ബിന്‍യാമിന്‍ നെതന്യാഹുവിനെതിരേ അഴിമതിക്കുറ്റം ചുമത്തുന്നു
ടെല്‍അവീവ്: അഴിമതിക്കേസില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹുവിനും ഭാര്യ സാറയ്ക്കുമെതിരേ കുറ്റം ചുമത്താന്‍ പൊലിസിന്റെ ശുപാര്‍ശ. മാധ്യമങ്ങളില്‍ മികച്ച കവറേജ് നല്‍കിയതിനു പകരമായി സ്വകാര്യ ടെലികോം കമ്പനിയായ ബെസെഖിനു സര്‍ക്കാര്‍ ടെന്‍ഡറുകളും ആനുകൂല്യങ്ങളും നല്‍കിയതായാണ് ഇരുവര്‍ക്കുമെതിരായ കുറ്റം.
പൊലിസിന്റെ നിര്‍ദേശമനുസരിച്ച് ഇരുവര്‍ക്കുമെതിരേ കുറ്റം ചുമത്തുന്ന കാര്യം ഇസ്‌റാഈല്‍ അറ്റോണി ജനറലാണ് തീരുമാനിക്കേണ്ടത്. 'കേസ് 4000' എന്ന പേരില്‍ അറിയപ്പെടുന്ന ടെലികോം കുംഭകോണം ഇസ്‌റാഈലില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. നെതന്യാഹുവിനും ഭാര്യയ്ക്കുമെതിരേ അഴിമതി, സാമ്പത്തിക ക്രമക്കേട്, വിശ്വാസലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താന്‍ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
ബെസെഖിനും കമ്പനിയിലെ പ്രധാന നിക്ഷേപകനായ ഷോല്‍ എലോവിച്ചിനും അനുകൂലമായി രാജ്യത്തെ ടെലികോം റെഗുലേറ്ററി ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ ഇരുവരും ഇടപെട്ടിട്ടുണ്ട്. പകരമായി കമ്പനിയുടെ നിയന്ത്രണത്തിലുള്ള ന്യൂസ് പോര്‍ട്ടലുകളില്‍ ദമ്പതികളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നിരവധി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇരുവരെയും കേസില്‍ നിരവധി തവണ പൊലിസ് ചോദ്യംചെയ്തിരുന്നു.
അതേസമയം, അറ്റോണി ജനറല്‍ നെതന്യാഹുവിനെതിരേ കുറ്റം ചുമത്താനിടയില്ലെന്നാണ് രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റു രണ്ട് അഴിമതിക്കേസുകളില്‍ നെതന്യാഹുവിനെതിരേ കുറ്റംചുമത്തണമെന്നു പൊലിസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അറ്റോണി ജനറല്‍ നടപടിയെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."