കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ശരദ് യാദവ്
ന്യൂഡല്‍ഹി: ബിഹാറില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നു ഭരണംപങ്കിട്ട് ഒരാഴ്ച കഴിയും മുന്‍പേ മുഖ്യമന്ത്രി നിതീഷ്‌കുമാറുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ശരദ് യാദവ് നരേന്ദ്രമോദി സര്‍ക്കാരിനെതിരേ നിശിത വിമര്‍ശനവുമായി രംഗത്ത്. കള്ളപ്പണം തിരികെകൊണ്ടുവരുമെന്നുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം നരേന്ദ്രമോദി സര്‍ക്കാര്‍ പാലിക്കുകയോ പാനമ കള്ളപ്പണ ഇടപാട് സംബന്ധിച്ച രേഖയില്‍ പേരുവന്നവരെ പിടികൂടുകയോ ചെയ്തില്ലെന്ന് ശരദ് യാദവ് കുറ്റപ്പെടുത്തി.
എന്തുകൊണ്ടാണ് പാനമാരേഖകളില്‍ പേരുവന്നവര്‍ ഇതുവരെ അറസ്റ്റിലാവാത്തത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ ഫസല്‍ ഭീമാ യോജന തികഞ്ഞ പരാജയമാണെന്നും ശരദ് യാദവ് ട്വിറ്ററില്‍ കുറിച്ചു. പദ്ധതി കര്‍ഷകര്‍ക്കല്ല സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു മാത്രമാണു സഹായമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിഹാറിലെ സഖ്യത്തിന്റെ ഭാഗമായി ശരത് യാദവ് കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെയാണു കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ചുള്ള ശരദ് യാദവിന്റെ ട്വീറ്റുകള്‍. എന്‍.ഡി.എയിലേക്കു മടങ്ങിപ്പോയ നിതീഷ് കുമാറിന്റെ നടപടിയില്‍ ശരദ് യാദവിന് എതിര്‍പ്പുണ്ടെന്ന സൂചനകള്‍ ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ നടപടി. മുതിര്‍ന്ന ജെ.ഡി.യു നേതാക്കളായ എം.പി വീരേന്ദ്രകുമാര്‍, അലി അന്‍വര്‍ അന്‍സാരി എന്നിവരാണ് നിതീഷിന്റെ നടപടിയെ പരസ്യമായി എതിര്‍ത്തവര്‍. ഇരുവരും ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ നിതീഷ് ചെയ്തതു ശരിയായില്ലെന്ന നിലപാടാണ് ശരദ് യാദവും സ്വീകരിച്ചത്.
എന്നാല്‍, നിതീഷിന്റെ കൂടുമാറ്റത്തെ ഇതുവരെ ശരദ് യാദവ് പരസ്യമായി വിമര്‍ശിച്ചിട്ടില്ല. വിഷയത്തില്‍ അര്‍ഥപൂര്‍ണമായ മൗനം തുടരുകയാണു യാദവ്. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാവും അദ്ദേഹം നിലപാട് പരസ്യമാക്കുക. നിതീഷ് പുറത്തുപോയതിനു പിന്നാലെ ബിഹാറിലെ മഹാസഖ്യത്തെ ശരദ് യാദവ് നയിക്കണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് അഭിപ്രായപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ മോദിസര്‍ക്കാരിനെ വിമര്‍ശിച്ചുള്ള യാദവിന്റെ ട്വീറ്റിനു വന്‍ രാഷ്ട്രീയ പ്രാധാന്യമാണു കൈവന്നിരിക്കുന്നത്. യാദവ് നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ അദ്ദേഹവുമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ഇടതുപക്ഷ നേതാക്കള്‍ ഇടയ്ക്കിടെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ എന്‍.ഡി.എ മുന്നണിയിലെത്തിക്കാന്‍ ബി.ജെ.പിയും ശ്രമം നടത്തുന്നുണ്ട്. ഇതിനിടെ, യാദവുമായി നേരിട്ടു സംസാരിക്കാന്‍ നിതീഷ് കുമാര്‍ ഈയാഴ്ച തന്നെ ഡല്‍ഹിയിലെത്തുമെന്ന് ജെ.ഡി.യു വൃത്തങ്ങള്‍ അറിയിച്ചു.
ബി.ജെ.പിയുമായുള്ള സഖ്യം സംസ്ഥാനത്ത് സാധ്യമായിട്ടുണ്ടെങ്കിലും ദേശീയതലത്തില്‍ സഖ്യം രൂപപ്പെട്ടിട്ടില്ല. സംസ്ഥാനത്തിനു പുറത്തുള്ള ജെ.ഡി.യു മുഖമായി അറിയപ്പെടുന്നത് യാദവാണ്. അതിനാല്‍ യാദവിനെക്കൂടി ഉള്‍പ്പെടുത്തി എന്‍.ഡി.എ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കാനും കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കാനും നിതീഷ് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകളും നിതീഷ് ഡല്‍ഹിയില്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."