ആല്‍പ്‌സ് വിമാനാപകടം: മൃതദേഹം സ്ത്രീയുടേതെന്ന് സംശയം
പാരിസ്: 1950 തുടക്കത്തില്‍ ആല്‍പ്‌സ് പര്‍വതനിരകളില്‍ തകര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരുടേതെന്ന് സംശയിക്കുന്ന ശരീരഭാഗം സ്ത്രീയുടേതെന്ന് നിഗമനം. കഴിഞ്ഞ ദിവസം കണ്ടെത്തിയ ശരീര ഭാഗം സ്ത്രീയുടേതായിരിക്കുമെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തുന്ന ഡാനിയല്‍ റോച്ചെ ബോസ്‌റ്റോണ്‍ എന്ന സ്വിസ് ഗവേഷകന്‍ പറഞ്ഞു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവായ ഹോമി ജെ ഭാഭയുടെ മരണവും ഈ വിമാനാപകടത്തിലായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
വിമാനാപകട അവശിഷ്ടങ്ങളില്‍ ഗവേഷണം നടത്തുന്ന റോച്ചെയെന്ന ഗവേഷകനാണ് മൃതദേഹത്തിന്റെ ഭാഗവും വിമാന എന്‍ജിനും കണ്ടെത്തിയത്. ആല്‍പ്‌സ് പര്‍വത നിരയിലെ മോബ്ലാ മഞ്ഞുമലയില്‍ നടത്തിയ തിരച്ചിലിലാണ് ഒരു കൈയും സ്ത്രീയുടേതെന്ന് തോന്നുന്ന കാലിന്റെ മുകള്‍ഭാഗവും റോച്ചെ കണ്ടെത്തിയത്. ശരീരാവിഷ്ടങ്ങള്‍ കണ്ടെത്തിയത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമാണെന്ന് റോച്ചെ പറയുന്നു. ഇതോടൊപ്പം വിമാനത്തിന്റെ നാലു ജെറ്റ് എന്‍ജിനുകളിലൊന്നും കണ്ടെടുത്തിട്ടുണ്ട്.
മോബ്ലാ ഭാഗത്തു തന്നെ 1950ല്‍ എയര്‍ ഇന്ത്യയുടെ ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് മഞ്ഞുമലയില്‍ ഇടിച്ചു തകര്‍ന്ന് 48 പേര്‍ മരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ 1966ലെ വിമാന യാത്രക്കാരുടേതാകാനാണു സാധ്യതയെന്നാണ് റോച്ചെ പറയുന്നത്. ശരീര ഭാഗങ്ങള്‍ പരിശോധനക്കയച്ചിരിക്കുകയാണ്.
1966 ജനുവരി 24നാണ് ഹോമി ജെ ഭാഭയും 11 മലയാളികളും അടക്കം 117 പേര്‍ മരിച്ച വിമാനാപകടം ഉണ്ടാവുന്നത്. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യയുടെ കാഞ്ചന്‍ജംഗ ബോയിങ് 707 വിമാനമാണ് അപകടത്തില്‍ പെട്ടത്. മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം ജനീവയിലെത്തുന്നതിന് തൊട്ടുമുമ്പ് അപകടം സംഭവിക്കുകയായിരുന്നു. അതിനിടയില്‍ ഡല്‍ഹിയിലും ബെയ്‌റൂത്തിലും വിമാനമിറങ്ങിയിരുന്നു.
വിയന്നയില്‍ നടക്കുന്ന രാജ്യാന്തര അറ്റോമിക് എനര്‍ജി ഏജന്‍സി യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ഹോമി ഭാഭയുടെ യാത്ര. ഭാഭയെ വധിക്കാനായി അമേരിക്ക വിമാനം ബോംബ് വച്ച് തകര്‍ക്കുകയായിരുന്നുവെന്ന് സി.ഐ.എ ചാരന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ആണവ പദ്ധതികള്‍ മരവിപ്പിക്കുന്നതിനായിരുന്നു അത്. എന്നാല്‍ പൈലറ്റിന്റെ ഭാഗത്തുണ്ടായ പിഴവാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."