വ്യാജ താക്കോലുപയോഗിച്ച് മോഷണം: യുവാവ് പിടിയില്‍
സുല്‍ത്താന്‍ബത്തേരി: വ്യാജ താക്കോല്‍ ഉണ്ടാക്കി മൈസൂരുവിലെ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. മാനിക്കുനി തലമുണ്ടകത്തില്‍ ബേബി മോസസാ(24)ണ് മൈസൂരു പൊലിസിന്റെ പിടിയിലായത്. കുപ്പാടി സ്വദേശി നിഖില്‍, പുല്‍പ്പള്ളി സ്വദേശി ബെല്ജിന് എന്നിവരുടെ മൈസൂരുവിലുള്ള എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിയുടെ ഓഫിസില്‍ സൂക്ഷിച്ചിരുന്ന ഏഴു ലക്ഷം രൂപയാണ് ഓഫിസിലെ മുന്‍ ജീവനക്കാരന് കൂടിയായ ബേബി മോസസ് മോഷ്ടിച്ചത്. നിഖിലിന്റെയും ബെല്ജിന്റെയും സ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തോളം കമ്മിഷന് ഏജന്റായി ജോലിചെയ്ത് വന്നയാളാണ് ബേബി മോസസ്. എന്നാല്‍ രണ്ടാഴ്ച മുന്‍പ് ഇയാള്‍ ഇവരോട് തെറ്റിപ്പിരിഞ്ഞ് പോകുകയായിരുന്നു.
വിദ്യാര്‍ഥികളുടെ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ശേഖരിച്ച 7 ലക്ഷം രൂപ ജൂലൈ 22ന് നിഖില്‍ മൈസൂരു ബന്നിമണ്ഡപിലെ ഇവരുടെ ഓഫിസിലെ മേശയുടെ വലിപ്പിനുള്ളില്‍ സൂക്ഷിച്ചിരുന്നു. പിന്നീട് നിഖിലും ബെല്ജിനും നാട്ടിലേക്ക് വരികയും ചെയ്തു. തുടര്‍ന്ന് 28ന് തിരികെ ഓഫിസിലെത്തിയപ്പോഴാണ് മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കപ്പെട്ട വിവരം അറിഞ്ഞത്. ഓഫിസും മേശയും വ്യാജ താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയിരുന്നത്. ഇവര്‍ വിവരം നരസിംഹരാജ പൊലിസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബേബി മോസസ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."