റിട്ട. എസ്.ഐയുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചു തലയ്ക്കടിക്കാന്‍ ഉപയോഗിച്ച കമ്പി കണ്ടെത്തി
ആര്‍പ്പൂക്കര: റിട്ട.എസ്.ഐയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു. പൊലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ശേഷം തിരുവഞ്ചൂരില്‍ കഴിഞ്ഞ ദിവസം പിടിയിലായ തെള്ളകം മുടിയൂര്‍ക്കര കണ്ണാമ്പടം ജോര്‍ജ് കുര്യനാണ് (ഷിജോ, 45) കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് റിട്ട.എസ്.ഐ പറയകാവില്‍ ആര്.ശശിധരനെ (62) വീടിനു സമീപത്തെ റോഡരികില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് പൊലിസ് നടത്തിയ തിരച്ചിലില്‍ അടിക്കാന്‍ ഉപയോഗിച്ച കമ്പിവടി കണ്ടെത്തി. പാറമ്പുഴ കുഴിയാലിപ്പടി ഭാഗത്ത് റോഡരികിലെ തോട്ടില്‍ കമ്പി ഉപേക്ഷിച്ചതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. മൂന്നായി മുറിച്ച ശേഷമാണ് കമ്പി തോട്ടില്‍ ഉപേക്ഷിച്ചത്. ഇവിടെ നടത്തിയ തിരച്ചിലില്‍ കമ്പിയുടെ രണ്ട് കഷണം പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ സംശയം ഉന്നയിച്ചതോടെയാണ് ശശിധരന്റെ അയല്‍വാസിയായ സിജുവിനെ ഞായറാഴ്ച തന്നെ കസ്റ്റഡിയില്‍ എടുത്തത്. പൊലിസ് ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെ ഷിജോ പൊലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പൊലിസ് ഇയാളെ വിട്ടയക്കുകയായിരുന്നു എന്നും പറയുന്നുണ്ട്. പ്രതി രക്ഷപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗം അടക്കം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. പിന്നീട് ചൊവ്വാഴ്ചയാണ് ഇയാള്‍ വീണ്ടും പിടിയിലായത്.
ഏറ്റുമാനൂരിലെ ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ ചൊവ്വാഴ്ച രാത്രി മുഴുവന്‍ പൊലിസ് പ്രതിയെ ചോദ്യം ചെയ്തു. ഇതോടെയാണ് കുറ്റ സമ്മതം നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെ പ്രതിയുമായി ആയുധം ഉപേക്ഷിച്ച സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധത്തിന്റെ രണ്ടു ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ശശിധരനും ഷിജോയും തമ്മില്‍ 2014 മുതല്‍ അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നടന്നുവരികയാണ്. അതിനിടെ ശശിധരന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് ഗാന്ധിനഗര്‍ സി.ഐ. അനൂപ് ജോസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."