പള്ളിയലങ്കാരത്തിന്റെ അതിരുകള്‍
ഖാജാ മുഹ്‌യിദ്ദീന്‍ ഹുദവി
9207037717#
മനുഷ്യന്‍ ജനിച്ചു മരിക്കുന്നതിനിടയില്‍ അവന്‍ ബന്ധപ്പെടുന്ന ഓരോ മേഖലയിലേയും ഓരോ കാര്യങ്ങളും ഏറ്റവും ഉചിതമായി എങ്ങനെ ചെയ്യാം എന്ന് അവയെ ഏറ്റവും അറിയുന്ന പടച്ചവന്‍ പറഞ്ഞു തന്ന വിധിവിലക്കുകളാണ് ഇസ്‌ലാം. അലങ്കാരത്തിനും അതര്‍ഹിക്കുന്ന പ്രാധാന്യം ഇസ്‌ലാം നല്‍കിയിട്ടുണ്ട്.
നല്ല വസ്ത്രവും നല്ല ചെരിപ്പും ധരിക്കുന്നതിലെ വിധി ചോദിച്ച സ്വഹാബിയോട് നബി (സ) പറഞ്ഞത് 'അല്ലാഹു ഭംഗിയുടെ പരമകോടി പുല്‍കിയവനാണ്, ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാണ്' എന്നാണ് (സ്വഹീഹ് മുസ്‌ലിം). മിഅ്‌റാജിന്റെ ചരിത്രം വിശദീകരിക്കുന്നിടത്ത് ഖുര്‍ആന്‍ സ്വര്‍ഗവും അതിന്റെ അത്യാലങ്കാരവും വരച്ചുകാട്ടുന്നു. നിങ്ങള്‍ പള്ളിയിലെ നിസ്‌കാര സമയങ്ങളില്‍ ഭംഗിയാവുക എന്ന ആയത്ത് ഇബാദത്തില്‍ വരെ അലങ്കാരത്തിന്റെ മഹത്വം പറഞ്ഞ് തരുന്നു.
നബികാലത്തെ പള്ളിയലങ്കാരം
അല്ലാഹുവിന് ഭൂമിയില്‍ ഏറ്റവും ഇഷ്ടമുള്ള ഭവനമാണ് പള്ളി. അത് നിര്‍മിക്കുന്നവന് സ്വര്‍ഗ ഭവനം വാഗ്ദാനമുണ്ട്. നബി (സ)യുടെ കാലം മുതല്‍ തന്നെ സഹാബത്തും പിന്നീട് താബിഉകളും മദീനാപള്ളി ആവശ്യാനുസരണം രൂപഭേദം വരുത്തിയതും അലങ്കാരപ്പെടുത്തിയതും കാണാം.
ഹിജ്‌റ ഒന്‍പത് വരെ മദീനാ പള്ളിയില്‍ വിളക്ക് ഉപയോഗിച്ചിരുന്നില്ല. ഈത്തപ്പനപ്പട്ട ചൂട്ടാക്കി തീ കൊളുത്തുകയായിരുന്നു. ഹിജ്‌റ ഒന്‍പതിനാണ് ഫലസ്തീനിലെ ബത്‌ലഹേമില്‍ പാതിരിയായിരുന്ന തമീമുദ്ദാരി (റ) ഇസ്‌ലാം ആശ്ലേഷിക്കുന്നത്. ലോകവും അതിലെ പുതിയ സൗകര്യങ്ങളും ചുറ്റിക്കണ്ട പരിചയം അവര്‍ക്കുണ്ടായിരുന്നു. തമീമുദ്ദാരി (റ) തന്റെ ഭൃത്യരെ പറഞ്ഞയച്ച് ലഭ്യമായിടത്ത്‌നിന്ന് വിളക്ക് കൊണ്ടുവന്ന് പള്ളി അലങ്കരിച്ചു. അല്‍പം കഴിഞ്ഞെത്തിയ തിരുനബി (സ) ഇതുകണ്ട് ആശ്ചര്യപൂര്‍വം ഈ പുണ്യ പ്രവൃത്തി ചെയ്തവരാരെന്ന് തിരക്കി. തന്റെ ഭൃത്യരാണെന്ന് തമീമുദ്ദാരി മറുപടി പറഞ്ഞപ്പോള്‍ പള്ളി പ്രകാശിപ്പിച്ചത് പോലെ നിങ്ങളുടെ പരലോകം അല്ലാഹു പ്രകാശിപ്പിക്കട്ടെ എന്ന് തിരുദൂതര്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു. സന്തോഷത്താല്‍ തിരുനബി (സ) കൂട്ടത്തില്‍ ഫത്ഹ് എന്ന് പേരുള്ള ഭൃത്യന്റെ പേരുമാറ്റി വിളക്ക് എന്നര്‍ഥമുള്ള 'സിറാജ്'എന്ന് മാറ്റി വിളിച്ചു. ഈത്തപ്പനപ്പട്ടകള്‍ ചൂട്ടാക്കി കത്തിച്ച വെളിച്ചത്തിനു പകരം മനോഹരമായി ആളുന്ന വിളക്ക് കൊണ്ടുവന്നപ്പോള്‍ നബി (സ)യുടെ അതിരില്ലാത്ത സന്തോഷം പള്ളിയെ എത്രത്തോളം പ്രകാശപൂരിതമാക്കണം എന്ന് പഠിപ്പിക്കുന്നു. അതിനനുസരിച്ചായിരിക്കുമത്രേ സ്വര്‍ഗത്തില്‍ പകരം ലഭിക്കുന്ന വീടിന്റെ അലങ്കാരം. തിരുദൂതരുടെ അവസാനകാലത്ത് ക്ഷീണം കൂടുതലായി അനുഭവപ്പെട്ടപ്പോള്‍ അതുവരെയുണ്ടായിരുന്ന ചാരുപലകയില്ലാത്ത മിംബര്‍ മാറ്റി പുറംഭാഗം ചാരാന്‍ പാകത്തിലുള്ളത് പണിയാന്‍ തമീമുദ്ദാരിക്ക് തന്നെ നബി (സ) സമ്മതം നല്‍കിയതും കാണാം. കാലത്തിനൊത്ത് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലുള്ള സൗകര്യങ്ങള്‍ പള്ളികളില്‍ വരുത്താവുന്നതാണ് എന്ന് ഈ ചരിത്രം പറഞ്ഞുതരുന്നു.
സ്വഹാബ, താബിഉകളുടെ കാലം
നബി(സ) ക്ക് ശേഷം വന്ന ഖലീഫമാരില്‍ ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നിവരും മദീനാ പള്ളി കാലോചിത ശൈലിയിലേക്ക് മാറ്റിയത് കാണാം. ഈത്തപ്പന മടല്‍ കൊണ്ട് നിര്‍മിച്ചിരുന്ന പള്ളി ചോര്‍ന്നൊലിച്ചപ്പോള്‍ ഉമര്‍ (റ) തൂണുകള്‍ മരത്തില്‍ തന്നെ നിലനിര്‍ത്തി മേല്‍ക്കൂര ഈത്തപ്പനകൊണ്ടും ഇഷ്ടികകൊണ്ടും പുതുക്കിപ്പണിതു. അവര്‍ക്ക് ശേഷം ഉസ്മാന്‍ (റ) പള്ളി വിപുലീകരിച്ചു. ജിപ്‌സവും കൊത്തുപണികളാല്‍ അലംകൃതവുമായ ചുമരുകള്‍, മനോഹരമാക്കപ്പെട്ട കല്‍ തൂണുകള്‍, തേക്ക് കൊണ്ടുള്ള മേല്‍ക്കൂര തുടങ്ങിയവയോടെ ഉസ്മാന്‍ (റ) മസ്ജിദുന്നബവി മോടിയാക്കി. അറേബ്യയില്‍ അക്കാലത്ത് ലഭ്യമല്ലാത്ത ഇറക്കുമതി ചെയ്യുന്ന അമൂല്യമായ തടിയായിരുന്നു തേക്ക്. യാത്രാ ചരക്ക് മാര്‍ഗങ്ങള്‍ ദുസ്സഹമായ കാലത്ത് തേക്ക് കൊണ്ട് നിര്‍മിച്ചുവെങ്കില്‍ ഇന്നത്തേതിലും എത്രയോ സമ്പന്നമല്ലേ ആ അലങ്കാരം. ഇന്നും മുഴുവന്‍ മേല്‍ക്കൂരയും തേക്കില്‍ നിര്‍മിക്കല്‍ കോണ്‍ക്രീറ്റിനേക്കാള്‍ ചെലവ് കൂടുതലാണെന്നത് ചേര്‍ത്ത് വായിക്കണം.
പില്‍ക്കാലത്ത് വന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് ഇതിലേറെ കൊത്തുപണികളാലും മറ്റും അലങ്കരിച്ചു. ഇതിന് പണ്ഡിത ലോകം അംഗീകാരം നല്‍കി. ഇപ്രകാരം മസ്ജിദുല്‍ അഖ്‌സയും അദ്ദേഹം പരിഷ്‌കരിച്ചത് ചരിത്രത്തില്‍ കാണാം.
പരിധിയും നിയന്ത്രണവും
ഏത് കാര്യത്തിലുമെന്ന പോലെ അലങ്കാര കാര്യത്തിലും മതം പരിധിവച്ചിട്ടുണ്ട്. വിശിഷ്യാ ആരാധനാ കര്‍മങ്ങള്‍ക്ക് ഏറ്റവും അനുയോജ്യ സ്ഥലമായ പള്ളി എന്ന നിലയില്‍. നിസ്‌കാരത്തിന്റെ ശ്രദ്ധ തെറ്റുന്ന വിധത്തിലുള്ള അലങ്കാരങ്ങള്‍ ആണെങ്കില്‍ അത് കറാഹത്താണെന്ന് ഇമാം നവവിയും അക്കാരണത്താല്‍ തന്നെ പാടില്ലാത്തതാണെന്ന് അസ്‌കലാനിയും രേഖപ്പെടുത്തിയതായി കാണാം. ഓരോ കാലത്തും കാലോചിതമായിരിക്കും അലങ്കാരത്തിലെ കൗതുകം. യാത്രാസൗകര്യങ്ങളും ടെലിമീഡിയകളും ഇത്ര സജീവമല്ലാതിരുന്ന കാലത്ത് കൗതുകമായിരുന്ന പല കാഴ്ചകളും അത്തരം കാഴ്ചകള്‍ക്ക് മാത്രമായി ചാനലുകള്‍ ഉള്ള ഇക്കാലത്ത് കൗതുകമല്ലാതായിരിക്കുന്നു. ഒരുകാലത്ത് കൗതുകമായി കണ്ടിരുന്ന പള്ളിയിലെ കാര്‍പ്പറ്റുകളുടെ ഭംഗിയില്‍ ഇപ്പോള്‍ നമ്മള്‍ ആശ്ചര്യപ്പെടാറില്ല. ചില കാര്യങ്ങളില്‍ വിധികള്‍ നിര്‍ണയിക്കുന്നത് കാരണ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് (ഇല്ലത്ത്). കാരണ സാഹചര്യമില്ലെങ്കില്‍ ആ വിധിയും നിലനില്‍ക്കില്ലെന്ന കര്‍മ ശാസ്ത്രത്തിലെ അടിസ്ഥാന തത്വം ഇവിടെ കൂട്ടിവായിക്കണം. ഇസ്‌ലാം സര്‍വ സ്ഥലകാലങ്ങളേയും ഉള്‍കൊണ്ട പ്രകൃതിയോട് ഇണങ്ങുന്ന ശൈലിയാണ്. ആയതിനാല്‍ സ്ഥലകാലങ്ങളെ പരിഗണിക്കുന്ന ഉര്‍ഫിന് (നാട്ടുനടപ്പ്) ദീനില്‍ പരിഗണനയുണ്ട്. പക്ഷേ ഒരിക്കലും അത് ശറഇന് എതിരാകരുതെന്ന നിബന്ധനയുണ്ട്.
രണ്ടാമതായി ജൂത ക്രിസ്ത്യാനികള്‍ അവരുടെ ദേവാലയങ്ങള്‍ അലങ്കരിച്ചത് പോലെ അലങ്കരിക്കല്‍ നബി ഗൗരവമായി നിഷിദ്ധമാക്കിയതാണ്. ഇവിടെ അവരുടെ അലങ്കാരം എന്തായിരുന്നുവെന്ന് ചരിത്രത്തില്‍ തേടേണ്ടതുണ്ട്.
ക്രിസ്ത്യന്‍ ദേവാലയാലങ്കാരം
ക്രിസ്തീയ ചരിത്രത്തില്‍ കാണാം, ക്രൈസ്തവ ചരിത്രത്തിലെ ആദ്യ 1600 വര്‍ഷം സഭകള്‍ക്ക് കീഴിലുള്ള വിശ്വാസികള്‍ അധികവും നിരക്ഷരരായിരുന്നു. അവര്‍ക്ക് മതകാര്യങ്ങളും ചരിത്രങ്ങളും വിഷ്വല്‍ ആയി പഠിക്കുന്നതിനും പിന്നീട് ഓര്‍ത്തെടുക്കുന്നതിന്നും മുന്‍കാല മഹാന്മാരും ദൈവദാസന്മാരുമായി വിശേഷിക്കപ്പെട്ടവരുടെ രൂപങ്ങള്‍ വ്യത്യസ്ത ഭാവങ്ങളില്‍ ചര്‍ച്ചുകളുടെ ചുമരുകളിലും മേല്‍ക്കൂരകളിലും വരച്ചുവച്ചിരുന്നു. ചിത്രപ്പണിക്കായി മെറ്റാലിക് സാള്‍ട്ട് കൂട്ടി പ്രത്യേകം രൂപകല്‍പന ചെയ്ത ചില്ലുകള്‍ കൊണ്ട് അലങ്കരിച്ച ജനലുകളായിരുന്നു അധിക പള്ളികളിലും. ഇത്തരത്തിലുള്ള ചില്ലു ആര്‍ട്ടുകള്‍ ഇന്നും ലണ്ടനിലും വത്തിക്കാനിലും നമ്മുടെ നാടുകളിലെ പഴയ ദേവാലയങ്ങളിലും കാണാവുന്നതാണ്.
അവരുടെ ചിത്രങ്ങള്‍ കൊത്തിവയ്ക്കുകയും പ്രതിമകള്‍ നിര്‍മിക്കപ്പെടുകയും ചെയ്ത ഇത്തരത്തിലുള്ള എത്രയോ പ്രതിമകള്‍ ഇന്നും കാണാവുന്നതാണ്.
ചില സഭകളുടെ ഒരു പ്രത്യേക വിശ്വാസത്തിന്റെ ഭാഗമായിരുന്നു അവരുടെ പള്ളികളില്‍ അലങ്കാരമായി ഉണ്ടായിരുന്ന കൊത്തുപണികളും വ്യക്തി പ്രതിമകളും. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ മുഴുവനും ആരാധനയില്‍ ലയിക്കണം അതാണ് അവരുടെ വിശ്വാസം. ഗ്രിഗോറിയന്‍ ചാന്റ്‌സ് (ഏൃലഴീൃശമി രവമിെേ) എന്ന പേരില്‍ അറിയപ്പെടുന്ന രാഗാകമ്പടിയോടെയുള്ള സ്തുതിഗീതം ശ്രവിക്കുന്നതിലൂടെ കേള്‍വിയും തിരുവത്താഴ കൂദാശയും അപ്പവും വീഞ്ഞും സേവിക്കുന്നതിലൂടെ രുചിയും കുന്തിരിക്കത്തിലൂടെ വാസനയും ആരാധനയില്‍ ദൈവത്തില്‍ ലയിക്കുമ്പോള്‍ കാഴ്ചയുടേയും പ്രായംചെന്നവര്‍ക്ക് സ്പര്‍ശനത്തിന്റെയും അനുഭവത്തിനാണ് ശില്‍പങ്ങളും കൊത്തുപണികളും അവരുടെ ചര്‍ച്ചുകളില്‍ സ്ഥാപിക്കുന്നത്. ചിലയിടത്ത് ഇത് ഡിജിറ്റല്‍ വല്‍ക്കരിക്കപ്പെടുന്നുമുണ്ട്. അക്കാലത്തെ ആ അലങ്കാരങ്ങള്‍ ഇക്കാലത്തും പശ്ചാത്യ ചര്‍ച്ചുകളില്‍ ഏറെ കാണാവുന്നതാണ്. വിശുദ്ധ ഹദീസില്‍ അവര്‍ അലങ്കരിച്ചത് പോലെ എന്ന് ഉപമിക്കുമ്പോള്‍ മേല്‍ പറഞ്ഞ ചരിത്രത്തില്‍നിന്ന് പലതും മനസിലാക്കേണ്ടതുണ്ട്.
അവസാന നാളിന്റെ ലക്ഷണമായി ചില ഹദീസുകളില്‍ ജൂത ക്രിസ്ത്യാനികള്‍ അവരുടെ ദേവാലയങ്ങള്‍ മോടി പിടിപ്പിച്ചത് പോലെ നിങ്ങള്‍ പള്ളികള്‍ മോടി പിടിപ്പിക്കുമെന്ന് കാണുന്നത്, മുന്‍ഗാമികളായ പ്രവാചകന്‍മാരുടേയും മഹത്തുക്കളുടേയും ജീവിതാവിഷ്‌കാരങ്ങള്‍ കാര്‍ട്ടൂണായും മറ്റും മുസ്‌ലിംകള്‍ തന്നെ നിര്‍മിച്ചേക്കാമെന്നതിനെ കുറിച്ചാണെന്നാണ് പണ്ഡിത ഭാഷ്യം.
നിഷിദ്ധമാക്കിയ മറ്റൊരു കാര്യം പള്ളികളുടെ നിര്‍മിതിയുടെ വലിപ്പവും ഭൗതിക മികവും പറഞ്ഞ് അഹങ്കരിക്കലാണ്. ഇബാദത്തിന്റെ പൂര്‍ണത പരമമായ വിനയത്തിലാണ്. അഹങ്കാരം സ്വയം കഴിവുണ്ടെവന്ന മിഥ്യയെ കൊണ്ട് നടക്കലും. അങ്ങനെയുള്ള പ്രകടനങ്ങളെ ലോകാവസാന ലക്ഷണമായി ഹദീസുകളില്‍ രേഖപ്പെടുത്തിയത് കാണാം. ഈ രണ്ട് ഹദീസുകളുടേയും ഗൗരവം ചൂണ്ടിക്കാട്ടി അലങ്കാരത്തെ തന്നെ പാടേ ചിലപണ്ഡിതന്മാര്‍ എതിര്‍ത്തത് കാണാം. സമുദായത്തിന്റെ പ്രതാപത്തിനും പ്രൗഢിക്കും അനിവാര്യമായ രൂപത്തില്‍ അലങ്കാരമാകാം. എന്നാലത് അഹങ്കാരത്തിലേക്കും പൊങ്ങച്ചത്തിലേക്കും നയിക്കുന്ന രൂപത്തിലോ ആരാധനയുടെ അന്തസത്തയായ ഭയഭക്തി നശിപ്പിക്കുന്ന രൂപത്തിലോ ആകരുത്. അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികള്‍ ഈ ഒരു അടിസ്ഥാന തത്വത്തിലൊതുങ്ങിനിന്ന് പരിചരിക്കുക തന്നെ വേണം.
അവസാന നാളിന്റെ ലക്ഷണമായി ചില ഹദീസുകളിൽ നസ്രാണി യഹൂദികൾ അവരുടെ ദേവാലയങ്ങൾ മോഡി പിടിപ്പിച്ചത് പോലെ നിങ്ങൾ പള്ളികൾ മോഡി പിടിപ്പിക്കുമെന്ന് കാണുന്നത്, മുൻഗാമികളായ പ്രവാചകൻമാരുടേയും മഹത്തുക്കളുടേയും ജീവിതാവിശ്കാരങ്ങൾ കാർട്ടൂണായും മറ്റും മുസ്ലിങ്ങൾ തന്നെ ഇന്ന് നിർമിക്കുന്നത് ഇന്നത്തെ നമ്മുടെ പള്ളിയിലെ ഗ്ലാസ് എച്ചിങ്ങിലേക്കും ഡീപ്പിങ്ങിലേക്കും ചിത്രങ്ങളായി പടരുമോ എന്ന് ഭയപ്പെടണം
വീടുകളുടെ ഓലതടുക്ക് മാറി വാർപ്പുകളായി, മൺ നിലങ്ങൾ മാറി ടൈൽ തിളക്കങ്ങളായി, മുൾവേലികൾ മാറി കൽ മതിലുകളായി, ഒന്നും രണ്ടും പത്തും നിലകളായി. ലഭ്യമായ സൗകര്യങ്ങൾക്ക് അനുസരിച്ച് വീടുകൾക്ക് അലങ്കാരമുണ്ടാവുമ്പോൾ പള്ളി മാത്രം ഈ നിലവാരത്തിലേക്ക് ഉയരാതെ പഴയതിൽ മങ്ങി നിൽക്കുന്നത് അതിനെ നിന്ദിക്കലല്ലേ. ഈ ശക്തമായ കാഴ്ച്ചപ്പാട് കൊണ്ട് തന്നെയാണ് പള്ളി അലങ്കിരിക്കണം എന്ന് പല പണ്ഡിതരും രേഖപ്പെടുത്തിയത് (ഇഹ്.യ, ഫത്ഹുൽബാരി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."