താളംതെറ്റിക്കുമോ അപ്പീല്‍
സ്വന്തം ലേഖകന്‍
കാഞ്ഞങ്ങാട്: ജില്ലാതലങ്ങളില്‍ അപ്പീല്‍ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും ജില്ല കടന്ന് സംസ്ഥാനത്ത് എത്തിയത് 280 അപ്പീലുകള്‍.
വിദ്യാഭ്യാസ ഉപഡയരക്ടര്‍ അനുവദിച്ച അപ്പീലുകളുടെ എണ്ണമാണിത്. എന്നാല്‍, കോടതി, ലോകായുക്ത വഴിയുള്ള അപ്പീലുകള്‍ കൂടി എത്തുമ്പോള്‍ മത്സരസമയക്രമം താളംതെറ്റുമോയെന്ന ആശങ്ക സംഘാടകള്‍ക്കുണ്ട്. സംസ്ഥാനതലത്തിലെ അപ്പീലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. മത്സരം അവസാനിച്ചാലുടന്‍ വിധികര്‍ത്താക്കള്‍ മുഴുവന്‍ കുട്ടികള്‍ക്കും ലഭിച്ച ഗ്രേഡുകള്‍ അറിയിക്കും.
മത്സരഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഒരുമണിക്കൂറിനകം അപ്പീല്‍ നല്‍കാം.വിദ്യാര്‍ഥിയുടെ ഒപ്പോടെ 2,500 രൂപ ഫീസടച്ച് ജനറല്‍ കോര്‍ഡിനേറ്റര്‍ക്കോ ജനറല്‍ കണ്‍വീനര്‍ക്കോ അപ്പീല്‍ സമര്‍പ്പിക്കാം. മത്സരാര്‍ഥിയോ ടീം മാനേജരോ ആണ് അപ്പീല്‍ നല്‍കേണ്ടത്. രക്ഷിതാക്കളുടെയും മറ്റ് വ്യക്തികളുടെയും അപ്പീല്‍ സ്വീകരിക്കില്ല.
അപ്പീലില്‍ കലോത്സവം കഴിയുംമുന്‍പ് തീര്‍പ്പുണ്ടാകും. കോടതി ഉത്തരവിലൂടെയോ ജില്ലാതല അപ്പീലിലൂടെയോ സംസ്ഥാന മത്സരത്തിനെത്തുന്നവര്‍ ഹൊസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അപ്പീല്‍ കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടണം. കോടതി ഉത്തരവിലൂടെയോ ജില്ലാതല അപ്പീലിലൂടെയോ സംസ്ഥാന മത്സരത്തിനെത്തുന്നവര്‍ 5000 രൂപ അപ്പീല്‍ ഫീസായി നല്‍കണം. ജില്ലാതലത്തില്‍ മത്സരിച്ച് വിജയിച്ച മത്സരാര്‍ഥിയെക്കാള്‍ സ്‌കോര്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ അപ്പീലിലൂടെ എത്തുന്നവര്‍ക്ക് ഗ്രേഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവയും അപ്പീല്‍ ഫീസായി നല്‍കിയ തുകയും തിരികെ ലഭിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."