ചൈനയിലെ ഉയിഗൂര്‍ ക്യാംപുകളെക്കുറിച്ച യു.എസ് ബാലികയുടെ ടിക്‌ടോക് വൈറലാകുന്നു
ബെയ്ജിങ്: ചൈനയിലെ സിന്‍ജിയാങ്ങില്‍ ന്യൂനപക്ഷവിഭാഗമായ ഉയിഗൂര്‍ മുസ്‌ലിംകളെ ക്യാംപുകളില്‍ പാര്‍പ്പിച്ച് അടിച്ചമര്‍ത്തുന്നതിനെ വിമര്‍ശിക്കുന്ന യു.എസ് ബാലികയുടെ ടിക്‌ടോക് വൈറലാകുന്നു. ഫെറോസ അസീസ് എന്ന 17കാരിയാണ് കണ്‍പീലികള്‍ ചുരുളാതിരിക്കുന്നതിനുള്ള പരിശീലനമെന്ന നാട്യേന വിഷയം അവതരിപ്പിച്ചത്. ടിക് ടോക് വിഡിയോ ഇതിനകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്.
ട്വിറ്ററില്‍ ബോധവല്‍ക്കരണത്തിനു ശ്രമിക്കുന്ന ഒരു മുസ്‌ലിം എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഫെറോസ അസീസ് ഈ വിഡിയോ പോസ്റ്റി ഒരു മാസത്തിനു ശേഷം തന്നെ ചൈനയുടെ സാമൂഹ്യമാധ്യമമായ ടിക് ടോകില്‍ നിന്ന് വിലക്കിയിരിക്കുകയാണെന്ന് പറയുന്നു.
വിഡിയോയുടെ തുടക്കത്തില്‍ കണ്‍പീലികള്‍ ചുരുളാതിരിക്കാന്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് എന്നു പറഞ്ഞ് പ്രേക്ഷകരോട് നിങ്ങള്‍ ഇപ്പോഴുപയോഗിക്കുന്ന ഫോണ്‍ ചൈനയില്‍ ഇപ്പോള്‍ നടക്കുന്നത് തിരയാന്‍ ഉപയോഗിക്കുക എന്നു പറയുന്നു. തുടര്‍ന്ന് ചൈന നിരപരാധികളായ മുസ്‌ലിംകളെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ അടയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. അവിടെ മുസ്‌ലിംകള്‍ കുടുംബങ്ങളില്‍ നിന്ന് അകറ്റപ്പെട്ടിരിക്കുകയാണ്. അവരെ തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ക്ക് നിഷിദ്ധമായ പന്നിമാംസം തിന്നാനും മദ്യം കുടിക്കാനും നിര്‍ബന്ധിക്കുന്നു. മതം മാറ്റുകയും ചെയ്യുന്നു. മറ്റൊരു ഹോളോകാസ്റ്റാണിത്. എന്നാല്‍ ആരും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല- വിഡിയോയില്‍ പറയുന്നു.
ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങ്ങില്‍ 10 ലക്ഷത്തിലധികം ഉയിഗൂര്‍ മുസ്‌ലിംകളെ തടവുകേന്ദ്രങ്ങളിലിട്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. എന്നാല്‍ ഇവ തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള വൊക്കേഷനല്‍ പരിശീലനകേന്ദ്രങ്ങളാണെന്നാണ് ചൈന പറയുന്നത്.
ഓരോ വിഡിയോയും നീണ്ട കണ്‍പീലിയുണ്ടാവാന്‍ എന്നു പറഞ്ഞാണ് തുടങ്ങുന്നത്. രണ്ടാമത്തെ വിഡിയോയില്‍ ഉയിഗൂര്‍ മുസ്‌ലിംകളെ സഹായിക്കാന്‍ ചെയ്യാവുന്നതെന്തെന്നാണ് പറയുന്നത്. നമ്മുടെ ശബ്ദത്തിന് പലതും ചെയ്യാനാവും. പ്രായം 18 ആയോ വോട്ടു ചെയ്യാനായില്ലേ എന്നത് വിഷയമല്ല-വിഡിയോയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."