അത്താണി ക്വാറി അടച്ചുപൂട്ടണമെന്ന്
കല്‍പ്പറ്റ: വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് അത്താണി ക്വാറി അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ക്വാറി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വ്യാജ രേഖകള്‍ ഉണ്ടാക്കി വെള്ളമുണ്ട വില്ലേജ് ഓഫിസര്‍ ക്വാറി ഉടമയെ സഹായിക്കുകയാണെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. പണിയ, കുറിച്യ, കാട്ടുനായ്ക്ക വിഭാഗങ്ങളിലായി 75 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് നിയമ വിരുദ്ധമായി ക്വാറി പ്രവര്‍ത്തിപ്പിക്കുന്നത്.
കാട്ടുനായ്ക്ക വിഭാഗത്തിലെ പാറു എന്ന ആദിവാസി സ്ത്രീയുടെ ഭൂമിയും കൈയേറിയിട്ടുണ്ട്. ആദിവാസികള്‍ക്കും പരിസ്ഥിതിക്കും ഭീഷണിയായ ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും നടത്തി.
കലക്ടര്‍ ക്വാറിക്കെതിരെ നടപടിയെടുത്തുവെങ്കിലും ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും ക്വാറി തുറന്നു. തെറ്റായ ലൊക്കേഷന്‍ സ്കെച്ച് വരച്ച് നല്കി വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ ക്വാറി ഉടമയെ സഹായിക്കുകയാണ്. ആദിവാസി ഭൂമിയും സര്‍ക്കാര്‍ ഭൂമിയും കൈയേറിയത് സംബന്ധിച്ച് നിരവധി പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.
ക്വാറി ഉടമയുടെ പേരിലുള്ള ഭൂമി നിലവില്‍ ലാന്‍ഡ് ബോര്‍ഡില്‍ കേസിലുള്‍പ്പെട്ടതാണ്. ഈ ഭൂമിയിലാണ് ക്വാറി ലൈസന്‍സ് നേടിയത്. ഇതിനെതിരേ അടിയന്തിര നടപടി സ്വീകരിക്കണം. വാര്‍ത്താ സമ്മേളനത്തില്‍ ഇ.കെ. രാധാകൃഷ്ണന്, കെ.എസ്. ഹരിദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."