ചാംപ്യന്‍സ് ലീഗില്‍ ഗോള്‍ മഴ
ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം ഗോളടി മേളം. മുന്‍നിര ടീമുകളെല്ലാം ഇറങ്ങിയ എട്ട് മത്സരത്തില്‍ 25 ഗോളുകളാണ് ഇന്നലെ പിറന്നത്. നിര്‍ണായക മത്സരത്തില്‍ ജയം കണ്ടെത്തുക എന്ന് ഉദ്ദേശിച്ച് ടീമുകള്‍ കളിച്ചതുകൊണ്ടാണ് കൂടുതല്‍ ഗോളുകള്‍ പിറന്നത്.
ലോകോമോട്ടീവ് 0 - 2 ലവര്‍കൂസന്‍
മോസ്‌കോയില്‍ നടന്ന മത്സരത്തില്‍ ജര്‍മന്‍ ക്ലബായ ബയര്‍ ലവര്‍കൂസനോട് ലോകോമോട്ടീവ് മോസ്‌കോ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു. 11-ാം മിനുട്ടില്‍ റിഫാതിന്റെ കാലില്‍ തട്ടി സെല്‍ഫ് ഗോള്‍ പിറന്നതായിരുന്നു ലോകോമോട്ടീവിന് വിനയായത്. ഗോള്‍ തിരിച്ചടിക്കാനുള്ള ലക്ഷ്യം കാണാതായതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിക്ക് ശേഷം 54-ാം മിനുട്ടില്‍ സ്വന്‍ ബെന്‍ഡറിന്റെ ഗോളിലൂടെ ലെവര്‍കൂസന്‍ ലീഡ് രണ്ട് ഗോളാക്കി ഉയര്‍ത്തി. ഇതോടെ ഗ്രൂപ്പ് ഡിയില്‍ നിന്ന് ലോകോമോട്ടീവിന് എല്ലാ സാധ്യതകളും അവസാനിച്ചു. ഗ്രൂപ്പ് ഡിയില്‍ യുവന്റസ് ഒന്നാം സ്ഥാനത്തും അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും തുടരുന്നു.
ഗലത്സറെ 1 - 1 ക്ലബ് ബ്രഗെ
ഗലത്സറെയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. ഗ്രൂപ്പില്‍ പി.എസ്.ജിയും റയല്‍മാഡ്രിഡും ഉണ്ടെന്നിരിക്കെ ക്ലബ് ബ്രഗെയുടെയും ഗലത്സറെയുടെയും കാര്യങ്ങള്‍ കഷ്ടത്തിലാണ്. ഗ്രൂപ്പില്‍ ക്ലബ് ബ്രഗെ മൂന്നാം സ്ഥാനത്തും ഗലത്സറെ നാലാം സ്ഥാനത്തുമാണുള്ളത്. ഗലത്സറെക്ക് വേണ്ടി 11-ാം മിനുട്ടില്‍ ആദം ബയകും ക്ലബ് ബ്രഗെക്ക് വേണ്ടി 92-ാം മിനുട്ടില്‍ ക്രെപിനും ഗോള്‍ നേടി. ഗോള്‍ നേടിയ തൊട്ടടുത്ത മിനുട്ടില്‍ തന്നെ ക്രെപിനും ക്ലിന്റന്‍ മാട്ടക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചു.
റയല്‍ മാഡ്രിഡ് 2 - 2
പി.എസ്.ജി
തീ പാറിയ മത്സരത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന പി.എസ്.ജി ശക്തമായി തിരിച്ച് വന്ന് സമനില നേടിയാണ് കളംവിട്ടത്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ റയലിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സേമയാണ് 17, 19 മിനുട്ടുകളില്‍ റയല്‍ മാഡ്രിഡിന് വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡുമായി റയല്‍ കളി അവസാനിപ്പിച്ചെങ്കിലും രണ്ടാം പകുതിയില്‍ പി.എസ്.ജി ശക്തമായി തിരിച്ച് വരുകയായിരുന്നു. 81-ാം മിനുട്ടില്‍ കിലിയന്‍ എംബാപ്പെ, 83-ാം മിനുട്ടില്‍ പബ്ലോ സെറാബിയ എന്നിവരാണ് പി.എസ്.ജിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. നിലവില്‍ ഗ്രൂപ്പ് എയില്‍ 13 പോയിന്റുമായി പി.എസ്.ജി ഒന്നാം സ്ഥാനത്തും 8 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്തും തുടുരുന്നു. പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടില്‍ കളിച്ച മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു റയല്‍ പരാജയപ്പെട്ടത്. ഇതിന് പരിഹാരക്രിയ ചെയ്യാന്‍ റയലിന് സാധിച്ചില്ല. എങ്കിലും ചാംപ്യന്‍സ് ലീഗിന്റെ തുടക്കത്തിലെ മോശം ഫോമില്‍ നിന്ന് മാറി മികച്ച പ്രകടനമാണ് ടീം നടത്തിയത്. രാജ്യന്തര ടീമില്‍ നിന്ന് എഴുതിത്തള്ളിയ കരീം ബെന്‍സേമ തന്നെയാണ് ഇന്നലെയും റയലിന്റെ രക്ഷക്കെത്തിയത്.
ടോട്ടനം 4 - 2
ഒളിംപിയാകോസ്
മൗറീഞ്ഞോക്ക് കീഴില്‍ ആദ്യമായി ചാംപ്യന്‍സ് ലീഗിന് ഇറങ്ങിയ ടോട്ടനം ആദ്യം ഞെട്ടി, പിന്നെ ചിരിച്ച് മടങ്ങി. ആറാം മിനുട്ടില്‍ യൂസഫ് അല്‍ അറബിയുടെ ഗോളില്‍ ഒളിംപിയാകോസ് ഒരു ഗോളിന് മുന്നിലെത്തി. ടോട്ടനം ഗോള്‍ മടക്കുന്നതിനിടെ 19-ാം മിനുട്ടില്‍ റൂബന്‍ സെമേഡോയിലൂടെ ഒളിംപിയാകോസിന്റെ രണ്ടാം ഗോളും പിറന്നു. ഇതോടെ ടോട്ടനം പ്രതിരോധത്തിലായി. എന്നാല്‍ ശക്തമായ ആക്രമണമത്തിനൊടുവില്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ഡെലെ അലി ആശ്വാസ ഗോള്‍ നേടി. ആദ്യ പകുതിക്ക് മുമ്പ് സ്‌കോര്‍ 2-1 എന്ന നിലയിലാക്കി. രണ്ടാം പകുതിക്ക് ശേഷം ഉണര്‍ന്ന് കളിച്ച ടോട്ടനത്തിന് വേണ്ടി 50-ാം മിനുട്ടില്‍ നായകന്‍ ഹാരി കെയന്‍ ഗോള്‍ നേടി സമനില പാലിച്ചു. 73-ാം മിനുട്ടില്‍ സെര്‍ജി ഓറിയറിന്റെ ഗോളിന്റെ ടോട്ടനം മുന്നിലെത്തി. ഇതോടെയാണ് സപര്‍സിന് ശ്വാസം നേരെ വീണത്. 77-ാം മിനുട്ടില്‍ നായകന്‍ വീണ്ടും ഗോള്‍ നേടിയതോടെ ഒളിംപിയാകോസിന് മേല്‍ സ്പര്‍സസ് ആധികാരിക ജയം സ്വന്തമാക്കി. ഗ്രൂപ്പ് ബിയില്‍ 10 പോയിന്റുമായി ടോട്ടനം രണ്ടാം സ്ഥാനത്താണിപ്പോള്‍.
മാഞ്ചസ്റ്റര്‍ സിറ്റി 1 - 1 ഷാക്തര്‍
കൂടുതല്‍ ഗോള്‍ പിറക്കുമെന്ന് വിചാരിച്ച മത്സരത്തില്‍ പിറന്നത് രണ്ട് ഗോള്‍ മാത്രം. ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ശാക്തറും തമ്മിലുള്ള മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. 56-ാം മിനുട്ടില്‍ ഗുണ്ടോകനാണ് സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്. 69-ാം മിനുട്ടില്‍ മനോര്‍ സലോമാനാണ് ഷാക്തറിന് വേണ്ടി ഗോള്‍ നേടിയത്.
മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും 11 പോയിന്റുമായി സിറ്റിയാണ് ഗ്രൂപ്പ് സിയില്‍ ഒന്നാമത് നില്‍ക്കുന്നത്. ആറ് പോയിന്റുള്ള ശാക്തര്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
യുവന്റസ് 1 - 0
അത്‌ലറ്റിക്കോ മാഡ്രിഡ്
അത്യന്തം ആവേശകരമായ മത്സരത്തില്‍ പൗളോ ഡിബാലയുടെ ഗോളിലാണ് യുവന്റസ് ജയം സ്വന്തമാക്കിയത്. ചാംപ്യന്‍സ് ലീഗില്‍ ഇരുടീമുകളുടെയും മത്സരം കടുത്ത വാശിയുള്ളതാണ്. ഇതിന് മുമ്പ് ഇരുടീമുകളും മത്സരിച്ചപ്പോള്‍ സിമയോണിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അശ്ലീല ആംഗ്യത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ 13 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്താണിപ്പോള്‍. ഏഴ് പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
ക്രവന 0 - 6 ബയേണ്‍ മ്യൂണിക്ക്
റോബര്‍ട്ട് ലെവന്റോസ്‌കിയുടെ നാലു ഗോളിന്റെ കരുത്തില്‍ എതിരില്ലാത്ത ആറു ഗോളിനായിരുന്നു ബയേണിന്റെ ജയം. ബയേണ്‍ 14-ാം മിനുട്ടില്‍ തുടങ്ങിയ ഗോള്‍ വേട്ട 89-ാം മിനുട്ടിലാണ് അവസാനിച്ചത്. 53, 60, 64, 67 മിനുട്ടുകളിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഗോളുകള്‍ പിറന്നത്.
89-ാം മിനുട്ടില്‍ കോര്‍ട്ടിന്‍ ടോളിസോയും 14-ാം മിനുട്ടില്‍ ലിയോണ്‍ ഗരത്സകയും ബയേണിന് വേണ്ടി ഗോളുകള്‍ കണ്ടെത്തി. ജയത്തോടെ 15 പോയിന്റുമായി ബയേണ്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ 15 മിനുട്ടിനുള്ള നാല് ഗോളുകള്‍ സ്വന്തമാക്കുകയെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കാനും ബയേണ്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് കഴിഞ്ഞു.
അറ്റ്‌ലാന്റ 2 - 0 ഡൈനാമോ സഗ്രബ്
അറ്റ്‌ലാന്റയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ക്രൊയേഷ്യന്‍ ക്ലബായ ഡൈനാമോ സഗ്രബിനെയാണ് അറ്റ്‌ലാന്റ തകര്‍ത്തത്. ചാംപ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റയുടെ ആദ്യ ജയം കൂടിയായിരുന്നു ഇന്നലത്തേത്. ജയിച്ചെങ്കിലും നാല് പോയിന്റുമായി അറ്റ്‌ലാന്റ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണുള്ളത്. മൂന്നാം സ്ഥാനത്തുള്ള സഗ്രബിന് അഞ്ചു പോയിന്റുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."