും റോഡരുകിലെ കുറ്റിക്കാടുകള്‍ വെട്ടി മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."