'ദിശ ശരിയായിരുന്നില്ല'
ന്യൂഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ തുറന്നടിച്ചു വിരമിച്ച ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ സുപ്രിംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതിയെ നേരായ ദിശയിലൂടെ കൊണ്ടുപോകാന്‍ ദീപക് മിശ്രയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു മാറ്റവുമുണ്ടായില്ല. അന്നു കൊളീജിയത്തില്‍ അംഗങ്ങളായിരുന്ന ചീഫ് ജസ്റ്റിസ് ഒഴികെയുള്ള ഞങ്ങള്‍ നാലു പേര്‍ക്കു മറ്റൊരു വഴിയില്ലാതായതോടെയാണ് വാര്‍ത്താസമ്മേളനം വിളിച്ചു കാര്യങ്ങള്‍ പറയേണ്ടിവന്നതെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജഡ്ജിമാരുടെ ചലനങ്ങള്‍ മാധ്യമങ്ങള്‍ നിരീക്ഷിച്ചിരുന്നു. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വിധത്തിലുള്ള അവബോധം മാധ്യമങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍, ഉച്ചത്തില്‍ കുരയ്‌ക്കേണ്ട തലവന്‍ ഉറക്കത്തിലായിരുന്നു. അതിനാലാണ് ഞങ്ങള്‍ കടിച്ചതെന്നും ജനുവരി 12ലെ വാര്‍ത്താസമ്മേളനത്തെ പരാമര്‍ശിച്ച് അദ്ദേഹം വിശദീകരിച്ചു. അതിനു ശേഷം കാര്യങ്ങളില്‍ പുരോഗതിയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനുവരിയില്‍ ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം വിളിച്ച മുതിര്‍ന്ന നാലു ജഡ്ജിമാരുടെ കൂട്ടത്തില്‍ കുര്യന്‍ ജോസഫുമുണ്ടായിരുന്നു.
വിരമിച്ചതിനു പിന്നാലെ വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ വാര്‍ത്താസമ്മേളനത്തെ അദ്ദേഹം ന്യായീകരിച്ചിരുന്നുവെങ്കിലും ദീപക് മിശ്രയുടെ പേരെടുത്തു പരസ്യമായി വിമര്‍ശിക്കുന്നത് ഇതാദ്യമാണ്. വാര്‍ത്താസമ്മേളനം വിളിച്ച നടപടി നൂറു ശതമാനം ശരിയെന്നായിരുന്നു കഴിഞ്ഞ ദിവസം മറ്റൊരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
ഉന്നത നീതിപീഠങ്ങളില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ ഒരിക്കലും അംഗീകരിക്കില്ല. താഴേതട്ടില്‍ അഴിമതിയുണ്ട്. പക്ഷേ, മേലേ തട്ടില്‍ ഇല്ല. അങ്ങനെയൊരു അനുഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 70 ആയി ഉയര്‍ത്തണം. ജഡ്ജിമാരുടെ അനുഭവസമ്പത്തും നിയമപരിജ്ഞാനവും കേസുകള്‍ വേഗത്തില്‍ അവസാനിപ്പിക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജഡ്ജിയായി കേരളാ ഹൈക്കോടതിയിലാണ് ആദ്യം നിയമിതനായത്. പത്തു വര്‍ഷംകൊണ്ട് അവിടെ 66,000 കേസുകള്‍ കൈകാര്യംചെയ്തു.
മൂന്നു വര്‍ഷം ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി സേവനം ചെയ്തു. അക്കാലത്തു പതിനയ്യായിരത്തോളം കേസുകളും കേട്ടു. പിന്നീടാണ് സുപ്രിംകോടതിയിലെത്തിയത്. സീനിയോറിറ്റിയില്‍ മൂന്നാമനായി വിരമിക്കുമ്പോള്‍ എണ്ണായിരത്തോളം കേസുകളും പരിഗണിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."