എസ്.പി.ജി ഭേദഗതി ബില്‍
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനുമിടെ എസ്.പി.ജി ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.
പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രി, പ്രധാനമന്ത്രിയ്‌ക്കൊപ്പം ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് മാത്രമായി എസ്.പി.ജി സുരക്ഷ ചുരുക്കുന്നതാണ് ബില്‍.
ചര്‍ച്ചയ്ക്കിടെ ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ ഒഴിവാക്കിയത് കോണ്‍ഗ്രസ് എടുത്തിട്ടതോടെ സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളും ആഭ്യന്തരമന്ത്രി അമിത്ഷായും തമ്മില്‍ വാക്‌പോരുണ്ടായി. ഒരു കുടുംബത്തിന്റെ സുരക്ഷയില്‍ മാത്രമേ നിങ്ങള്‍ക്ക് ആശങ്കയുള്ളോയെന്നായിരുന്നു അമിത്ഷായുടെ ചോദ്യം.
ചന്ദ്രശേഖര്‍ മുതല്‍ മന്‍മോഹന്‍സിങ് വരെയുള്ളവരുടെ സുരക്ഷ പിന്‍വലിച്ചപ്പോള്‍ നിങ്ങള്‍ക്ക് പ്രതിഷേധമില്ലായിരുന്നു. ഗാന്ധി കുടുംബത്തിന്റെ മാത്രമല്ല, എല്ലാവരുടെയും സുരക്ഷ സര്‍ക്കാരിന്റെ ബാധ്യതയാണ്. കുടുംബത്തിന് ഭീഷണിയുണ്ടോയെന്ന് പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗാന്ധി കുടുംബം അതിനോട് സഹകരിച്ചില്ല.
എന്നിട്ടും പരിശോധനകള്‍ക്ക് ശേഷമാണ് എസ്.പി.ജി സുരക്ഷ ഇസഡ് പ്ലസ് വിഭാഗമാക്കി ചുരുക്കിയത്. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും എസ്.പി.ജി സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റ കണക്കും അമിത്ഷാ ഉദ്ദരിച്ചു.
സോണിയാഗാന്ധി 2015 മെയ്ക്കും 2019നും ഇടയില്‍ 50 സന്ദര്‍ഭങ്ങളില്‍ 1,892 തവണ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചില്ലെന്നും രാഹുല്‍ 2019 ജൂണ്‍ വരെ 247 തവണ ഡല്‍ഹിയില്‍ ബുള്ളറ്റ് പ്രൂഫ് വാഹനമില്ലാതെ സഞ്ചരിച്ചുവെന്നും അമിത്ഷാ ആരോപിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ സുരക്ഷ പിന്‍വലിച്ചപ്പോഴും ഇതെല്ലാം ചെയ്തിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.
എന്നാല്‍ ബില്‍ കൊണ്ടു വരും മുന്‍പ് തന്നെ ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതായി കോണ്‍ഗ്രസിന്റെ മനീഷ് തിവാരി ചൂണ്ടിക്കാട്ടി.
ഭീഷണി വിലയിരുത്തലൊക്കെ പിഴവുകളില്ലാത്ത ശാസ്ത്രീയ സംവിധാനമല്ല. ഒരാള്‍ പ്രധാനമന്ത്രി പദവിയില്‍ നിന്ന് പടിയിറങ്ങിയാല്‍ അയാള്‍ക്കും കുടുംബത്തിനും മേലുള്ള ഭീഷണി പെട്ടെന്ന് ഇല്ലാതാവുമോ. ശത്രുക്കള്‍ അവരുടെ സുരക്ഷ ഇല്ലാതാവുന്ന സമയത്തിനായി കാത്തിരിക്കുന്നുണ്ടാവാം.
മുന്‍പ്രധാനമന്ത്രിമാരുടെ കുടുംബത്തിന് അവസാനം വരെ സുരക്ഷ നല്‍കണമെന്നും മനീഷ് തിവാരി പറഞ്ഞു. ബില്‍ രാജ്യസഭയില്‍ വൈകാതെ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."