അപ്പാരല്‍ പാര്‍ക്ക് പദ്ധതി: അട്ടപ്പാടിയില്‍ 180 വനിതകള്‍ സ്വയംപര്യാപ്തതയിലേക്ക്
മണ്ണാര്‍ക്കാട്: പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗക്കാരായ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുളള തൊഴില്‍ പരിശീലന പദ്ധതി അപ്പാരല്‍ പാര്‍ക്ക് പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ 180 വനിതകള്‍ സ്വയംപര്യപ്തത നേടും. തൊഴില്‍രഹിതരായ പട്ടികവര്‍ഗ ജനതയുടെ വികസനം ലക്ഷ്യമാക്കി തൊഴില്‍ നൈപുണ്യത്തിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പട്ടികവര്‍ഗ വികസന വകുപ്പ് രൂപം നല്‍കിയ പദ്ധതിയാണ് അപാരല്‍ പാര്‍ക്ക്. വിദ്യാഭ്യാസ-സാമൂഹികസാമ്പത്തിക-തൊഴില്‍ രംഗങ്ങളില്‍ താഴെത്തട്ടിലുള്ളവരെ വൈവിധ്യമാര്‍ന്ന പദ്ധതികളില്‍ ഉള്‍പെടുത്തി മുഖ്യധാരയിലെത്തിക്കുകയാണ് വകുപ്പ്. പദ്ധതിയിലൂടെ അട്ടപ്പാടിയിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള അഞ്ചാം ക്ലാസ് പാസായ 180 വനിതകള്‍ക്കാണ് അപാരല്‍ പാര്‍ക്കില്‍ ആദ്യഘട്ട പരിശീലനം നല്‍കുന്നത്. തൃശൂരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍സ് ഡിസൈനിങ്ങ് (ഐ.ഐ.റ്റി.ഡി) മുഖേനയാണ് പരിശീലനം നല്‍കുന്നത്. ആധുനികരീതിയിലുള്ള മുത്തുകള്‍, എംബ്രോയ്ഡറി വര്‍ക്കുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സാരി, നൈറ്റി എന്നിവയുടെ നിര്‍മാണം, തയ്യല്‍ പരിശീലനം, തുണി ചാക്ക് ഉപയോഗിച്ചുള്ള ബാഗുകളുടെ പരിശീലനമാണ് പുരോഗമിക്കുന്നത്. ഒന്നരമാസത്തിനുള്ളില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നതിനുസരിച്ച് ഒരു സൊസൈറ്റിയുടെ കീഴില്‍ വസ്ത്ര നിര്‍മാണ യൂനിറ്റ് സ്ഥാപിച്ച് വനിതകള്‍ക്ക് സ്ഥിരം തൊഴില്‍ ഉറപ്പുവരുത്തുകയാണ്് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2018 ജൂലൈയില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമനിയമ സാംസ്‌ക്കാരിക പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്ത പദ്ധതി പ്രളയ സംബന്ധമായി ഉണ്ടായ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായിട്ടുണ്ട്. അട്ടപ്പാടി അഗളി ക്യാംപ് സെന്ററിലാണ് അപ്പാരല്‍ പാര്‍ക്ക് പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വസ്ത്ര നിര്‍മാണ യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള സഹായ സജ്ജീകരണങ്ങളും പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി ആദ്യത്തോടെ പൂര്‍ത്തികരിക്കുന്ന അപ്പാരല്‍ പാര്‍ക്ക് പരിശീലനം അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീകളുടെ വികസനത്തിന് നാഴികക്കല്ലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."