കേറിവാ മക്കളേ...
സ്വന്തം ലേഖകന്‍
കാഞ്ഞങ്ങാട്: വാ കുഞ്ഞളെ ... കേറിവാ... ഇത് നിങ്ങളെ വീടന്നെ... ഇരുകൈകളും നീട്ടി അതിയാമ്പൂരിലെ യശോദ കലോത്സവത്തിനെത്തിയ പ്രതിഭകളെ സ്വന്തം വീട്ടിലേക്ക് സ്വീകരിച്ചു. വീടുകളില്‍ പ്രതിഭകള്‍ക്ക് താമസസൗകര്യമൊരുക്കി കലോത്സവ ചരിത്രത്തില്‍ നല്ല ആതിഥേയത്വത്തിന്റെ മാതൃക എഴുതിച്ചേര്‍ക്കുകയാണ് കാസര്‍കോട്ടുകാര്‍.
ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലത്തില്‍ നിന്നെത്തിയ വൈഷ്ണവിയും ഗ്രീഷ്മയും കീര്‍ത്തനയുമെല്ലാം കാസര്‍കോട്ടേക്ക് ആദ്യമെത്തുകയാണ്. താമസസൗകര്യത്തെക്കുറിച്ച് പുറപ്പെടുമ്പോള്‍ വലിയ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍, വീടുവിട്ടെത്തിയത് സ്വന്തം വീടുപോലെ തന്നെ മറ്റൊരു വീട്ടിലേക്കായപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസവും അത്ഭുതവും. മുന്‍വര്‍ഷങ്ങളില്‍ സ്‌കൂളുകളിലും ലോഡ്ജുകളിലുമൊക്കെയായിരുന്നു താമസസൗകര്യമൊരുക്കിയിരുന്നത്. എന്നാല്‍, കാസര്‍കോടിന്റെ സ്‌നേഹവും കരുതലും വിരുന്നുകാര്‍ക്ക് പകരുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ വീടുകളിലാണ് താമസസൗകര്യമൊരുക്കിയിരിക്കുന്നത്.
അതിയാമ്പൂര്‍, കാഞ്ഞങ്ങാട് സൗത്ത്, ഐങ്ങോത്ത് എന്നിവിടങ്ങളിലെല്ലാമായി എണ്‍പതോളം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആദ്യദിനം വീടുകളില്‍ താമസക്കാരായി എത്തി. കുട്ടികള്‍ക്കായി കാസര്‍കോടിന്റെ തനത് രുചികളിലുള്ള വിഭവങ്ങളും ഒരുക്കിയിരുന്നു. വീട്ടുമുറ്റങ്ങള്‍ തന്നെ കുട്ടികളുടെ പരിശീലന കേന്ദ്രങ്ങളുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."