കശ്മിരില്‍ ഇസ്റാഈലി മാതൃക നടപ്പാക്കുമെന്ന് യു.എസിലെ ഇന്ത്യന്‍ നയതന്ത്രജ്ഞന്
ന്യൂയോര്‍ക്ക്: ഇസ്റാഈല്‍ ഫലസ്തീനില്‍ നിര്‍മിച്ച പോലെ കശ്മിരി പണ്ഡിറ്റുകള്‍ക്കായി ഇന്ത്യ അവിടെ പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മിച്ചുനല്‍കുമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍. ന്യൂയോര്‍ക്കില്‍ സ്വകാര്യ ചടങ്ങില്‍ കശ്മിരി പണ്ഡിറ്റുകളോടു സംസാരിക്കവെയാണ് കോണ്‍സല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുമ്പോള്‍ അഭയാര്‍ഥികള്‍ക്ക് തിരിച്ചുപോകാനാവും. നിങ്ങളുടെ ജീവിതകാലത്തു തന്നെ അതു സാധ്യമാകുമെന്നു കരുതുന്നു. കാരണം നമുക്ക് ലോകത്ത് അതിനൊരു മാതൃകയുണ്ട്. പശ്ചിമേഷ്യയിലത് സംഭവിച്ചു. ഇസ്റാഈല്‍ ജനതക്കത് സാധ്യമായെങ്കില്‍ നമുക്കും സാധിക്കും- ചക്രവര്‍ത്തി പറഞ്ഞു.
കശ്മിരി ഹിന്ദുക്കളെ 1990കളില്‍ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചെന്നു പറഞ്ഞ് വിവേക് അഗ്നിഹോത്രി ഒരുക്കുന്ന പുതിയ സിനിമയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിച്ചതായിരുന്നു ചടങ്ങ്. ചടങ്ങിന്റെ വിഡിയോ പുറത്തുവന്നതോടെ ചക്രവര്‍ത്തിയുടെ വാക്കുകള്‍ വിവാദമായി. വിദേശകാര്യമന്ത്രാലയം ചക്രവര്‍ത്തിയോട് വിശദീകരണം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
കശ്മിരിനെ ഫലസ്തീനോട് താരതമ്യം ചെയ്യുന്നത് ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെതിരാണ്. കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.
കശ്മിരിന്റെ സംസ്കാരമെന്നത് ഹിന്ദു സംസ്കാരമാണെന്ന് പ്രഖ്യാപിച്ച ചക്രവര്‍ത്തി ജൂതന്മാര് അവരുടെ സംസ്കാരം രാജ്യത്തിനു പുറത്ത് 2000 വര്‍ഷത്തോളം സജീവമായി നിലനിര്‍ത്തിയെന്നും കശ്മിരി സംസ്കാരം നിലനിര്‍ത്താന്‍ നമുക്കാവുമെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."