കടലാടിപ്പാറ ഖനനം: ജില്ലാ ഭരണകൂടത്തിനെതിരേ 'ആശാപുര' കേന്ദ്രത്തെ സമീപിക്കുന്നു
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനത്തിനു മുന്നോടിയായുള്ള പാരിസ്ഥിതികാഘാത പഠനത്തിനു ജില്ലാ ഭരണകൂടം തടസം നില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി മുംബൈ ആസ്ഥാനമായുള്ള ആശാപുര കമ്പനി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ഖനി മന്ത്രാലയം എന്നിവയ്ക്കാണു പരാതി നല്‍കുന്നത്.
കടലാടിപ്പാറയില്‍ പാരിസ്ഥിതികാഘാത പഠനത്തിനു സൗകര്യമൊരുക്കണമെന്നു കാണിച്ച് ഈ വര്‍ഷം ആറു കത്തുകള്‍ ആശാപുര ജില്ലാ കലക്ടര്‍ക്കു നല്‍കിയിരുന്നു.
എന്നാല്‍ അവയിന്മേല്‍ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായില്ല. ഇതേത്തുടര്‍ന്നാണു കേന്ദ്രത്തെ സമീപിക്കാന്‍ കമ്പനി തീരുമാനിച്ചത്. പഠനത്തിനു സാഹചര്യമൊരുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കണമെന്നാണു അവരുടെ ആവശ്യം.
പ്രമുഖ അഭിഭാഷകര്‍ മുഖേനയാണു ആശാപുര കേന്ദ്രത്തിനു കത്തു നല്‍കുന്നത്. അതിനൊപ്പം കേന്ദ്രസര്‍വീസിന്റെ ഭാഗമായ ജില്ലാ കലക്ടര്‍ക്കെതിരെ നടപടിയെടുപ്പിക്കാനുള്ള സമ്മര്‍ദ്ദവും കമ്പനി തുടങ്ങിയിട്ടുണ്ട്.
അടുത്ത മാസത്തിനുള്ളില്‍ പാരിസ്ഥിതികാഘാത പഠനം തുടങ്ങിയില്ലെങ്കില്‍ ഖനത്തിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ പ്രാഥമികാനുമതി റദ്ദാവും. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി പഠനം നടത്താനാണ് കമ്പനി ശ്രമിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിയില്‍ പഠനത്തിനെന്ന പേരില്‍ ആശാപുരയുടെ സംഘം സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു തിരിച്ചു പോകേണ്ടി വന്നിരുന്നു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജെ.അന്‍സാരിയുടെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."