'ക്യാപ്റ്റന്‍' പരാമര്‍ശത്തില്‍ 'ട്വിസ്റ്റ് '
അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി ബന്ധപ്പെട്ടുള്ള മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവിന്റെ 'ക്യാപ്റ്റന്‍' പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍. സിദ്ദുവിന്റെ ഭാഷാ ശൈലി മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയിലാണെന്നും മന്ത്രിസ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് നേതാവും പഞ്ചാബ് ഗ്രാമവികസന മന്ത്രിയുമായ ത്രിപാദി രജീന്ദര്‍ ബജ്വ പറഞ്ഞു.
എല്ലാം പെട്ടെന്നാകണമെന്ന ചിന്തയുള്ളയാളാണ് സിദ്ദു. എന്നാല്‍, കാര്യങ്ങള്‍ സാവധാനത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് സിദ്ദു നടത്തിയതെന്നു സംസ്ഥാന റവന്യൂ മന്ത്രി സുഖ്ബീന്ദ്രന് സിങ് പറഞ്ഞു. അമരീന്ദര്‍ സിങ് ഭരണത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നില്ലെങ്കില്‍ സിദ്ദു രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയാണെന്നും അമീരന്ദര്‍ സിങ് കേവലം സൈനിക ക്യാപ്റ്റന്‍ മാത്രമാണെന്നുമുള്ള സിദ്ദുവിന്റെ പരാമര്‍ശമാണ് വിവാദമായിരുന്നത്.
സിദ്ദുവിനെതിരേ പഞ്ചാബ് പ്രതിപക്ഷമായ അകാലി ദളും രംഗത്തെത്തി. സിദ്ദുവിനെ മനസിലാകുന്നില്ലെന്ന് അകാലി ദള്‍ നേതാവ് മന്‍ജിത് സിങ് പറഞ്ഞു. ചില സമയങ്ങള്‍ അദ്ദേഹം മോദിയെ പുകഴ്ത്തും. ഇപ്പോള്‍ മോദിയെ അക്രമിക്കുകയാണ്. സോണിയാ ഗാന്ധിയെ ഇറ്റാലിയന്‍ മമ്മി എന്നു വിളിച്ചിരുന്നു. ഇപ്പോള്‍ സ്വന്തം മുഖ്യമന്ത്രിക്കെതിരേ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നതെന്നും മന്‍ജിത് സിങ് പറഞ്ഞു.
എന്നാല്‍, പരാമര്‍ശങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അമരീന്ദര്‍ സിങ് അദ്ദേഹത്തിനു പിതാവിനെപ്പോലെയാണെന്നും സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."